ന്യൂഡൽഹി: അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടെലിവിഷനിൽ നിന്നും പ്രമുഖ മാധ്യമപ്രവർത്തക ശ്വേത കോത്താരി രാജിവച്ചു. കോൺഗ്രസ് എംപി ശശി തരൂരൂമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള മാനസിക പീഡനത്തിൽ മനംമടുത്താണ് താൻ രാജിവയ്ക്കുന്നതെന്ന് ശ്വേത കോത്താരി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറുമായി സഹകരിച്ച് അർണാബ് ഗോസ്വാമി തുടങ്ങിയതാണ് റിപ്പബ്ലിക് ചാനൽ. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ നിരന്തരം വാർത്തകൾ നൽകുന്നത് റിപ്പബ്ലിക് ടിവിയാണ്.

ശ്വേത, ശശി തരൂരിന് വേണ്ടി രഹസ്യങ്ങൾ ചോർത്തുന്ന ചാരയാണെന്നാണ് റിപ്പബ്ലിക് ടി.വി അധികൃതരുടെ ആരോപണം. ശ്വേതയെ തരൂർ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ടെന്നതാണ് ഇതിന് കാരണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ശ്വേത വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ, ഓഗസ്റ്റ് 30ന് റിപ്പോർട്ടിങ് മാനേജർ എന്നെ വിളിപ്പിച്ചു (അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല) ശ്വേതയെ തരൂർ അയച്ചതാണെന്ന് അർണാബ് സംശയിക്കുന്നു.

അതിന് കാരണം മറ്റൊന്നുമല്ല തരൂർ ശ്വേതയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്. ചേഞ്ച്.ഓർഗിൽ വർഷങ്ങൾക്ക് മുമ്പ് തരൂരിനെ ഒരു വിഷയത്തിൽ പിന്തുണച്ചതും സംശയമായി ഉന്നയിച്ചു. ഇതോടെ പ്രശ്‌നം തുടങ്ങി. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരതി ഞാൻ തരൂരിന്റെ ചാരയാണെന്ന ആരോപണം ഉന്നയിച്ചത് ഈ റിപ്പോർട്ടിങ് മാനേജർ തന്നെയാണെന്ന് സഹപ്രവർത്തകർ പറഞ്ഞു. വിഷയം അർണബിന് മുന്നിൽ എത്തിച്ചതും ഇയാളാണ്.

തരൂരിൽ നിന്നും പണം വരുന്നുണ്ടോ എന്നറിയുന്നതിന് എന്റെ സാമ്പത്തിക സ്രോതസും അവർ അന്വേഷിച്ചു. തന്റെ ട്വിറ്റർ കവർ പിക്ചറിലെ കവിത പോലും അവർക്ക് പ്രശ്നമായിരുന്നെന്നും ശ്വേത കൂട്ടിച്ചേർത്തു. ഞാൻ ഇതുവരെ തരൂരിനെ കാണുകയോ ബന്ധപ്പെടുകയോ കാണുകയോ ചെയ്തിട്ടില്ല. മാനസിക പീഡനം അതിരു കവിഞ്ഞപ്പോൾ അർണബുമായി തന്നെ ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. എന്റെ കൂറും വിശ്വാസ്യതയുമെല്ലാം ചോദ്യം ചെയ്യപ്പെട്ടു. ആരിൽ നിന്നും ഒരു പ്രതികരണവുമുണ്ടായില്ല.

ഒടുവിൽ ജോലി രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ശ്വേത ഫെയസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. റിപ്പബ്ലിക് ടി.വിയിൽ തന്റേത് ഒറ്റപ്പെട്ട അനുഭവമല്ലെന്നും അവർ കൂട്ടിച്ചേർത്തു. അർണാബിന്റെ ഏകപക്ഷീയ ചർച്ചകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരാറുണ്ട്. എന്തിനും നീതിയും ന്യായവും പറയുന്ന അർണാബിന്റെ സംശയ രോഗത്തിൽ അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ചർച്ചയും സജീവമാണ്.