ഭോപ്പാൽ: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരെ കേസെടുത്ത് ഭോപ്പാൽ പൊലീസ്. ഭോപ്പാലിലെ ഷിംല ഹിൽസ് പൊലീസാണ് കേസ് രേഖപ്പെടുത്തിയത്. ഐപിസി 295(എ) വകുപ്പ് പ്രകാരമാണ് കേസ്. നടിയെ ഉടനെ തന്നെ അറസ്റ്റ് ചെയ്യും.

പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശമാണ് നടിയെ വിവാദത്തിലാക്കിയത്. മേരേ ബ്രാ കി സൈസ് കി ഭഗവാൻ ലേ രഹേ ഹെ (എന്റെ ബ്രായുടെ അളവെടുക്കുന്നത് ഭഗവാനാണ്) എന്ന നടിയുടെ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്.

നടിയുടെ പരാമർശം ദൈവനിന്ദയാണെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് ഭോപ്പാലിൽ ശ്വേത തിവാരി വാർത്താസമ്മേളനത്തിനിടെ വിവാദ പ്രസ്താവന നടത്തിയത്. രോഹിത് റോയ്, ദിഗംഗാന സൂര്യവൻഷി, സൗരഭ് രാജ് ജെയിൻ എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കൾ. ഫാഷൻ പശ്ചാത്തലമായിട്ടാണ് വെബ് സീരീസ് ഒരുങ്ങുന്നത്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ മേരേ ബ്രാ കി സൈസ് ഭഗവാൻ ലേ രഹേ ഹെ എന്ന് ശ്വേത പറയുന്ന വീഡിയോയാണ് വൈറലായത്.

 

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തി. മഹാഭാരതം സീരിയലിൽ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റർ റോളിൽ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപേണ സൂചിപ്പിച്ചതാണ് നടി. നടിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഭോപ്പാൽ എസ്‌പിക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് കേസെടുത്തത്. നടിയെ ഉടൻ അറസ്റ്റ് ചെയ്യും. പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നേടാൻ സാധിക്കും. എന്നാൽ കോടതിയിൽനിന്ന് തുടർ നടപടികൾ ഉണ്ടായേക്കുമെന്ന് കൊട്വാലി എസിപി ബിട്ടു ശർമ്മ ദേശീയ മാധ്യമത്തോട് പറഞ്ഞു. നടിയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കു വഴി വച്ചിരുന്നു. സോനു പ്രജാപതി എന്ന ഭോപ്പാൽ നിവാസിയാണ് പരാതി നൽകിയത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് നടിക്കെതിരെ ചുമത്തിയത്.