വൈക്കം: ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിലെ കാരണം അജ്ഞാതം. മറവൻതുരുത്ത് പഞ്ചായത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണു മരിച്ചത്. ശ്യാമിന്റെ വീട്ടിലെ 2 മുറികളിലായി തൂങ്ങി മരിച്ച നിലയിലായിരുന്നു.

പെയ്ന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും 5 മാസം മുൻപാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. അയൽവാസികൾ കൂടിയായിരുന്നു ശ്യമും അരുണിമയും. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മാവന്റെ കാർ തല്ലിപ്പൊളിച്ചതിന് ശ്യാമിനെതിരെ പരാതിയുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം.

ശ്യാമിന്റെ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിൽ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിന് ശരത്ത് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. മരണത്തിൽ ആർക്കും പങ്കില്ലെന്ന ഒരു കത്ത് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

എസ്‌ഐ അജ്മൽ ഹുസൈന്റെ നേതൃത്വത്തിൽ വൈക്കം പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. കുലശേഖരമംഗലം യശോദഭവനത്തിൽ സന്തോഷിന്റെയും രശ്മിയുടെയും മകളാണ് അരുണിമ. ഏക സഹോദരൻ കാശിനാഥൻ.