- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാന്റും ഷർട്ടും ഇട്ട് വീട്ടിൽ നിന്ന് ജോലിക്ക് പോവുകയും തിരിച്ചെത്തുകയും ചെയ്ത മകൻ; സാമൂഹിക നീതി വകുപ്പിന്റെ ഓഫീസിൽ എത്തിയപ്പോൾ കണ്ടത് സ്ത്രീ വേഷം ധരിച്ച ശ്യാമയെ! ശ്യാമയും മനുവും ഒന്നാകുമ്പോൾ ഈ അമ്മയുടെ മുഖത്ത് സ്നേഹവും സന്തോഷവും മാത്രം
തിരുവനന്തപുരം: 'ഞാൻ ഇപ്പോൾ ഏറെ സന്തോഷവതിയാണ്, എന്റെ മകന്റെ സന്തോഷമാണ് എന്റെ സന്തോഷം'' ട്രാൻസ്ജൻഡർമാരായ ശ്യാമയുടെയും മനുവിന്റെയും വിവാഹശേഷം മാധ്യമങ്ങളോട് ശ്യാമയുടെ അമ്മ പറഞ്ഞ വാക്കാണിത്.
രണ്ട് ആൺമക്കളിൽ ഒരാൾക്ക് വന്ന മറ്റം തുടക്കത്തിൽ ഏറെ പ്രയാസമാണ് ശ്യാമയുടെ അമ്മയ്ക്കുണ്ടാക്കിയത്. മകനിലുണ്ടായ ഈ മാറ്റം സമൂഹം എങ്ങനെ നോക്കികാണും എന്ന ഭയമായിരുന്നു ആ അമ്മയ്ക്കും. ഇത് കാരണം നിരവധി തവണ ശ്യാമയുടെ അമ്മയ്ക്ക് ശാരീരികാസ്വസ്തതകൾ മൂലം ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. മറ്റുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാക്കുകളാണ് ശ്യാമിന് വേണ്ട പിന്തുണ നൽകാൻ അമ്മയെ പ്രേരിപ്പിച്ചത്.
തുടക്കത്തിൽ ശ്യാമ അമ്മയൊട് എല്ലാം ഒളിപ്പിച്ച് വച്ചാണ് പെരുമാറിയിരുന്നത്. തന്റെ മകന് ഇത്തരത്തിൽ ഒരുമാറ്റം ഉണ്ടെന്ന് ആ അമ്മ അറിയുന്നത് നാട്ടുകാരിൽ നിന്നുമാണ്.ശ്യാമിനെ സ്ത്രീവേഷങ്ങളിൽ പലപ്പോഴായി കണ്ടുവെന്നാണ് നാട്ടുകാർ അമ്മയോട് പറഞ്ഞത്. തുടക്കത്തിൽ നാട്ടുകാർ പറഞ്ഞത് ആ അമ്മയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം ശ്യാമ പാന്റ്സും ഷർട്ടും ധരിച്ചാണ് വീട്ടിൽനിന്നും പുറത്ത് പോകുന്നതും തിരിച്ചെത്തുന്നതും.
ഒരു ദിവസം തനിക്ക് ശാരീരികബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സാമൂഹിക നീതി ഓഫീസിൽ എത്തിയപ്പോഴാണ് ശ്യാമിനെ വീട്ടിൽ നിന്ന് ഇറങ്ങുന്ന രീതിയിലല്ലാതെ ആദ്യമായി അമ്മ കാണുന്നത്. ആ ഒരു കാഴ്ച വലിയ ഷോക്കാണ് ആ അമ്മയിൽ ആദ്യം ഉണ്ടാക്കിയത്. അന്ന് തനിക്കുണ്ടായ വിഷമം ഇന്ന് ആ അമ്മയ്ക്കില്ല. തന്റെ മകന്റെ സന്തോഷങ്ങൾക്കൊപ്പം നിൽക്കുന്ന അമ്മ അന്നും ഇന്നും ഒരേ രീതിയിൽ തന്നെയാണ് ശ്യാമയെ കാണുന്നത്.
വിവാഹകാര്യം അറിഞ്ഞപ്പോഴും അതിനെ എതിർക്കാതെ മകന്റെ സന്തോഷങ്ങൾക്കൊപ്പം തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു ശ്യാമയുടെ അമ്മ. വീട്ടുകാരെ സുരക്ഷിതമായി നല്ലനിലയിൽ എത്തിച്ച ശേഷമെ വിവാഹത്തിലേക്ക് കടക്കൂ എന്ന് ശ്യാമയും മനുവും നേരത്തെ പറഞ്ഞിരുന്നു. അന്ന് പറഞ്ഞിരുന്ന വാക്ക് പാലിച്ചശേഷമാണ് ശ്യാമ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. ശ്യാമ സ്വന്തം ചെലവിൽ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി പുതിയ വീട് നിർമ്മിച്ച് നൽകിയതിന്റെയും മകന്റെ വിവാഹം കഴിഞ്ഞതിന്റെയും ഇരട്ടി സന്തോഷം ഇന്നാ അമ്മയ്ക്കുണ്ട്.
പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്നവർ. 2017ൽ തുറന്നുപറഞ്ഞ പ്രണയം. ഒടുവിൽ വർഷങ്ങൾക്കിപ്പുറം ട്രാൻസ്‌ജെൻഡർ വ്യക്തിത്വങ്ങളായ ശ്യാമയും മനുവും പ്രണയദിനത്തിൽ ഒന്നാവുകയായിരുന്നു. രണ്ടു വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിനായി പ്രണയദിനം ഇരുവരും മനഃപൂർവം തിരഞ്ഞെടുത്തതല്ല. ജ്യോത്സൻ നിശ്ചയിച്ച് നൽകിയ തീയതിയും സമയവുമാണ്. ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഇവരുടെ തീരുമാനം. മുൻപും ട്രാൻസ് വ്യക്തികൾ വിവാഹം ചെയ്തിട്ടുണ്ട്. എന്നാൽ രേഖകളിലെ ആൺ, പെൺ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള വിവാഹത്തിന് നിയമസാധുത ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 2019-ലെ ട്രാൻഡ്ജെൻഡർ ആക്ടിലും വിവാഹത്തെപ്പറ്റി പരാമർശമില്ല. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ ലിംഗസ്വത്വം ഉപയോഗിച്ചുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.
ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്‌സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമായ ശ്യാമ എസ്. പ്രഭ തിരുവനന്തപുരം സ്വദേശിയാണ്.