- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകത്തിന് തൊട്ടുപിന്നാലെ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കൊലയാളി സംഘം അബുദാബിയിൽ കുടുങ്ങി; ബിസിനസ് പങ്കാളി ഹാരിസിന്റെയും മാനേജർ ഡെൻസിയുടെയും കൊലയുടെ ആസൂത്രണം ഷൈബിൻ അഷ്‌റഫ് നാട്ടിൽ നിന്ന്; കൂടത്തായി മോഡൽ കൊല നടത്തിയ മാസ്റ്റർ ക്രിമിനൽ
മലപ്പുറം: മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യന്റെ കൊലപാതകം നടത്തിയ ഷൈബിൻ അഷ്‌റഫ് മാസ്റ്റർ ക്രിമിനലെന്ന് തെളിഞ്ഞു. കൂടത്തായിയിലെ ജോളി മോഡൽ കൊലപാതക പരമ്പരയാണ് ഷൈബിൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഒരുയുവതിയെ അടക്കം മൂന്നുപേരെ ഷൈബിൻ വകവരുത്തിയെന്ന് വെളിപ്പെടുത്തിയത് ക്വട്ടേഷൻ സംഘം തന്നെയാണ്. ബിസിനസ് പങ്കാളി കോഴിക്കോട് കുന്നമംഗലം സ്വദേശി ഹാരിസ്, മാനേജർ ചാലക്കുടി സ്വദേശിനി ഡെൻസി ആന്റണി എന്നിവരെയും കൊലപ്പെടുത്തിയത് ഷൈബിൻ നിയോഗിച്ച ക്വട്ടേഷൻ സംഘമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഷൈബിൻ അഷ്റഫിനെതിരേ പൊലീസ് പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹാരിസിന്റെയും യുവതിയുടെയും മരണം കൊലപാതകമാണെന്ന് നേരത്തെ തന്നെ സംശയമുയർന്നിരുന്നു. ഹാരിസിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ബ്ലൂപ്രിന്റുകളും വീഡിയോ തെളിവുകളും പുറത്തുവന്നിരുന്നു. വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ ഷൈബിൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ തെളിവുകൾ പുറത്തുവന്നത്.
ഷൈബിൻ പിടിയിലായതോടെ ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ സംഭവം നടന്നത് വിദേശത്തായതിനാൽ കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. തുടർന്ന് കുടുംബം കോടതിയെ സമീപിക്കുകയും സംഭവത്തിൽ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു.
ആത്മഹത്യ എന്ന് അബുദാബി പൊലീസ് വിധിയെഴുതി
2020 മാർച്ച് അഞ്ചിനാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു യുവതിയെയും ഇവിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഡെൻസി ആന്റണിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന് വരുത്തിതീർക്കാനാണ് ഷൈബിനും കൂട്ടാളികളും ശ്രമിച്ചത്. ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്‌തെന്നാണ് അബുദാബി പൊലീസ് തീർപ്പുതൽപ്പിച്ചത്. എന്നാൽ ഷൈബിനും കൂട്ടാളികളും മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായതിനു പിന്നാലെയാണ് തെളിവുകൾ ഓരോന്നായി പുറത്തുവന്നത്.
ഹാരിസിനെ അബുബാബി പൊലീസിൽ, കേസിൽ കുടുക്കാനായിരുന്നു ഷൈബിന്റെയും സംഘത്തിന്റെയും ആദ്യ പദ്ധതി. മാരകമായ ലഹരി മരുന്ന് ഹാരിസിന്റെ ഫ്‌ളാറ്റിൽ ഒളിപ്പിച്ച് വച്ച് കുടുക്കാനായിരുന്നു നീക്കം. പിന്നീട് ഹാരിസിനെ മാത്രമല്ല, മാനേജർ ഡെൻസി ആന്റണിയെയും വകവരുത്താൻ തീരുമാനിച്ചു. തന്റെ മുന്നുമക്കളെ ഓർത്ത് വെറുതെ വിടണമെന്ന ഡെൻസിയുടെ അപേക്ഷ ഒന്നും ക്വട്ടേഷൻ സംഘം കേട്ടതായി ഭാവിച്ചില്ല. ഷൈബിൻ നാട്ടിലിരുന്ന് ക്വട്ടേഷൻ സംഘത്തിന് നിർദ്ദേശങ്ങൾ നൽകി. ഡെൻസിയെ വകവരുത്തിയ ശേഷം ഹാരിസിന്റെ കൈകൾ കെട്ടി ഡെൻസിയുടെ കഴുത്തിൽ ഹാരിസിന്റെ വിരലുകൾ അമർത്തിയാണ് തെളിവുണ്ടാക്കിയത്. ഹാരിസിന്റെ വായിൽ ബലം പ്രയോഗിച്ച് മദ്യം ഒഴിച്ചു. എല്ലാം ചെയ്തത് ഹാരിസ് ആളെന്ന് വരുത്തി തീർക്കാൻ ഹാരിസിന്റെ രക്തക്കറയുള്ള ചെരുപ്പ് ഉപയോഗിച്ച് മുറിയിലൂടെ നടന്നു. ഹാരിസിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം ശുചിമുറിയിൽ തള്ളിയിട്ട് കൊല്ലുകയായിരുന്നു.
എന്നാൽ, കൊലപാതകം നടത്തിയതിന് പിന്നാലെ എട്ടംഗ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായില്ല. കാരണം കോവിഡ് കാരണമുള്ള ലോക് ഡൗൺ. രണ്ടുമാസം ഫ്‌ളാറ്റിൽ സംഘം കുടുങ്ങി. ക്വട്ടേഷൻ സംഘം അബുദാബിയിൽ താമസിച്ചതാകട്ടെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ അടുത്ത ബന്ധു വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലായിരുന്നു. ബന്ധു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് സംഘത്തെ ഏൽപ്പിച്ച ശേഷം നാട്ടിലേക്ക് പോന്നു.എട്ടംഗ സംഘത്തിലെ ഓരോ അംഗത്തിനും പ്രത്യേക ചുമതലകൾ ഷൈബിൻ നൽകിയിരുന്നുവെന്നും പൊലീസ് പറയുന്നു.
പ്രശ്‌നമായത് ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം
ഹാരിസിന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു.
കൂടാതെ, ഗൾഫിൽ ബിസിനസ് പങ്കാളികളായിരുന്നു ഇരുവരും. ഭാര്യയുമായുള്ള ബന്ധം കയ്യോടെ പിടിച്ചതിനെ തുടർന്ന് തെറ്റിയ ഹാരിസിനെതിരെ ഷൈബിൻ നേരത്തെ ക്വട്ടേഷൻ നൽകിയിരുന്നുവെന്ന് ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു. ഹാരിസിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് നീതി വേണമെന്നും അവർ ആവശ്യപ്പെട്ടു. ഭാര്യ നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ഹാരിസ് പറയുമായിരുന്നു.
അതിനിടെ, നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം മൂന്നുപേർ കൂടി കസ്റ്റഡിയിലായി. പാരമ്പര്യ വൈദ്യനായ ഷാബാ ഷരീഫിനെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായിട്ടുള്ളത്. ഇവരെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
മറുനാടന് മലയാളി ബ്യൂറോ