കണ്ണൂർ : ചെറുപുഴ കെഎസ്ഇബി ഓഫീസിൽ നിന്നും മൊബൈൽ ഫോണുകളും കാറിന്റെ താക്കോലും മോഷ്ടിച്ച പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു.

നിരവധി മോഷണ കേസുകളിലെ പ്രതിയായ ചെറുപുഴ ആയന്നൂരിലെ പൊന്മലകുന്നേൽ ഷൈജു ജോസഫാ (28) ണ് അറസ്റ്റിലായത്. തിരുമേനി റോഡിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി ഓഫീസിൽ കഴിഞ്ഞ 17ന് പുലർച്ചെയാണു മോഷണം നടന്നത്.

അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈന്മാൻ കോലുവള്ളിയിലെ ജോമോന്റെ മൊബൈൽ ഫോൺ, കാറിന്റെ താക്കോൽ, ഓഫീസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ എന്നിവയാണ് മോഷണം പോയത്. മോഷ്ടിച്ച താക്കോൽ ഉപയോഗിച്ചു കാർ തുറക്കാൻ ശ്രമിക്കവെ അലറാം മുഴങ്ങിയതോടെ ജീവനക്കാർ ഉണർന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കെഎസ്ഇബി അധികൃതർ ചെറുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ചെറുപുഴ എസ്‌ഐ എംപി. ഷാജി, ഗ്രേഡ് എസ്‌ഐ സുരേഷ്‌കുമാർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.