- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2006ൽ വിഎസിനെ മുഖ്യമന്ത്രിയാക്കിയത് അണികളുടെ പ്രക്ഷോഭവും കേന്ദ്രത്തിലെ കരുത്തും; ശൈലജയ്ക്ക വിനയാകുന്നത് പിബിയുടെ ദുർബലതയും; ടീച്ചറമ്മയെ വേദനിപ്പിച്ച് പുറത്താക്കുമ്പോൾ സന്തോഷിക്കുന്നത് രണ്ടാമനും മൂന്നാമനും; പിണറായിക്ക് കാര്യങ്ങൾ എളുപ്പമാക്കിയത് കോടിയേരിയുടേയും ബേബിയുടേയും മോഹങ്ങൾ; ശൈലജയ്ക്ക് ഇനി വിശ്രമകാലം
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് 2006 നിയമസഭാ സീറ്റ് നിഷേധിച്ചപ്പോൾ അണികൾ തെരുവിൽ ഇറങ്ങി. അങ്ങനെ 2006ൽ വി എസ് സ്ഥാനാർത്ഥിയായി. മുഖ്യമന്ത്രിയും. വി എസിന് അന്ന് സീറ്റ് നിഷേധിച്ചതും തലമുറ മാറ്റത്തിന്റെ പേരിലായിരുന്നു. എന്നാൽ അത് അണികൾ അനുവദിച്ചില്ല. ഇന്ന് അതേ തന്ത്രത്തിന്റെ ഇരയാണ് കെകെ ശൈലജയും. വി എസ് വെട്ടിയൊതുക്കുമ്പോൾ അതിശക്തരായിരുന്നു സിപിഎം കേന്ദ്ര നേതൃത്വം. അതുകൊണ്ട് അണികളുടെ മനസ്സറിഞ്ഞ് തിരുത്തൽ ഉണ്ടായി. ശൈലജയുടെ കാലത്ത് പിബി ദുർബ്ബലവും. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ ഈ തീരുമാനം മാറില്ല. അങ്ങനെ കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകുകയാണ് ശൈലജ ടീച്ചർ.
സോഷ്യൽ മീഡിയയിൽ ശൈലജയ്ക്കായുള്ള ഇടപെടൽ സജീവമാണ്. ശൈലജയെ മന്ത്രിസഭയിൽ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ഹാഷ്ടാഗുകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി. അഭിനേതാക്കളായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, സംവിധായിക ഗീതു മോഹൻദാസ്, ഗായകൻ വിധു പ്രതാപ് ഉൾപ്പെടെയുള്ളവരും ഈ ആവശ്യവുമായി രംഗത്തെത്തി. പാർട്ടിയുടെ തീരുമാനത്തിന് ഒരു നീതീകരണവുമില്ലെന്നായിരുന്നു പാർവതിയുടെ പ്രതികരണം. ശൈലജ മന്ത്രിസഭയിൽ നിന്ന് പോകുന്നതിൽ പ്രയാസമുണ്ടെന്ന് ശശി തരൂർ എംപി കുറിച്ചു. പക്ഷേ ഇതൊന്നും സിപിഎം സംസ്ഥാന നേതൃത്വം കേൾക്കില്ല.
കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയും അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളും പിണറായിയെക്കാൾ വലിയ രാഷ്ട്രീയ എതിരാളിയായി കാണുന്നത് ശൈലജ ടീച്ചറിനെയാണ്. ഭാവിയിൽ ഉയർന്നു വരാനുള്ള കോടിയേരിയുടേയും ബേബിയുടേയും ആഗ്രഹങ്ങൾക്കും കരുത്ത് പകരുന്നതാണ് ശൈലജയുടെ മന്ത്രിസഭയിൽ നിന്നുള്ള പുറത്തു പോകൽ. ശൈലജയ്ക്ക് വേണ്ടി വാദിക്കും എന്ന് ഏവരും കരുതിയത് ബേബിയെന്ന നേതാവാണ്. ഭാവിയിൽ ശൈലജ മുഖ്യമന്ത്രിയായി ഉയർന്നാൽ അവസാനിക്കുക തങ്ങളുടെ രാഷ്ട്രീയ സാധ്യതയാണെന്ന് ബേബി അടക്കമുള്ള തിരിച്ചറിഞ്ഞു. ഇതോടെ ക്യാപ്ടൻ പിണറായിക്ക് കാര്യങ്ങൾ എളുപ്പമായി. ടീച്ചറെ വെട്ടിമാറ്റുകയും ചെയ്തു.
എംഎൽഎയായി രണ്ടാം ടേമിലാണ് തുടർച്ചയായി ശൈലജ ടീച്ചർ. അതുകൊണ്ട് തന്നെ അടുത്ത തവണ അവർക്ക് എംഎൽഎയായി മത്സരിക്കാനുള്ള സാഹചര്യം പോലും കിട്ടില്ല. അങ്ങനെ മുഖ്യമന്ത്രിയാകാനുള്ള അവരുടെ സാധ്യതകളും അടയ്ക്കുന്നതാണ് ഈ രാഷ്ട്രീയ തീരുമാനം. ശൈലജയെ ഒഴിവാക്കിയതിൽ ഇടത് അനുഭാവികൾക്കിടയിലും സൈബർ ഗ്രൂപ്പുകളിലും പ്രതിഷേധം അതിശക്തമാണ്. സൈബർ ഇടങ്ങളിൽ സിപിഎമ്മിനെ ശക്തമായി അനുകൂലിക്കുന്ന 'പോരാളി ഷാജി', 'പിജെ ആർമി' എന്നീ പേജുകൾ 'കോപ്പ്' എന്ന ഒറ്റ വാക്ക് മാത്രം പോസ്റ്റ് ചെയ്താണ് പ്രതിഷേധം അറിയിച്ചത്.
പിന്നാലെ വിശദമായ കുറിപ്പെത്തി 'കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതു പോലെ ടീച്ചറെയും തിരികെ വിളിക്കണം.' 'മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നെങ്കിൽ മരണസംഖ്യ വർധിക്കുമായിരുന്നു. ഒരു പക്ഷേ, തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മ മനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണ്.' ടീച്ചർക്ക് ഒരു അവസരം കൂടി കൊടുത്തു കൂടേ എന്ന പോസ്റ്ററും ഇതിനൊപ്പം പങ്കുവയ്ക്കപ്പെട്ടു.
പി.ജയരാജനെ അനുകൂലിക്കുന്ന 'പിജെ ആർമി' നടത്തിയ ഇടപെടലുകൾ മുൻപും പാർട്ടി നേതൃത്വത്തിന് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. തോമസ് ഐസക് മത്സരിക്കാത്തതും ശൈലജ ടീച്ചർ മന്ത്രിയാവാത്തതും മോശം തീരുമാനമാണെന്നും ജനഹിതത്തിന് വില കൽപ്പിക്കാത്തതുകൊണ്ടാണ് ഇവ മോശം തീരുമാനങ്ങളാവുന്നതെന്നും ശാസ്ത്ര സാഹിത്യപരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദൻ സമൂഹമാധ്യമത്തിൽ കുറിച്ചു. എഴുത്തുകാരൻ മനു എസ്. പിള്ള, തമിഴ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മീന കന്തസ്വാമി സംവിധായകൻ രഞ്ജിത് ശങ്കർ, നടൻ വിനീത് ശ്രീനിവാസൻ, ഗായിക സയനോര, ടിവി അവതാരക രഞ്ജിനി ഹരിദാസ് എന്നിവരും ശൈലജയ്ക്കായി രംഗത്തെത്തി.
ഭാവി വനിതാ മുഖ്യമന്ത്രിയെന്നു വരെ വിശേഷിപ്പിക്കപ്പെട്ട നേതാവാണ് ശൈലജ. അവർ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തതിലെ കാര്യക്ഷമത എൽഡിഎഫ് സർക്കാരിനു തുടർഭരണം കിട്ടിയതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ശൈലജയെ മട്ടന്നൂരിൽ മത്സരിപ്പിക്കുന്നതിൽ അതൃപ്തി ഉള്ളിൽ കൊണ്ടു നടന്ന നേതാക്കളിൽ ചിലരാണ് മന്ത്രിയാവാതിരിക്കാൻ ചരടു വലിച്ചതെന്നാണു പ്രചരിക്കുന്നത്. എന്നാൽ മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നു കെ.കെ. ശൈലജ പറയുന്നു.
''വ്യക്തിയല്ല, സംവിധാനമാണു മുഖ്യം. ഞാൻ പൂർണ സംതൃപ്തയാണ്. ഇതൊക്കെ പാർട്ടിയിൽ സാധാരണമാണ്. പാർട്ടി തീരുമാനമാണ്, വളരെ സന്തോഷം. പാർട്ടി തീരുമാനിച്ചിട്ടാണ് ഒരു തവണ മന്ത്രിയായത്. കഴിയാവുന്നിടത്തോളം നന്നായി ആ ഉത്തരവാദിത്തം നിർവഹിച്ചു.''-അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ