കൊല്ലം: കൊട്ടിയം ഇത്തിക്കര കൊച്ചു പാലത്തിന് സമീപം റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ യുവാവിനെ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സഹോദരിയുംഭർത്താവും സുഹൃത്തും അറസ്റ്റിലായി. മദ്യം കുടിപ്പിച്ച ശേഷം ഇയാളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കാറിൽ കൊണ്ടുവന്നു റോഡരികിൽ തള്ളുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി ഭർത്താവ് ഓച്ചിറ കുറുങ്ങപ്പള്ളി കാർത്തികയിൽ രഞ്ചിത്ത് (29), ഇയാളുടെ ഭാര്യ ദേവു(28)ഓച്ചിറ കൊറ്റ മ്പള്ളി താതര വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ഗോപകുമാർ (43) എന്നിവരാണ് പൊലീസിന്റെ പിടിയിലായത് ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചേയാണ് വവ്വാക്കാവ്.കുലശേഖരപുരം കുറുങ്ങപ്പള്ളി സുൽഫി മൻസിലിൽ വാടകക്ക് താമസിക്കുന്ന സുരേന്ദ്രന്റെ മകൻ ഷൈമോൻ (25) നെ ഇത്തിക്കര കൊച്ചു പാലത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.

മദ്യപിച്ച് വീട്ടിലെത്തി സഹോദരിയെ ശല്യം ചെയ്യുന്നതിനാലാണ് ഇയാളെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്.ഇതിനായി പലർക്കും ക്വട്ടേഷൻ നൽകിയെങ്കിലും ആരും തയ്യാറാകാത്തതിനെ തുടർന്ന് 50,000 രൂപ നൽകിയാൽ താൻ കൊല നടത്താമെന്ന് ഗോപകുമാർ രഞ്ചിത്തിനോട് പറയുകയും അതിനുള്ള പദ്ധതികൾ തയ്യാറാക്കുകയുമായിരുന്നു.ഇതനുസരിച്ച് കർക്കടക വാവ് ദിവസം കൊല്ലപ്പെട്ട ഷൈമോന് പലപ്പോഴായി മദ്യം നൽകിയ ശേഷം കണ്ണന്റെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിടിയിലായ പ്രതികൾ പൊലീസിനോട് പറഞ്ഞു.

ഷൈമോന്റെ മുണ്ട് ഉപയോഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയതുകൊല്ലപ്പെട്ട ഷൈമോന്റെ മൃതദേഹംകാറിൽ കയറ്റി ദേശീയപാതയിൽ ആളൊഴിഞ്ഞ ഇത്തിക്കരയിലെ കൊച്ചു പാലത്തിനടുത്തെത്തി റോഡിൽ ഉപേക്ഷിച്ചു കടക്കുകയായിരുന്നു. പിറ്റേന്ന് വിവരമറിഞ്ഞെത്തിയ ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം തിരുവനന്തപു രം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം അറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാത്രിയിൽ ഒരു കാർ സംഭവസ്ഥലത്തു നിന്നും പോയതായി വിവരം ലഭിച്ചിരുന്നു. അടുത്തുള്ള വീട്ടിലെ സി.സി.ടി.വി.യിൽ നിന്നും കാറിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇതാണ് പ്രതികൾ പിടിയിലാകാൻ കാരണമായത്.

കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട ഷൈമോന്റെ പോക്കറ്റിൽ നിന്നും മദ്യം വാങ്ങിയതിന്റെ ബില്ലിന്റെ ഒരു ഭാഗവും ഒരു സ്വർണ ചെയിനും ലഭിച്ചിരുന്നു. മദ്യം വാങ്ങിയ ബില്ലിന്റെ ഒരു ഭാഗം മൃതദേഹം ഉപേക്ഷിക്കാനായി കൊണ്ടുവന്ന കാറിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ സ്വർണ ചെയിൻ ഒന്നാം പ്രതിയായ ഗോപകുമാറിന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷൈമോന്റെ മൃതദേഹവുമായി വന്ന കാറിൽ സഹോദരി ദേവുവുമുണ്ടായിരുന്നു. മരിച്ചത് ഷൈമോനാണെന്നറിഞ്ഞപ്പോൾ ഇയാളുടെ കൈയിൽ നിന്നും ലഭിച്ച സ്വർണ ചെയിൻ സഹോദരി ദേവു വിന്റെ താണെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ ചെയിൻ പ്രതിയായ കണ്ണന്റെതാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്നാണ് കണ്ണനെ പൊലീസ് പിടികൂടിയത്. ഇത്തിക്കരയിൽ മൃതദേഹം ഉപേക്ഷിച്ചിട്ടു പോകുമ്പോഴാണ് മരിച്ച ഷൈമോന്റെ മുണ്ട് കാറിനുള്ളിൽ കാണപ്പെട്ടത്.ഇത് ഇത്തിക്കര പാലത്തിൽ നിന്നും താഴേക്ക് ഇട്ടെങ്കിലും പാലത്തിന്റെ കൈവരിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. മരിച്ചത് ഷൈമോ നാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഷൈമോന്റെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് ഷൈമോനെക്കുറിച്ച് മോശമായ അഭിപ്രായപ്രകടനം നടത്തിയതും സംശയത്തിന് കാരണമാക്കി.പൊലീസിന്റെ പിടിയിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ജില്ലാ പൊലീസ് മേധാവി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ ചാത്തന്നൂർ എ .സി .പി .ജവഹർ ജനാർദ്, കൊട്ടിയം സിഐഅജയ് നാഥ്, ചാത്തന്നൂർ എസ്.ഐ നിസാർ, പൊലീസ് ഉദ്യോഗസ്ഥരായ അശോക് കുമാർ, ഹരിലാൽ, ബിനോയ്, സുനിൽകുമാർ, ഷാജി, സന്തോഷ്, വനിതാ സി.പി.ഓ സുജി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളെ വെള്ളിയാഴ്ച കോടതിയിൽഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.സംഭവം നടന്നത് ഓച്ചിറ പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാൽ തുടർ അന്വേഷണത്തിനായി കേസ്‌കരുനാഗപ്പള്ളി പൊലീസിന് കൈമാറുമെന്ന് ചാത്തന്നൂർ എ സി.പി. ജവഹർ ജനാർദ് പറഞ്ഞു.