കൊച്ചി : സ്‌കൂൾ വിദ്യാർത്ഥിയായ പതിനാലുകാരനു നേരെ പൊലീസ് ഇൻസ്‌പെക്ടറുടെ ക്രൂരമർദ്ദനം. വരാപ്പുഴ ചിറമ്മേൽ സ്റ്റാൻലിയുടെ മകൻ അഖിലാണ് വരാപ്പുഴ എസ് ഐ ഷാരോണിന്റെ മർദ്ദനത്തിന് ഇരയായത്.

മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻലിയുടെ ഭാര്യ ശോഭന വരാപ്പുഴ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിനാസ്പദമായ സംഭവം.ഏഴു വർഷത്തോളമായി സ്റ്റാൻലിയും ഭാര്യ ശോഭനയുമായി അകന്നുകഴിയുകയാണ്. അതിനാൽ മകൻ അഖിൽ ഇരുവരുടെയും താമസസ്ഥലങ്ങളിൽ മാറി മാറി താമസിച്ചുവരികയാണ്.

എന്നാൽ അഖിൽ അച്ഛൻ സ്റ്റാൻലിയോടൊപ്പം സ്ഥിരമായി താമസിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്. ഇതേ തുടർന്ന് ഒന്നരവർഷത്തോളമായി വിദ്യാർത്ഥിയായ അഖിൽ അച്ഛനോടൊപ്പം കഴിഞ്ഞുവരികയാണ്.

കഴിഞ്ഞ ദിവസം ശോഭന പൊലീസിനു നൽകിയ പരാതിയെ തുടർന്നാണ് സ്റ്റാൻലിയെയും മകനെയും എസ് ഐ സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയത്. അമ്മ ശോഭനയുടെ കൂടെപോകാൻ അഖിലിനെ എസ് ഐ നിർബന്ധിച്ചു. എന്നാൽ അച്ഛന്റെകൂടെ നിൽക്കാനാണ് തനിക്ക് താല്പര്യമെന്ന് പറഞ്ഞ അഖിലിനെ എസ് ഐ ഷാരോൺ കഴുത്തിലും കയ്യിലും മർദ്ദനമേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു. പറഞ്ഞതനുസരിച്ചില്ലെങ്കിൽ നിന്നെയും നിന്റെ കൂട്ടുകാരെയും കേസിൽപ്പെടുത്തി അകത്താകുമെന്നും ഭീഷണിപ്പെടുത്തുകയും മേലിൽ സ്‌റ്റേഷൻ പരിസരത്ത് കണ്ടാൽ അച്ഛന്റെയും മകന്റെയും നട്ടെല്ല് ചവിട്ടി ഓടിക്കുമെന്ന് സബ് ഇൻസ്‌പെക്റ്റർ ഷാരോൺ പറഞ്ഞതായി പറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലും പിതാവ് സ്റ്റാൻലിയും പറഞ്ഞു.

ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചൊവ്വാഴ്‌ച്ച രാത്രി ഒമ്പതോടെയാണ് അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊങ്ങോർപ്പിള്ളി വിശ്വദീപ്തി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് അഖിൽ. പൊലീസ് മർദ്ദനത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് സ്റ്റാൻലി പറഞ്ഞു. വിദ്യാർത്ഥിക്കെതിരെ അക്രമം നടത്തിയ വരാപ്പുഴ എസ് ഐ ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൽ ഡി എഫ് പറവൂർ മണ്ഡലം ഭാരവാഹികളായ ടി ആർ ബോസും കെ എം ദിനകരനും ആവശ്യപ്പെട്ടു.