തിരുവനന്തപുരം: എസ്‌ഐയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ ശരവണ ജംഗ്ഷന് സമീപം സാഗരം വീട്ടിൽ ശ്യാംകുമാർ (54) നെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വിഭാഗത്തിൽ എസ്‌ഐ ആയി പ്രവർത്തിച്ച് വരികയായിരുന്നു. നടുവേദനയെ തുടർന്ന് മെഡിക്കൽ ലീവിലായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ 6.45 ഓടെയാണ് ശ്യാമിനെ തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ കണ്ടത്. നട്ടെല്ലിന് അസുഖം ബാധിച്ചതിനെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നടുവേദന കലശലായതിനെ തുടർന്ന് ഇന്ന് പുലർച്ചെയും സമീപത്തെ ആശുപത്രിയിൽ ചികിത്സതേടിയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

പരസഹായത്തോടെ ജീവിക്കാൻ വയ്യെന്ന നിലയിൽ നടുവേദനയുടെ ബുദ്ധിമുട്ടുകൾ വിവരിച്ച് ശ്യാംകുമാറെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. അസുഖത്തെതുടർന്ന് ലീവെടുത്ത് കഴിഞ്ഞ കുറച്ച് നാളായി തിരുവനന്തപുരത്ത് വീട് വാടകയ്‌ക്കെടുത്ത് താമസമാക്കിയിരുന്ന ശ്യാം കുമാർ രോഗം ഭേദമാകാത്തതിനെ തുടർന്ന് ഒരുമാസം മുമ്പാണ് കല്ലറയിലെ വീട്ടിലേക്ക് പോയത്. ഭാര്യ: ബിന്ദു. മക്കൾ: അപ്പു ബി.ശ്യാം, അമ്മു ബി.ശ്യാം. പാങ്ങോട് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ- ബിന്ദു. മക്കൾ: അപ്പു ബി. ശ്യാം, അമ്മു ബി. ശ്യാം.