തിരുവനന്തപുരം: ഓരോ തവണയും അജിത്തിന്റേയും കൂട്ടരുടേയും വാക്ക് വിശ്വസിച്ച് ഞങ്ങൾ പിടിച്ച് നിന്നു. പറഞ്ഞ തീയതിയിൽ നിന്നും ആറ് തവണ മാറ്റി പറഞ്ഞിട്ടും ഫ്ളാറ്റിന്റെ പണി നിന്നേടത്തു തന്നെയാണ്. ഇനി ഞങ്ങൾക്ക് ഇത് സഹിക്കാൻ പറ്റില്ലെന്ന അവസ്ഥയിലെത്തിയപ്പോഴാണ് പരാതിയുമായി മുന്നോട്ട് പോയത്. അയാൾ പറഞ്ഞ എല്ലാ ന്യായീകരണങ്ങളും ക്ഷമയോടെ ഞങ്ങൾ കേട്ടു ഇനി പറ്റില്ല' തിരുവനന്തപുരം നഗരത്തിലെ എസ്ഐ ഹോംസിന്റെ ഗ്രീൻ ഹിൽ ഹെയ്റ്റ്സ് എന്ന ഫ്ളാറ്റ് പറഞ്ഞ സമയം കഴിഞ്ഞ് നാല് വർഷമായിട്ടും പൂർത്തിയാക്കി ലഭിക്കാത്തതിനെതുടർന്ന് പരാതി നൽകിയ ശുശീൽ സാമുവേൽ എന്ന ലോക ബാങ്ക് ഉദ്യോഗസ്ഥന്റെ വാക്കുകളാണിത്. അജിത്തിലും കമ്പനിയിലും ഇനി ഒട്ടും വിശ്വാസമില്ലാത്തതുകൊണ്ട് തന്നെയാണ് കേസ് കൊടുത്തതെന്നും പരാതിക്കാരൻ മറുനാടൻ മലായാളിയോട് പറഞ്ഞു.

തലസ്ഥാനത്തെ ഫ്ളാറ്റ് തട്ടിപ്പിൽ എസ്ഐ ഹോംസ് മാനേജിങ്ങ് ഡയറക്ടർ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. 14 കോടിയോളം രൂപയുടെ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ അജിത്തിന്റെ വാക്കുകൾ പലപ്പോഴും പല വഴിക്കാണെന്നും പരാതിക്കാർ പറയുന്നു. ഫ്ളാറ്റ് നിർമ്മാണം തുടങ്ങിയത് മുതൽ ഓരോ ഘട്ടത്തിലും ഓരോ കള്ളങ്ങളാണ് അജിത്തും കൂ5ട്ടരും പറയുന്നത്. 2010 ഒക്ടോബർ നവംബർ കാലഘട്ടത്തിലാണ് എസ്ഐ ഹോംസിന്റെ ഗ്രീൻ ഹിൽ ഹെയ്റ്റ്സ് എന്ന ഫ്ളാറ്റ് നിർമ്മാണം ആരംഭിച്ചത്. 39 ആളുകളാണ് ഇവിടെ ഫ്ളാറ്റ് വാങ്ങുന്നതിനായി പണം മുടക്കിയത്. ആദ്യ ഗഡുവായി 10 ലക്ഷം രൂപയോളമാണ് നൽകിയത്. ഓരോ നിലയുടേയും സ്ലാബിങ്ങ് ജോലി പുരോഗമിക്കുമ്പോൾ 5 ശതമാനം വീതം അടയ്ക്കണമെന്നും പറഞ്ഞിരുന്നു. ഇത്തരത്തിൽ 10 നിലകളുടെ സ്ലാബിങ് വർക്കുകൾ പൂർത്തിയാക്കിയതല്ലാതെ മറ്റൊരു പണിയും ഈ ഫ്ലാറ്റിൽ ചെയ്തിട്ടില്ലെന്നും പരാതിക്കാർ പറയുന്നു.

48 ലക്ഷം രൂപ വിലവരുന്ന ഫ്ളാറ്റിൽ 90 ശതമാനത്തോളം പണം എല്ലാവരും നൽകുകയും ചെയ്തു. 2013 സെപ്റ്റംബർ 30ന് പണി പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും അത് ഉണ്ടായില്ല. പണി നേരിൽ കാണാനായി നാട്ടിലെത്തിയ തങ്ങൾ ഞെട്ടിപ്പോയെന്നും പരാതിക്കാരൻ പറയുന്നു. ഒരു കോൺഗ്രീറ്റ് അസ്ഥികൂടമാണ് അവിടെ കണ്ടത്. സ്ളാബുകൾ കൊണ്ടുള്ള മേൽക്കൂരയല്ലാതെ ഒന്നും തന്നെ ചെയ്തിട്ടില്ല. ഫ്ളാറ്റുകളുടെ മുറികൾ തിരിക്കുകയോ പ്ളാസ്റ്റർ ചെയ്യുകയോ ലിഫ്റ്റുകൾ പിടിപ്പിക്കുകയോ ഒന്നും തന്നെ ചെയ്തിരുന്നില്ല. സാധാരണ ഗതിയിൽ നിർമ്മാണം പുരോഗമിക്കുന്ന ഏതൊരു ഫ്ളാറ്റിലും 2, 3 നിലകളുടെ സ്ലാബിങ് കഴിയുമ്പോൾ തന്നെ മുറികൾ തിരിക്കുന്ന പണി ആരംഭിക്കും പക്ഷേ ഇവിടെ അത് സംഭവിച്ചിട്ടില്ല.

പണി പുരോഗമിക്കാത്ത കാരണം ആദ്യം ചോദിച്ചപ്പോൾ പറഞ്ഞത് മറ്റ് ചില വർക്ക് സൈറ്റിൽ നിന്നും സാധനങ്ങൾ എത്തിക്കുന്നതിലും മറ്റും വന്ന ഒരു പിശക് കൊണ്ടാണ് കാലതാമസം എന്നും ഉടൻ തന്നെ പരിഹരിക്കുമെന്നുമാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതിൽ മാറ്റമില്ലെന്ന് കണ്ട് വീണ്ടും സമീപിച്ചപ്പോഴും ഉടമസ്ഥരുടെ വാക്ക് പാലിക്കപ്പെട്ടില്ല. പിന്നീട് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആസോസിയേഷന് പരാതി നൽകുകയായിരുന്നു. ഇതിന്റെ ചെയർമാൻ അജിത് തോമസ് എബ്രഹാം എന്ന ബിൽഡറെ നേരിട്ട് വിളിച്ച് വരുത്തി കാര്യങ്ങൾ തിരക്കിയ ശേഷം എപ്പോൾ ഫ്ളാറ്റ് കൈമാറാനാകും എന്ന് ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാതെ വന്നപ്പോൾ ചർച്ച പരാജയപ്പെട്ടുവെന്ന റിപ്പോർടാണ് ചെയർമാൻ നൽകിയത്.

ഫ്ളാറ്റിന് പണം മുടക്കിയ മറ്റുള്ളവരെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ അത് പറഞ്ഞ് നൽകാനാകില്ലെന്നും തങ്ങളുടെ ട്രേഡ് സീക്രട്ടാണെന്നുമാണ് ഇവർ നൽകിയ മറുപടി. പിന്നീട് ഇതിൽ ചിലരെ കണ്ടെത്തി അജിത്തുമായി പല മീറ്റിങ്ങുകൾ നടത്തിയെങ്കിലും ഒന്നിനും ഫലം കണ്ടില്ലെന്നും ശുശീൽ സാമുവേൽ പറയുന്നു. ഇങ്ങനെ നടന്ന ഓരോ മീറ്റിങ്ങുകളിലും വിചിത്രമായ ന്യായങ്ങളാണ് അജിത് പറഞ്ഞ് കൊണ്ടിരുന്നതെന്നും കാര്യങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ നൈപുണ്യം ഉപയോഗിച്ച് വേഗത്തിൽ പറയുമ്പോൾ വിശ്വാസ്യത നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു. പാറപ്പൊടി കിട്ടാനില്ല, സിമന്റ് വരുന്നില്ല, ദുബൈയിൽ എണ്ണ ക്ഷാമമാണ് അതുകൊണ്ട് പല ബില്ലുകളും മാറിയിട്ടില്ല, നോട്ട് പിൻവലിച്ചത് തിരിച്ചടിയായി എന്നീ മുട്ടാപോക്ക് ന്യായങ്ങളാണ് ഓരോ തവണയും പറഞ്ഞുകൊണ്ടിരുന്നത്.

മിനഞ്ഞാന്ന് ഇയാളെ വീണ്ടും വിളിച്ച് വരുത്തി വീണ്ടും ചർച്ചകൾ നടത്തി. കഴിഞ്ഞ തവണ വന്നപ്പോൾ പറഞ്ഞത് 2018 മാർച്ചിൽ കെട്ടിടം പൂർത്തിയാക്കി കൈമാറാമെന്നാണ്. എന്നാൽ ഇപ്പോഴും പണി തുടങ്ങാതിരുന്നപ്പോളാണ് വിളിച്ച് വരുത്തിയത്. മിനഞ്ഞാന്ന് നടത്തിയ ചർച്ചയിൽ അജിത് തോമസ് നിരത്തിയ വാദങ്ങൾ പരാതിക്കാരെ ചൊടിപ്പിക്കുന്ന തരത്തിലായിരുന്നു. ഒക്ടോബറിൽ എനിക്ക് ഒരു ഫിനാൻസിയർ പണം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ റെഗുലേറ്ററി ആക്റ്റിന്റെ നൂലാമാലകളൊക്കെ ഒന്നു മാറി കിട്ടി അയാൾ പണം തരികയാണെങ്കിൽ ഞാൻ 2018 അവസാനത്തോടെ പണി പൂർത്തിയാക്കാം പക്ഷേ അതിന് പണം കിട്ടണം എന്ന മറുപടിയാണ് കേസുമായി മുന്നോട്ട് പോകാൻ പരാതിക്കാരെ പ്രേരിപ്പിച്ചത്.

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മാത്രം 33 പേർ പരാതിയുമായെത്തി. 13 കോടിയുടെ തട്ടിപ്പാണ് ഇങ്ങനെ ഉണ്ടായതെന്നാണ് പൊലീസ് അറിയിച്ചത്. നേരത്തേ പരാതി ഉയർന്നതിനെ തുടർന്ന് ഒത്ത് തീർപ്പ് ചർച്ചകൾ നടന്നിരുന്നു. ഒത്ത് തീർപ്പിൽ അവസാന ഡേറ്റ് നൽകിയിരുന്നെങ്കിലും ആ അവധിയും അവസാനിച്ചതോടെ നിക്ഷേപകർ പരാതിയുമായെത്തുകയായിരുന്നു. ഇതെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതലും വിദേശ മലയാളികളാണ് ഫ്‌ളാറ്റിനായി പണം നൽകിയത്. തിരുവനന്തപുരം നഗരത്തിലെ കുടപ്പനകുന്നിൽ പണിയുന്ന ഫ്‌ളാറ്റിലാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി നൽകാത്തതിനെ തുടർന്ന് പരാതിക്കാർ പൊലീസിനെ സമീപിച്ചത്.

പണി പുരോഗമിക്കുന്നതനുസരിച്ച് വിവിധ ഗഡുക്കളായി പണം കെട്ടിട നിർമ്മാണത്തിന് കൈമാറിയതായാണ് പരാതിക്കാർ നൽകുന്ന സൂചന.വിദേശത്ത് നിന്നുള്ള സമ്പാദ്യം മുഴുവൻ നാട്ടിൽ ഒരു വീട് എന്ന സ്വപ്നത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് കുരുക്കിലായത്. പലരും നാട്ടിൽ ബാങ്കുകളിൽ നിന്നും ഭവന വായ്‌പ്പയെടുത്ത ശേഷം വിദേശത്ത് അധ്വാനിക്കുന്ന പണം വായ്പ തിരിച്ചടയ്ക്കുന്നവരാണ്. ഫ്ളാറ്റ് ലഭിക്കാത്തിനാൽ വിദേശത്തുനിന്നും മടങ്ങിയവർ വാടകവീടുകളിൽ താമസിക്കുകയാണ് ഇപ്പോഴും.