തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ സ്‌കൂളിലെ ഇടപെടലിൽ കേരളാ പൊലീസിന് കൈയടിക്കാം. മുഖ്യമന്ത്രിയേയും രക്ഷിച്ചു അതിക്രമിച്ച് കയറാനെത്തിയ ആളേയും പൊലീസ് സംരക്ഷിച്ചു. ഇതാവണം പൊലീസ്. പൂവച്ചൽ സ്‌കൂളിൽ പൊലീസിന് ഇന്നലെ ഇരട്ട റോൾ ആയിരുന്നു ഇരട്ട ചങ്കന്റെ പൊലീസിന്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിച്ചയാളെ തടയുന്നതായിരുന്നു ആദ്യ ഇടപെടൽ. അതേ വ്യക്തിയെ പ്രതിഷേധക്കാരനാണെന്നു സംശയിച്ച് മറ്റുള്ളവർ മർദിക്കാതെ സംരക്ഷിച്ച് രണ്ടാം ആക്ഷൻ. രണ്ടു വിജയമായി.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ എത്തിയ ആളെന്ന് കരുതി സ്‌കൂൾ അങ്കണത്തിൽ ഉണ്ടായിരുന്നവർ ഇയാൾക്കു നേരെ തിരിഞ്ഞപ്പോൾ അരുവിക്കര എസ്‌ഐ കിരൺ ശ്യാം അയാളുടെ ദേഹത്തു വീണുകിടന്നാണ് മർദനത്തിൽനിന്നു രക്ഷിച്ചത്. തീർത്തും വേറിട്ട ഇടപെടൽ. അതുകൊണ്ട് മാത്രം അയാൾക്ക് അടികൊണ്ടില്ല. സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഉദ്ഘാടനമായി 53 സ്‌കൂളുകൾ നാടിനു സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു സംഭവം. പൂവച്ചൽ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളായിരുന്നു വേദി. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് ഒരാൾ 'ഒരു കാര്യം പറയാനുണ്ട്' എന്ന് ഉറക്കെപ്പറഞ്ഞ് അപ്രതീക്ഷിതമായി വേദിക്കരികിലേക്കെത്തിയത്.

മുൻകൂർ അനുമതിയില്ലാതെ പൊതുവേദിയിൽ മുഖ്യമന്ത്രിയോടു സംസാരിക്കണമെന്ന ആവശ്യവുമായെത്തിയയാളാണ് പ്രശ്‌നമായത്. പിന്നാലെയെത്തിയ പാർട്ടിപ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് രക്ഷിച്ചു. തിരുവനന്തപുരം വി എസ്.എസ്.സി.യുടെ ക്യാന്റീൻ ജീവനക്കാരനായിരുന്ന ആമച്ചൽ, കാനാകോട് മിനികുമാർ(54) ആണ് മുഖ്യമന്ത്രിയോടു സംസാരിക്കണമെന്ന ആവശ്യവുമായെത്തിയത്. കെ-റെയിൽ ഉൾപ്പെടെയുള്ള സാമൂഹികവിഷയങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം മുഖ്യമന്ത്രിയുടെ പേഴ്‌സണൺ സ്റ്റാഫിനു കൈമാറിയതായി ഇദ്ദേഹം കാട്ടാക്കട പൊലീസിനോടു പറഞ്ഞു.

മിനികുമാറിനെ വേദിക്കരികിൽനിന്നു കൊണ്ടുപോകുന്നതിനിടെ ഡിവൈഎഫ്ഐ. പ്രവർത്തകർ ആക്രമിച്ചു. അടിയേറ്റു താഴെവീണ ഇദ്ദേഹത്തെ രക്ഷിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുവിക്കര എസ്‌ഐ. കിരൺ ശ്യാം അദ്ദേഹത്തിന്റെ പുറത്തു കിടന്നു. എസ്‌ഐ.ക്കും പ്രവർത്തകരുടെ അടിയേറ്റു. അഞ്ചു മിനിറ്റോളം എസ്‌ഐ. അങ്ങനെ കിടന്നു. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി മിനികുമാറിനെ മാറ്റി. എസ്‌ഐ.യുടെ കൈയിലുണ്ടായിരുന്ന വാച്ച് പൊട്ടിപ്പോയി.

സംഘർഷത്തിൽനിന്ന് മിനികുമാറിനെ രക്ഷിച്ച എസ്‌ഐ. കിരൺ ശ്യാമിനെ കാട്ടാക്കട ഡിവൈ.എസ്‌പി. കെ.എസ്.പ്രശാന്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർ കിരൺ തുടങ്ങിയവർ അഭിനന്ദിച്ചു. അരുവിക്കര എസ്‌ഐ.ക്ക് റിവാർഡിനായി ശുപാർശ നൽകിയിട്ടുണ്ടെന്ന് കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി പ്രസംഗിക്കുന്നതിനിടെയാണ് ഇദ്ദേഹം വേദിയെയും സദസ്സിനെയും വേർതിരിച്ചിരുന്ന കമ്പിവേലിക്കരികിലെത്തിയത്.

സംസാരിക്കാൻ മൈക്ക് വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥരും മറ്റുള്ളവരും ശ്രദ്ധിക്കുന്നത്. തുടർന്ന് ഇയാളെ ബലംപ്രയോഗിച്ച് അവിടെനിന്നു കൊണ്ടുപോയി. സംഭവത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ, ഇത്തരം ഇടപെടലുകൾ പൊലീസ് കൈകാര്യം ചെയ്യുമെന്നും ഉദ്ഘാടനച്ചടങ്ങാണ് പ്രധാനമെന്നും മന്ത്രി ശിവൻകുട്ടി മൈക്കിലൂടെ ഓർമിപ്പിച്ചു. ഇയാളെ പിന്നീട് വീട്ടുകാർക്കൊപ്പം വിട്ടയച്ചു. മിനികുമാറിനെതിരേ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മാനസികാസ്വാസ്ഥ്യമുള്ള ആളായിരുന്നു പ്രതിഷേധക്കാരൻ. ഇയാൾ വേദിക്കു മുന്നിലെ ബാരിക്കേഡും മറികടക്കാൻ ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മുഖ്യമന്ത്രിക്കു നേരെയുള്ള പ്രതിഷേധമെന്നു കരുതി സദസ്സിലുണ്ടായിരുന്നവർ ഇദ്ദേഹത്തിനു നേരെ തിരിഞ്ഞു. ആൾക്ക് മർദനമേൽക്കുമെന്ന സ്ഥിതിയായതോടെയാണ് എസ്‌ഐ രണ്ടും കൽപ്പിച്ച് പ്രതിരോധം തീർത്തത്.

വേറെയും നാടകിയതകൾ പൂവച്ചലിൽ നിറഞ്ഞു. കർണാടകയിൽ ഹിജാബ് വിവാദം ചർച്ചയാകുമ്പോൾ വിമർശകർക്ക് മറുപടിയുമായി കേരളം പുതു മാതൃക തീർത്തു. ഹിജാബ് ധരിച്ചുവെന്നാരോപിച്ച് സ്‌കൂൾ വിദ്യാർത്ഥിനികളെ ക്ലാസിന് പുറത്തുനിർത്തിയ കർണാടകക്ക് കേരളത്തിന്റെ മറുപടിയായി ഇത്. പൂവച്ചൽ സ്‌കൂൾ കെട്ടിടോദ്ഘാടന ചടങ്ങിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. തട്ടമിട്ട കുട്ടികളാണ് ചടങ്ങിൽ പ്രാർത്ഥന ചൊല്ലിയത്. സമീപം മുഖ്യമന്ത്രി പിണറായി വിജയനെയും കാണാം.

ഒരു വിഷയത്തിൽ കൃത്യമായ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നത് ഇങ്ങനെയാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. സ്‌കൂൾ കെട്ടിട ഉൽഘാടനത്തിനെ അങ്ങനെ തന്നെ ഒരു പൊളിറ്റിക്കൽ ഇവന്റായി മാറ്റിയിരിക്കുന്നു എന്ന് സൈബർ സഖാക്കൾ നിരീക്ഷിക്കുന്നു. വിദ്യഭ്യാസം, സ്വാതന്ത്ര്യം, നീതി, പൗരാവകാശം, മത സ്വാതന്ത്ര്യം. ഇതെല്ലാം എങ്ങനെ ആവണമെന്ന് കേരളം കാണിച്ചുകൊടുക്കുകയാണ് എന്നാണ് പ്രചാരണം.