കൊച്ചി:  അമൃതാ മാനേജ്‌മെന്റുമായി സംസ്ഥാന സർക്കാരിന് അടുത്ത ബന്ധമാണ് ഉള്ളത്. മന്ത്രിസഭയിലെ രണ്ടാമനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അമൃതാനന്ദമയീ മഠവുമായി അടുത്ത ബന്ധമാണുള്ളത്. ചെന്നിത്തലയുടെ മകൻ അമൃതാ മെഡിക്കൽ കോളേജിലാണ് പഠിച്ചിരുന്നതെന്നാണ് സൂചന. അങ്ങനെ സർക്കാരിലെ ഉന്നതർക്ക് പല നേട്ടങ്ങളും അമൃതയിൽ നിന്ന് ലഭിക്കുന്നു. അമൃതയ്ക്ക് എതിരായ ആരോപണമെല്ലാം പൊലീസ് തന്നെ മുക്കും. അല്ലാതെ സത്യസന്ധമായി നടപടിയെടുത്താൽ പണിയുറപ്പാണെന്ന് പൊലീസുകാർക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് സത്‌നാം സിങ് കൊലപാതകലും വ്യാജ സർട്ടിഫിക്കറ്റിൽ ദീപക് ധർമ്മടം എന്ന അമൃതാ ടിവിയിലെ മാദ്ധ്യമ പ്രവർത്തകനുമെതിരായ അന്വേഷണവുമെല്ലാം വഴിമുട്ടിയത്. അമൃതയ്ക്ക് എതിരായ ആരോപണങ്ങളിൽ സത്യസന്ധമായ ജോലിയെടുത്താൽ പൊലീസുകാർക്ക് പണി ഉറപ്പാണെന്നാണ് ഈ സംഭവവും വിശദീകരിക്കുന്നത്.

തൊട്ടം തൊഴിലാളികൾ മൂന്നാറിൽ നടത്തിയ സമരത്തിന് സമാനമായിരുന്നു അമൃതാ ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം. സർക്കാർ സംവിധാനെല്ലാം ഒത്തുകളിക്ക് കൂട്ടുനിന്നപ്പോൾ നേഴ്‌സുമാർ നീതി ലഭിച്ചില്ല. പലതരം സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ നേഴ്‌സുമാർ സമരവുമായി മുന്നോട്ടു പോയപ്പോൾ ഭീഷണികളായി. അതിനും വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പിന്നെ മർദ്ദനവും. ഇത് പൊലീസ് കേസായി. ഏത് കേസും ഒതുക്കി തീർക്കാമെന്നാണ് അമൃതയുടെ കണക്ക് കൂട്ടൽ. സത്‌നാം സിംഗും ദീപക്ക് ധർമ്മടവുമെല്ലാം പരിഗണിക്കുമ്പോൾ നേഴ്‌സുമാരെ തല്ലിയത് വെറുമൊരു സാധാരണ കേസ്. എന്നാൽ സ്ഥലം എസ് ഐ സത്യന്ധനായിരുന്നു. മാത്യുവെന്ന എസ് ഐ അമൃതയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ചില്ല. ഇതോടെ പ്രശ്‌നം കടുത്തു. എഫ്‌ഐആർ ആയി. കുറ്റ പത്രമായി. പിന്നെ കോടതിയിൽ മൊഴിയെടുക്കലും. എല്ലാത്തിനും മാത്യുവെന്ന എസ് ഐ സത്യസന്ധമായി മുന്നോട്ട് വന്നു.

ഇതോടെ പൊലീസിലെ സിങ്കക്കുട്ടികളുടെ അവസ്ഥയിലാണ് മാത്യുവിപ്പോൾ. എന്നും സ്ഥലം മാറ്റം. സത്യസന്ധതയ്ക്കും കർമ്മധീരതയ്ക്കും പേരുകേട്ട പല ഉദ്യോഗസ്ഥർക്ക് കേരളത്തിൽ സംഭവിക്കുവാന്നത് തന്നെ സംഭവിച്ചു. എന്നാലും മാത്യു വിട്ടുകൊടുക്കുന്നില്ല. ക്രിമിനലുകൾക്ക് മുന്നിൽ മുട്ടുമടക്കാതെ മുന്നേറുന്നു. അമൃതയിലെ നഴ്‌സുമാരുടെ സമരത്തിൽ മാനേജ്‌മെന്റിന്റെ പിണിയാളുകൾ നഴ്‌സുമാരെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് നഴ്‌സുമാരുടെ മൊഴിയെടുക്കാൻ എത്തിയ പൊലീസിന്റെ സമീപനം സത്യസന്ധമായതിന്റെ പിന്നിൽ മാത്യു എന്ന ഈ പൊലീസുകാരന്റെ നിസ്വാർത്ഥ സേവനം ഉണ്ടായിരുന്നുവെന്നാണ് യു എൻ എ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ പറയുന്നത്. സമരം തീരുവോളം നഴ്‌സുമാരെ സ്വന്തം സഹോദരങ്ങളെപ്പോലെ സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ വേറിട്ടനുഭവമായെന്നു യു എൻ എയുടെ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ വ്യക്തമാക്കി. കേസ് സത്യസന്ധമായി അന്വേഷിക്കുകയും തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്ത ഈ ഉദ്യോഗസ്ഥനു മാനേജ്‌മെന്റിന്റെ ഭാഗത്തും നിന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നുവെന്നും ജാസ്മിൻ ഷാ തിരിച്ചറിയുന്നു.

അമൃതയ്ക്ക എതിരായ കേസിൽ സത്യസന്ധമായി കോടതയിൽ നിലപാട് എടുക്കാതിരിക്കാനും നീക്കമുണ്ടായി. ഈ സമ്മർദ്ദങ്ങൾക്കും എസ് ഐ മാത്യു വഴങ്ങിയില്ല. ഏതായാലും അമൃത മാനേജ്‌മെന്റിന്റെ ഇഷ്ടത്തിനു കൂട്ടു നിൽക്കാഞ്ഞതിനെ തുടർന്നു നാലു വർഷം കൊണ്ടു നിരവധി ട്രാൻസ്ഫറുകളാണ് ഇയാൾക്ക് ലഭിച്ചത്. ഇപ്പോൾ ഷോളയാർ സ്‌റ്റേഷനിലെ എസ് ഐ ആണ്. നിരവധി ട്രാൻസ്ഫർ ലഭിച്ചിട്ടും വൻ ഓഫറുകൾ തേടി വന്നിട്ടും ഒരടി പിന്നോട്ടു മാറാതെ സത്യസന്ധമായ അന്വേഷണത്തിനു നേതൃത്വം നൽകുകയായിരുന്ന് ഈ ഉദ്യാഗസ്ഥൻ. ഇപ്പോഴും കൃത്യമായി തന്നെ അമൃതയിലെ കേസിൽ നടപടികൾക്കായി കോടതിയിൽ എത്തുന്നു. ഇതിൽ നിന്നെല്ലാം മാത്യുവിനെ പിന്തിരിപ്പിക്കാൻ പല സമ്മർദ്ദങ്ങളും ആഭ്യന്തര വകുപ്പിലെ ഉന്നതർ തന്നെ ചെലുത്തി. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല. താമസിയാതെ ഷോളയാറിനും മുകളിലൊരു സ്ഥലത്ത് മാത്യുവിന് സ്ഥലം മാറ്റം ഉടൻ വരുമെന്നാണ് സൂചന.

സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ അവസ്ഥയെകുറിച്ച് അറിയാൻ കഴിഞ്ഞത്.ആശുപത്രി മാനേജ്‌മെന്റ് അവരുടെ പണവും ഭരണ സ്വാധീനവും ഉപയോഗിച്ചു കൊണ്ട് ഇദ്ദേഹത്തെ നിരന്തരം വേട്ടയാടി.നാല് വർഷത്തിനകം നിരവധി സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റപ്പെടുകയും,നിലവിൽ ഷോളയാർ സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്നു.സത്യസന്ധമായി കർമ്മം നിർവഹിച്ചതിന്റെ പല കഷ്ടതകളും അനുഭവിക്കേണ്ടി വന്നിട്ടും അദ്ദേഹം തന്റെ വ്യക്തിത്വത്തിൽ നിന്നോ നിലപാടുകളിൽ നിന്നോ അൽപം പോലും വ്യതിചലിക്കാൻ തയ്യാറായില്ല. കർമ്മനിരധനായ ഒരു ഉദ്യോഗസ്ഥൻ എങ്ങിനെയായിരികണം എന്നതിന് മാത്യു ഉത്തമോദാഹരണമാണെന്ന് ജാസ്മിൻ ഷാ പറയുന്നു.

അമൃതാ മഠത്തിൽ വച്ചുണ്ടായ കശപിശയ്ക്ക ശേഷം മനോരോഗ ആശുപത്രിയിൽ സ്തനാംസിങ് മരിച്ച കേസിലും ദീപക് ധർമ്മടത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിലുമെല്ലാം നടന്ന സമ്മർദ്ദങ്ങൾ ഇവിടെ നടക്കാതെ പോവുകയാണ്. അതുകൊണ്ട് മാത്രമാണ് കേസ് കോടതിയിൽ എത്തിച്ചത്. എസ് ഐ ശക്തമായി ഇടപെടുന്നതിനാൽ പ്രോസിക്യൂഷനും കള്ളക്കളി നടത്താൻ കഴിയുന്നില്ല. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ ഡിഗ്രി സർട്ടഫിക്കറ്റുമായി ദീപക് ധർമ്മടം പോയത് അമൃതാ മാനേജ്‌മെന്റിലെ ഉന്നതന്റെ കത്തുമായാണ്. ഈ ഇടപാടിലെ കള്ളക്കളികൾ തെളിവ് സഹതിം മറുനാടൻ പുറംലോകത്ത് എത്തിച്ചിരുന്നു. പാസ്‌പോർട്ടിന് വ്യാജ സർട്ടിഫിക്കറ്റ് എടുത്ത കേസിലും ദീപക് കുടുങ്ങി. കണ്ണൂരിലെ ധർമ്മടം പൊലീസ് അന്വേഷിച്ച ഈ കേസ് എഴുതി തള്ളുക പോലും ചെയ്തു. ഇതിലെ ഗൂഢാലോചനയും മറുനാടൻ തുറന്നു കാട്ടിയിരുന്നു. ഈ കേസുകളിൽ മേലുദ്ദ്യോഗസ്ഥരുടെ ഇംഗിതത്തിനാണ് സ്ഥലം എസ്‌ഐ പ്രവർത്തിച്ചതെന്നും വ്യക്തമാണ്.

അട്ടപാടിയിലും ഷോളയാറിലുമൊക്കെ ജോലി നോക്കി തേരാപാര നടക്കാതിരിക്കണമെങ്കിൽ അമൃതയ്ക്ക് എതിരെ വരുന്ന കേസുകളിൽ നിശബ്ദരാകണം. അല്ലെങ്കിൽ എസ്‌ഐ മാത്യുവിന്റെ ഗതിവരുമെന്ന് പൊലീസുകാരെ പഠിപ്പിക്കുകകൂടിയാണ് മാത്യുവിന്റെ ഔദ്യോഗിക ജീവിത കഥ.