മുഹമ്മ: രണ്ട് അന്തർ ദേശീയ പുരസ്‌കാരമുൾപ്പെടെ 25ഓളം ബഹുമതികൾ നേടിയ ചലച്ചിത്ര, ഡോക്കുമെന്ററി സംവിധായകൻ ആലപ്പുഴ മുഹമ്മ സ്വദേശി സിബി യോഗ്യാവീടൻ (61) അന്തരിച്ചു. ശാലോം ടി വി യിലെ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു.

നവോദയ അപ്പച്ചന്റെ ശിഷ്യനായാണ് തുടക്കം. തീക്കടൽ, പാലാട്ടു കുഞ്ഞിക്കണ്ണൻ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ഇന്ത്യയിലെ ആദ്യ 70എം എം ചിത്രം പടയോട്ടം, ആദ്യ ത്രീ ഡി ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ, സംഘം, മഹായാനം, തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്.

പൊലീസ് ഡയറി, ഈണം മറന്ന കാറ്റ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. പിന്നീട് ടെലിവിഷൻ മേഖലയിലേക്ക് വന്ന സിബി ആദ്യം സംവിധാനം ചെയ്ത ഒരു പ്രണയ കഥ ടെലിഫിലിമിൽ ബാലനടനുള്ള സംസ്ഥാന അവാർഡ് ഇദ്ദേഹത്തിന്റെ മകൻ ചാണ്ടി നാനാർക്ക് ലഭിച്ചു.

ശാലോം ടി വി സീനിയർ പ്രൊഡ്യൂസറായ ശേഷം ചെയ്ത അനാമിക ഡോക്യുമെന്ററി മികച്ച ടെലിഫിലിമിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. മദർ സേവ് മീ ഡോക്മെന്ററിക്ക് ഗലീലിയൻ ഇന്റർനാഷണൽ അവാർഡ്, ഇന്ത്യയുടെ ഡാമിയൻ ഡോക്യുമെന്ററിക്ക് ഇന്റർനാഷണൽ അവാർഡും ലഭിച്ചു. പാട്ടുകൾ ഉൾപ്പെടുത്തിയുള്ള ആദ്യ സീരിയൽ വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യ, ഇൻഡോർ റാണി, തപസ്വിനി വിശുദ്ധ ഏവു പ്രാസ്യ തുടങ്ങിയവയും ഇദ്ദേഹം സംവിധാനം ചെയ്തതാണ്.

മുഹമ്മയിലെ യോഗ്യാ വീട്ടിൽ പരേതനായ ചാണ്ടിയുടെയും ആനിമ്മയുടെയും ഒമ്പത് മക്കളിൽ അഞ്ചാമനാണ് സിബി യോഗ്യാവീടൻ. ഭാര്യ :റാണി. മക്കൾ, ചാണ്ടി നാനാർ ( ശാലോം ടി വി ക്രിയേറ്റീവ് പ്രൊഡ്യൂസർ ) അന്ന മരുമകൾ : ജിൻസ (യു കെ ). സംസ്‌ക്കാരം വെള്ളി പകൽ മൂന്നിന് മുഹമ്മ സെന്റ് ജോർജ് ദേവാലയ സെമിത്തെരിയിൽ.