ബംഗളൂരു: പ്രചാരണത്തിനിടെ തനിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ മോദിക്കും അമിത്ഷായ്ക്കും, യെദ്യൂരപ്പയ്ക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യാജആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നമാണ് വക്കീൽ നോട്ടീസ്.

ബിജെപി പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളും നരേന്ദ്ര മോദി അടക്കമുള്ള നേതാക്കന്മാരുടെ പരാമർശങ്ങളും തന്റെ കക്ഷിക്കെതിരായി നടത്തുന്ന വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്ന് വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക മുഖ്യമന്ത്രിയെ അവഹേളിക്കുവാൻ വേണ്ടി നടത്തിയ ചില പരാമർശങ്ങളും നോട്ടീസിൽ എടുത്ത് പറയുന്നുണ്ട്. കോൺഗ്രസിനെയും സിദ്ദരാമയ്യയെയും അവഹേളിക്കുന്നതിന് വേണ്ടി മാത്രമാണ് ബിജെപി ചില നോട്ടീസുകൾ പുറത്തിറക്കിയത്.

സിദ്ദരാമയ്യക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജവും അദ്ദേഹത്തെ അവഹേളിക്കുന്നതിന് മാത്രമായി പടച്ചുണ്ടാക്കിയതുമാണ്. പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്നും നോട്ടീസിൽ പറയുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയ ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ വഴിവിട്ട സഹായങ്ങൾ ചെയ്തുവെന്നും തട്ടിപ്പിന് കൂട്ടുനിന്നെന്നും കഴിഞ്ഞ ദിവസം ബിജെപി ആരോപിച്ചിരുന്നു. സ്വകാര്യ കമ്പനികൾക്ക് അഴിമതി നടത്താൻ കൂട്ടുനിന്നതിന്റെ പേരിലാണ് സിദ്ദരാമയ്യയ്ക്ക് ഡയമണ്ട് പതിച്ച ആഡംബര വാച്ച് സമ്മാനമായി ലഭിച്ചതെന്നും ബിജെപി ആരോപിച്ചു.