- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി കിടക്കയിൽ ചങ്ങല കൊണ്ട് കെട്ടിയിട്ടിരിക്കുന്നു; ഭക്ഷണമില്ലാതെ നാല് ദിവസം; ശുചിമുറിയിൽ പോകാൻ അനുവദിക്കുന്നില്ല; സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ; സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്ന് അപേക്ഷിച്ച് കെ സുധാകരൻ എം പി ചീഫ് ജസ്റ്റിസിന് കത്ത് നൽകി
കൊച്ചി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. യുപിയിലെ ആശുപത്രിയിൽ കാപ്പന് ചികിത്സ നിഷേധിക്കുന്നുവെന്നും കോവിഡ് രോഗിയായ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും റെയ്ഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രി കട്ടിലിൽ ചങ്ങലകൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്. നാല് ദിവസമായി ഭക്ഷണം പോലും ലഭിക്കുന്നില്ല. ചങ്ങലകൊണ്ട് കെട്ടിയിരിക്കുന്നതിനാൽ ശുചിമുറിയിൽ പോകാൻ പോലും കഴിയുന്നില്ലെന്ന് റെയ്ഹാനത്ത് പറയുന്നു. അദ്ദേഹത്തിന്റെ ജീവൻ അത്രയധികം അപകടത്തിലാണ്.ഇപ്പോഴെങ്കിലും മുഖ്യമന്ത്രി മനുഷ്യത്വപരമായി ഇടപെടണം. മാധ്യമപ്രവർത്തകന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രി എന്ന നിലയിൽ ഒരു കത്തെങ്കിലും അയക്കാമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. ഇനിയെങ്കിലും ഭയപ്പെടാതെ മുഖ്യമന്ത്രിക്ക് സംസാരിക്കാമല്ലോയെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
കേസ് കോടതിയിൽ നടക്കുകയാണ്. അതിൽ ഇടപെടണമെന്നല്ല മുഖ്യമന്ത്രിയോട് പറയുന്നത്. നാലുദിവസം കഴിഞ്ഞിട്ട് ഇടപെട്ടതുകൊണ്ട് കാര്യമില്ല. അത്രയേറെ ദുരിതമാണ് യുപിയിലെ ആശുപത്രിയിൽ അദ്ദേഹത്തിന്റെതെന്നും ഭാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുരുതര മനുഷ്യാവകാശ ലംഘനമാണ് കാപ്പന്റെ കാര്യത്തിൽ നടക്കുന്നതെന്നാണ് മാധ്യമ പ്രവർത്തകർ ഉന്നയിക്കുന്ന കാര്യം.
അതേസമയം മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കെ.സുധാകരൻ എംപി കത്ത് നൽകി.
മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല.
സിദ്ദീഖ് കാപ്പൻ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിനായാണ് ഹാത്രാസിലേയ്ക്ക് പോയത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 5 നാണ് അദ്ദേഹം മഥുരയിൽ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ ഇക്കാര്യം പുനഃപരിശോധിക്കണം. ഹേബിയസ് കോർപ്പസ് അപേക്ഷ തീർപ്പാക്കുന്നതുവരെ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാനും മഥുരയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും കെ. സുധാകരൻ എം. പി ചീഫ് ജസ്റ്റീസിനോട് കത്ത് മുഖേന അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ