- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ പിൻബലത്തിൽ കോഴകൾ നൽകി ജോലിക്കു കയറി; നേർവാതിലിലൂടെ ആരും വരാതിരിക്കാൻ നിയമയുദ്ധവും; സഹകരണ ബാങ്കുളിൽ പണപ്പിരിവ് സജീവം; പി എസ് സി പരീക്ഷ ജയിച്ചാലും രക്ഷയില്ലാത്ത കാലം
പത്തനംതിട്ട: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ മുഴുവൻ നിയമനവും ഡയറക്ടർ ബോർഡിലുള്ളവരുടെ ബന്ധുക്കൾക്കും ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർക്കും സംവരണം ചെയ്തപ്പോഴാണ് ജില്ലാ ബാങ്ക് ശാഖകളിലെ മാനേജർമാരുടെ നിയമനം സർക്കാർ പി.എസ്.സിക്ക് വിട്ടത്. 20 വർഷം മുമ്പ് പി.എസ്.സിക്ക് വിട്ട നിയമനത്തിൽ ഇതുവരെ ഒറ്റയൊരെണ്ണം പോലും നടന്നിട്ടില്ല. എല്ലാത്ത
പത്തനംതിട്ട: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ മുഴുവൻ നിയമനവും ഡയറക്ടർ ബോർഡിലുള്ളവരുടെ ബന്ധുക്കൾക്കും ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർക്കും സംവരണം ചെയ്തപ്പോഴാണ് ജില്ലാ ബാങ്ക് ശാഖകളിലെ മാനേജർമാരുടെ നിയമനം സർക്കാർ പി.എസ്.സിക്ക് വിട്ടത്. 20 വർഷം മുമ്പ് പി.എസ്.സിക്ക് വിട്ട നിയമനത്തിൽ ഇതുവരെ ഒറ്റയൊരെണ്ണം പോലും നടന്നിട്ടില്ല.
എല്ലാത്തിനും തടസമാകുന്നത് സഹകരണബാങ്കുകളിൽ നിലവിലുള്ള ജീവനക്കാർ. സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്ക് ശാഖകളിലേക്കുള്ള മാനേജർമാരുടെ നിയമനം പി.എസ്.സി നടത്തുന്നത് എന്തുവില കൊടുത്തും തടയാൻ ബാങ്ക് ജീവനക്കാരുടെ നിയമയുദ്ധം. സുപ്രീംകോടതി വരെയെത്തിയിരിക്കുന്ന കേസിന്റെ നടത്തിപ്പിനായി ജീവനക്കാരുടെ ഇടയിൽ വൻ പണപ്പിരിവ്. അതേസമയം, പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള, ഇനിയൊരു ജോലിക്ക് പ്രായം തടസമാകുന്ന ഉദ്യോഗാർഥികൾ കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി കേന്ദ്രഓഫീസിന് മുന്നിൽ സമരം തുടങ്ങി.
ജില്ലാ സഹകരണബാങ്കുകളിലെ മാനേജർ നിയമനം പി.എസ്.സിക്ക് വിട്ടത് 20 വർഷം മുമ്പ്, 1995 ലാണ്. പത്തുവർഷം കഴിഞ്ഞ് 2005 ലാണ് ഈ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചത്. 2007 ൽ എഴുത്തുപരീക്ഷ നടത്തി. എന്നാൽ, പി.എസ്.സിയുടെ വിജ്ഞാപനത്തിൽ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഇത് റദ്ദാക്കി. അപാകത പരിഹരിച്ച് 2009 ഡിസംബർ 14 ന് പി.എസ്.സി വിണ്ടും വിജ്ഞാപനം ഇറക്കി. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ആറു വർഷത്തിനു ശേഷം കഴിഞ്ഞ ജനുവരിയിലാണ്. ആയിരത്തോളം പേരാണ് ലിസ്റ്റിൽ ഉള്ളത്. സംസ്ഥാനത്താകമാനം മുന്നൂറോളം ഒഴിവുകൾ നിലവിലുണ്ട്. പി.എസ്.സിയുടെ നിയമന ശിപാർശ ഇല്ലാതിരുന്നതു മൂലം ഇടക്കാലത്ത് സഹകരണ രജിസ്ട്രാറുടെ ഉത്തരവ് പോലും മറികടന്ന് ബാങ്കുകളിൽ സ്ഥാനക്കയറ്റം നൽകിപ്പോരുകയായിരുന്നു. മാനേജർ നിയമനത്തിന് പി.എസ്.സി ആദ്യം വിജ്ഞാപനം ചെയ്ത യോഗ്യത ബി. കോമും എച്ച്.ഡി.സിയുമായിരുന്നു. ബി. കോം കോ-ഓപ്പറേഷൻ യോഗ്യതയുള്ള ചിലർ തസ്തികയിലേക്ക് അപേക്ഷിച്ചത് തള്ളി. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇവിടെനിന്നും തള്ളിയപ്പോൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 31 പേരാണ് കേസിൽ കക്ഷി ചേർന്നത്.
സുപ്രീംകോടതി മൂന്ന് ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചു. കഴിഞ്ഞ ജനുവരി ഒമ്പതിനാണ് മൂന്നാമത്തെ ഉത്തരവ് വന്നത്. ഇതനുസരിച്ച് വിവിധ ജില്ലകളിലുള്ള ഒഴിവുകളിൽ 31 എണ്ണം നീക്കി വച്ച ശേഷം മാനേജർ തസ്തികയിലേക്ക് പി.എസ്.സിക്ക് നിയമനം നടത്താം. കേസ് നടക്കുന്നതുകൊണ്ട് നിയമനത്തിൽ കാലതാമസം ഉണ്ടാകരുതെന്ന് കരുതിയായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. 10 മാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കേസ് പരമാവധി വൈകിപ്പിക്കുകയെന്ന ലക്ഷ്യമാണ് സഹകരണബാങ്കിലെ നിലവിലുള്ള ജീവനക്കാർക്കുള്ളതെന്ന് റാങ്ക് ഹോൾഡേഴ്‌സ് ആരോപിക്കുന്നു. കേസ് നടത്തിപ്പിനായി ഒരു ജില്ലയിൽ നിന്നും രണ്ടു ലക്ഷം രൂപയുടെ നിർബന്ധിത പിരിവാണ് നടത്തിയത്. മാനേജർ-2500, സീനിയർ അക്കൗണ്ടന്റ്-2000, ജൂനിയർ അക്കൗണ്ടന്റ്-1750, ക്ലാർക്ക്-1500 എന്നിങ്ങനെയാണ് സംഭാവന വിഹിതം. പി.എസ്.സി നിയമനം ദോഷകരമായി ബാധിക്കുന്നവരിൽ നിന്നാണ് കേസ് നടത്തിപ്പിന് പണപ്പിരിവ് നടത്തിയത്.
നിലവിൽ ജോലിയുള്ളവരാണ് സ്ഥാനക്കയറ്റത്തിന് വേണ്ടി റാങ്ക് ലിസ്റ്റിലുള്ളവരുടെ ഭാവി ഇല്ലാതാക്കുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. റാങ്ക് ലിസ്റ്റിലുള്ളവരിൽ മിക്കവരും നാൽപതു വയസ് കഴിഞ്ഞവരാണ്. ഇനി ഒരു ജോലിക്ക് അവർക്ക് സാധ്യതയില്ല. നിയമനം നടത്താതെ പി.എസ്.സിയും ഇക്കൂട്ടർക്ക് ഒത്താശ ചെയ്യുകയാണ് എന്ന് ആരോപിച്ച് ഇന്ന് പി.എസ്.സി ആസ്ഥാനമന്ദിരത്തിന് മുന്നിലേക്ക് റാങ്ക് ഹോൾഡേഴ്‌സ് മാർച്ചും ധർണയും നടത്തുകയാണ്.