ബെംഗളൂരു: ജെ.ഡി.എസ് നേതാവ് കുമാര സ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ.സിദ്ധരാമയ്യ കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അടിച്ചമർത്തുന്ന ടെർമിനേറ്റർ ആണെന്ന കുമാര സ്വാമിയുടെ ആരോപണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തനിക്ക് ഒരാളുടേയും സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ലെന്നും കുമാര സ്വാമിക്ക് മറുപടികൊടുക്കേണ്ട കാര്യമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.കുമാര സ്വാമി നുണയനാണെന്നും അദ്ദേഹത്തിനുള്ള മറുപടി കോൺഗ്രസിലെ മുസ്ലിം നേതാക്കൾ നൽകുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

''ഞങ്ങളുടെ മതേതര യോഗ്യത തെളിയിക്കാൻ ഞങ്ങൾക്ക് ആരിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ല.എനിക്ക് കുമാര സ്വാമിയോട് ഉത്തരം പറയേണ്ടതില്ല, നമ്മുടെ മുസ്ലിം നേതാക്കൾ അദ്ദേഹത്തോട് പ്രതികരിക്കും,'' അദ്ദേഹം പറഞ്ഞു.

നേരത്തെയും സിദ്ധരാമയ്യക്കെതിരെ കുമാര സ്വാമി രംഗത്തെത്തിയിരുന്നു.സിദ്ധരാമയ്യയുമായി ബിജെപി നേതാവ് യെദിയൂരപ്പ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആരോപണം.എന്നാൽ, ആരോപണം തെളിയിച്ചാൽ താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

വ്യക്തിപരമായി ഇന്നുവരെ താൻ യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.വ്യക്തിപരമായോ പ്രതിപക്ഷ നേതാവ് എന്ന നിലയിലോ താൻ യെദിയൂരപ്പയെ കണ്ടിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.