കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്റെ മകന് എതിരായ ആരോപണങ്ങൾ തെറ്റാണെന്ന് മുതിർന്ന നടി കെ.പി.എ.സി ലളിത. ആരോപണങ്ങൾ തങ്ങളെ ചെളിവാരി എറിയാൻ ഉദ്ദേശിച്ചുള്ളതാണെന്നും പ്രേക്ഷകർ ഇക്കാര്യം വിശ്വസിക്കരുതെന്നും അവർ പറഞ്ഞു.

ലളിതയുടെ മകനും നടനുമായ സിദ്ധാർത്ഥ് ഭരതന്റെ കാക്കനാട്ടെ ഫ്ളാറ്റിൽ കൊച്ചി പൊലീസ് ഇന്നലെ റെയ്ഡ് നടത്തിയെന്നാണു റിപ്പോർട്ട്. നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ ഒരു പ്രതിയെ ഇവിടെനിന്ന് പിടികൂടിയതായും റിപ്പോർട്ട് വന്നെങ്കിലും സ്ഥിരീകരണമില്ല. സിദ്ധാർത്ഥ് ആരോപണം നിഷേധിച്ചതിനു പിന്നാലെയാണ് മകനെ പ്രതിരോധിച്ച് കെ.പി.എ.സി ലളിതയും രംഗത്തെത്തിയിരിക്കുന്നത്.

നെറ്റിലും മറ്റും പലതും വന്നെന്ന് കേൾക്കുന്നു. കൂടെ നിൽക്കേണ്ടവർ തന്നെ മാറിനിന്ന് കുറ്റം പറഞ്ഞാൽ തങ്ങളെ പോലുള്ളവർ എങ്ങനെ ജീവിക്കുമെന്നും അവർ ചോദിച്ചു. കൊച്ചിയിൽ നടിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് ചേർന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ.പി.എ.സി ലളിത.

തന്റെ മകൻ ഇത്തരത്തിൽ ഏതെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ചാട്ടവാറുകൊണ്ട് അടികൊടുക്കണമെന്നും ജനങ്ങളുടെ മുമ്പിലിട്ട് തല്ലിക്കൊല്ലണമെന്നും മാത്രമേ താൻ പറയൂ എന്നും കെ.പി.എ.സി ലളിത വ്യക്തമാക്കി. നടിക്കെതിരെ അതിക്രമം നടന്ന് അഞ്ചു ദിവസമായിട്ടും പ്രതികളെ പിടിക്കാതെ അടങ്ങിയൊതുങ്ങി ജീവിക്കുന്നവരെ പഴി പറയുകയാണെന്നും സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ലളിത ആവശ്യപ്പെട്ടു.

അതേസമയം, ഇന്നലെ റെയ്ഡ് നടത്തിയത് ന്യൂജെൻ സിനിമാക്കാരുടെ താവളത്തിലാണെന്ന് കൊച്ചി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റെയ്ഡ് നടക്കുമ്പോൾ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ ഇവിടെ ഉണ്ടായിരുന്നു. സിദ്ധാർത്ഥ് ഭരതൻ ഉണ്ടായിരുന്ന വീട്ടിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്. എന്നാൽ ഇവിടെ നിന്ന് ആരെയെങ്കിലും പിടിച്ചോ എന്നതിന് സ്ഥിരീകരണമില്ല.

കാക്കനാട്ടെ ഫ്ളാറ്റിൽ സിനിമാക്കാർ സ്ഥിരമായി ഒത്തുകൂടാറുണ്ടത്രേ. ഇതിൽ അൽവാസികൾക്ക് ഏറെ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമായിരുന്നു. ഇതിനെ തുടർന്ന് ചില സംശയങ്ങൾ നടിയെ ആക്രമിക്കുന്ന കേസുമായി ബന്ധപ്പെട്ട് ഉയർന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനെ അയൽക്കാർ പൊലീസിനെ വിവരം അറിയിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ ഇന്നലെ രാവിലെയാണു കൊച്ചി പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് റിപ്പോർട്ട്. പ്രമുഖ യുവനടനും സംവിധായകനുമായയാളുടെ കാക്കനാടെ ഫ്ളാറ്റിൽ നിന്നായിരുന്നു അറസ്റ്റെന്നായിരുന്നു വാർത്ത. അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നീക്കം. പൊലീസ് റെയ്ഡിനെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്നത് സിദ്ധാർത്ഥ് ഭരതനായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു റെയ്ഡ്. പക്ഷേ ഇവിടെ നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ എന്ന് വെളിപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള സൂപ്പർതാരവുമായി സിദ്ധാർത്ഥ് ഭരതന് അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് സിദ്ധാർത്ഥ് ഭരതന്റെ സാന്നിധ്യം വിവാദമായത്.

കാറപകടത്തിൽ പരിക്കേറ്റ് സിദ്ധാർത്ഥ് ഭരതൻ അവിശ്വസനീയമായ രീതിയിലാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഏറെക്കാലം ആശുപത്രിയിലും ചികിൽസയിലുമായിരുന്നു. അന്ന് താങ്ങും തണലുമായി നിന്നത് ഈ സൂപ്പർ താരമാണ്.

കെ.പി.എ.സി. ലളിതയും സിപിഎമ്മും തമ്മിൽ അടുത്ത ബന്ധമുണ്ട്. വടക്കാഞ്ചേരിയിൽ സിപിഐ(എം) സ്ഥാനാർത്ഥിയായി ലളിതയെ പരിഗണിച്ചിരുന്നു. പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ കെപിഎസി ലളിതയെ സംഗീത നാടക അക്കാദമിയുടെ തലപ്പത്തുകൊണ്ടു വരികയും ചെയ്തു. പാർട്ടി വേദികളിലും എത്തി. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൊച്ചയിൽ നടന്ന യോഗത്തിലും കെപിഎസി ലളിത പങ്കെടുത്തു. ഇവിടെ വേണ്ട വിധത്തിൽ ലളിത പ്രതികരിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു.