- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിൽ പാടുകളോ പരിക്കുകളോ ഇല്ല; നടൻ സിദ്ധാർഥിന്റെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പ്രാഥമിക വിവരം; ഹൃദയാഘാതത്തിലേക്ക് വഴിവെച്ചത് അമിത വ്യായാമമോ എന്നും സംശയം; മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി
മുംബൈ: ബോളിവുഡ് നടനും മോഡലുമായി സിദ്ധാർഥ് ശുക്ലയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പ്രാഥമിക വിവരം. മൃതദേഹത്തിൽ പാടുകളോ പരിക്കുകളോ ഇല്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. കൂപ്പർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വ്യാഴാഴ്ചയാണ് ബിഗ് ബോസ് സീസൺ 3 വിജയിയായ ശുക്ല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന നടൻ രാവിലെ എഴുന്നേറ്റിരുന്നില്ല. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും മുംബൈയിലെ കൂപ്പർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡും.
കൂപ്പർ ആശുപത്രിയിൽ വ്യാഴാഴ്ച തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയതായി പൊലീസ് പറഞ്ഞു. നടന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമേ മരണകാരണം ഉറപ്പിക്കാനാകൂ.
അതേസമയം സിദ്ധാർഥ് ശുക്ലയുടെ മരണം അമിതമായ വ്യായാമത്തെ തുടർന്നെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സിദ്ധാർഥ് ശുക്ലയോട് അമിതമായി വ്യായാമം ചെയ്യരുതെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നതായി റിപ്പോർട്ടുകൾ. എല്ലാദിവസവും മൂന്ന് മണിക്കൂറാണ് വ്യായാമത്തിനും ധ്യാനത്തിനുമായി സിദ്ധാർഥ് ശുക്ല നീക്കിവെച്ചിരുന്നത്. സ്വന്തം ആരോഗ്യത്തെ കുറിച്ച് നടൻ എപ്പോഴും ആകുലപ്പെട്ടിരുന്നതായാണ് വിവരം. നടന്റെ അമിതമായ വ്യായാമത്തെ കുറിച്ച് ഡോക്ടർമാർ ഉത്കണ്ഠപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. അതിനാൽ വർക്കൗട്ട് കുറയ്ക്കാൻ നടനോട് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ദിവസവും മൂന്ന് മണിക്കൂറാണ് നടൻ വ്യായാമത്തിനും ധ്യാനത്തിനുമായി മാറ്റിവെച്ചിരുന്നത്.
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരിച്ചതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് മുമ്പ് രണ്ടുതവണ മൃതദേഹം പരിശോധിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വിശദമായ പരിശോധനക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകിയ മൃതദേഹം മുംബൈ ഒഷിവാരയിലെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയോടെ സംസ്കരിക്കും.
ബുധനാഴ്ച രാത്രി ശുക്ലക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശുക്ല മരുന്നുകൾ കഴിച്ചതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ഉറക്കം എണീറ്റിരുന്നില്ല. മാതാവ് റിത ശുക്ല വിളിച്ചെങ്കിലും എണീക്കാതിരുന്നതോടെ തൊട്ടടുത്ത് താമസിക്കുന്ന ശുക്ലയുടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സഹോദരിയും ഭർത്താവും ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ശുക്ലയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മോഡലിങ് രംഗത്ത് കരിയർ തുടങ്ങിയ സിദ്ധാർഥ് ശുക്ല 2008ലെ ടി.വി പരിപാടിയായ 'ബാബുൽ കാ ആംഘേൻ ഛോട്ടീ നാ'യിൽ നായക വേഷത്തിലെത്തിയാണ് അഭിനയത്തിന് തുടക്കമിടുന്നത്. തുടർന്ന്, നിരവധി പരമ്പരകളിലൂടെ ടെലിവിഷൻ ലോകത്ത് ചിര പ്രതിഷ്ഠ നേടിയ താരം 'ബാലിക വധു'വിൽ നടി പ്രത്യുഷ ബാനർജിക്കൊപ്പം തിളങ്ങി. ബിഗ് ബോസ് സീസൺ 13നു പുറമെ 'ഖത്രോൻ കെ ഖിലാഡി 7'ലും ജേതാവായിരുന്നു അദ്ദേഹം.
ആലിയ ഭട്ടും വരുൺ ധവാനും മുഖ്യറോളിലെത്തിയ 'ഹംപ്റ്റി ശർമ കി ദുൽഹനിയ', ബിസിനസ് ഇൻ ഖസാകിസ്താൻ എന്നിവയിലും വേഷമിട്ടു. അന്തരിച്ച ശുക്ലക്ക് മാതാവും രണ്ടു സഹോദരിമാരുമുണ്ട്. അജയ് ദേവ്ഗൻ, അക്ഷയ് കുമാർ, കപിൽ ശർമ, മാധുരി ദീക്ഷിത്, ബിപാഷ ബസു, മാധവൻ തുടങ്ങി നിരവധി പ്രമുഖർ സിദ്ധാർഥ് ശുക്ലക്ക് ആദരാഞ്ജലികളർപിച്ചു.
മറുനാടന് മലയാളി ബ്യൂറോ