പട്യാല: ആവശ്യക്കാരന് വൈകിയെത്തിയ നീതി എത്രത്തോളം ഗുണകരമാകുമെന്ന ചോദ്യം ഇന്ത്യൻ ജുഡീഷ്യറിക്ക് നേരെയാണ് ഉയരാറുള്ളത്. ക്രിക്കറ്റർ കൂടിയായ രാഷ്ട്രീയക്കാരൻ നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ കാര്യത്തിൽ സമ്പത്തിനും സ്വാധീനത്തിനും മുന്നിൽ നിയമം വളയുന്ന കാര്യം നമ്മൾ കണ്ടു. 34 വർഷത്തിന് ശേഷം കോടതി നീതി നടപ്പിലാകുമ്പോൾ പ്രതീക്ഷയുടെ നേരിയ വെളിച്ചമാണ് തുറക്കുന്നത്. 64കാരനെ നടുറോഡിൽ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു വർഷത്തെ തടവിന് സുപ്രീം കോടതി ശിക്ഷിച്ചതോടെ ഇനി അഴിയെണ്ണുക അല്ലാതെ സിദ്ധുവിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല.

കീഴടങ്ങാൻ കൂടുതൽ സമയം തേടി കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു സുപ്രീം കോടതിയി എത്തിയെങ്കിലും കോടതി അത് നിരസിച്ചു. ഇതോടെ കീഴടങ്ങി പട്യാല കോടതിയിലേക്ക് മാറ്റുകയായിരുന്നു രാഷ്ട്രീയക്കാരൻ കൂടിയായ മുൻ ക്രിക്കറ്ററെ. സിദ്ധുവിനോട് കീഴടങ്ങാൻ നേരത്തെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ കീഴടങ്ങുന്നതിന് കുറച്ചു കൂടി സമയം ആവശ്യപ്പെട്ടിരുന്നു.1988 ഡിസംബർ 27നാണ് കേസിനാസ്പദമായ സംഭവം.

പഞ്ചാബിലെ പട്യാലയിൽ നടുറോഡിൽ വാഹനം പാർക്ക് ചെയ്ത സിദ്ദുവിനെ പിന്നാലെ മറ്റൊരു വാഹനത്തിലെത്തിയ ഗുർണാം സിങ് (65) ചോദ്യം ചെയ്തു. സിദ്ദുവും സുഹൃത്ത് രൂപിന്ദർ സിങ് സന്ധുവും ചേർന്ന് ഗുർനാം സിംഗിനെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയും അയാൾ പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്‌തെന്നാണ് കേസ്.1999ൽ പാട്യാല സെഷൻസ് കോടതി സിദ്ദുവിനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി, സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതേ വിട്ടിരുന്നു. അതിനെതിരെ ഗുർനാംസിംഗിന്റെ ബന്ധുക്കൾ സമർപ്പിച്ച അപ്പീലിൽ പഞ്ചാബ് - ഹരിയാന ഹൈക്കോടതി സിദ്ദുവിനെ നരഹത്യയ്ക്ക് മൂന്ന് വർഷം തടവിന് വിധിച്ചു.

ഈ വിധിക്കെതിരായ അപ്പീലിൽ സിദ്ദുവിനെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയ സുപ്രീംകോടതി തടവ് ശിക്ഷ റദ്ദാക്കുകയും 1000 രൂപ പഴ ശിക്ഷ മാത്രം വിധിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ഉൾപ്പെട്ട ബെഞ്ചിന്റെ ആ വിധിക്കെതിരെ ഗുർനാം സിംഗിന്റെ ബന്ധുക്കൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് ഇപ്പോഴത്തെ വിധി. കുറ്റകൃത്യത്തിന്റെ ഗൗരവവും ശിക്ഷയും തമ്മിൽ ന്യായമായ അനുപാതം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 1000 രൂപ പിഴയോടൊപ്പം ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. അപര്യാപ്തമായ ശിക്ഷ നീതിന്യായ വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സമ്പത്തും സ്വാധീനവുമുള്ളവർ രാജ്യത്തെ നിയമവ്യവസ്ഥയിലെ പഴുതുകൾ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് സിദ്ധുവിനെതിരായ കേസും അതിന്റെ ചരിത്രവും. ഈ സംഭവം നടന്ന് മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോഴേക്കും സിദ്ദു അന്നത്തെ ക്രിക്കറ്റു കളിക്കാരനിൽ നിന്ന്, അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവായി വളർന്നു കഴിഞ്ഞു.

എൺപതുകളിലും തൊണ്ണൂറുകളിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളെ തന്റെ സിക്സറുകൾ കൊണ്ട് ആവേശത്തിൽ ആറാടിച്ചിരുന്ന ബാറ്റ്സ്മാനായിരുന്നു ുസിദ്ദു. ക്രിക്കറ്റിങ് കരിയർ പോലെ തന്നെ തികച്ചും അപ്രവചനീയമായിരുന്നു സിദ്ദുവിന്റെ രാഷ്ട്രീയഭൂതകാലവും. ഇന്ത്യയുടെ ഈ 'സിക്‌സർ കിങ്' ഇന്ന് വീണ്ടും ഒരിക്കൽ കൂടി വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് മുപ്പത്തിനാല് വർഷം മുമ്പുണ്ടായ ഒരു അടിപിടിക്കേസിന്റെ പേരിലാണ്. ഒരു അറുപത്തഞ്ചുകാരന്റെ മരണത്തിന് കാരണക്കാരനായ സിദ്ദു ഒരു വർഷത്തെ കഠിനതടവ് അനുഭവിച്ചേ മതിയാകൂ എന്നാണ് ഈ കേസിലെ പരമോന്നത കോടതിയുടെ അന്തിമവിധി.

1988 ഡിസംബർ 27 -ന് നടുറോഡിൽ തന്റെ മാരുതി ജിപ്‌സിയിൽ സ്‌നേഹിതൻ രൂപീന്ദർ സാന്ധുവുമൊത്ത് ഇരിക്കുകയായിരുന്ന സിദ്ദുവിനോട്, ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ പോവുകയായിരുന്ന ഗുർനാം സിങ് എന്ന അറുപത്തഞ്ചുകാരൻ വാഹനം വഴിയിൽ നിന്ന് നീക്കാൻ ആവശ്യപ്പെടുന്നു. അതിന്റെ പേരിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ, ഗുർനാമിനെ മർദ്ദിച്ച് അവശനാക്കി സിദ്ദുവും സ്‌നേഹിതനും സ്ഥലം വിടുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച ഗുർനാം സിങ് മരണത്തിനു കീഴടങ്ങുന്നു. 2018 -ൽ ഈ കേസിൽ സിദ്ദു കുറ്റക്കാരനാണ് എന്ന് കണ്ടെത്തി പഞ്ചാബ് ഹൈക്കോടതി മൂന്നുവർഷത്തെ കഠിന തടവിന് സിദ്ദുവിനെ ശിക്ഷിച്ചു എങ്കിലും, ആ വിധി റദ്ദാക്കിയ സുപ്രീം കോടതി, കേസ് മുപ്പതു വർഷം പഴയതാണ്, സിദ്ദു ആയുധങ്ങൾ ഒന്നും ഉപയോഗിച്ചിരുന്നില്ല എന്നീ കാരണങ്ങൾ മുൻ നിർത്തി ശിക്ഷ ആയിരം രൂപ പിഴ മാത്രമായി ഇളവുചെയ്യുന്നു. എന്നാൽ, നീതിക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടർന്ന ഗുർനാം സിങിന്റെ ഉറ്റവർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിവ്യൂ പെറ്റീഷനിലാണ് 'കയ്യൂക്കുള്ളവന് കൈ പോലും ആയുധമാണ്' എന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി സിദ്ദു ജയിൽ ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്ന അന്തിമ വിധിയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്

കേസിന്റെ വിചാരണ തുടങ്ങിയ അന്നുതൊട്ട് ജാമ്യത്തിലായിരുന്ന സിദ്ദു, ക്രിക്കറ്റ് കമന്റേറ്റർ ആയും കോമഡി ഷോയിൽ വിധികർത്താവായും കോടികൾ സമ്പാദിച്ചു കൂട്ടി. പഞ്ചാബിൽ ബിജെപി-കോൺഗ്രസ് പാളയങ്ങൾ മാറിമാറി ചാടിക്കൊണ്ടിരുന്ന അദ്ദേഹം അമൃത്സറിൽ നിന്ന് മൂന്നുവട്ടം പാർലമെന്റിലെത്തിയിട്ടുണ്ട്. ക്രിക്കറ്റിൽ എന്ന പോലെ രാഷ്ട്രീയത്തിലും സിദ്ദു തന്റെ ക്യാപ്റ്റനുമായ നിരന്തരം അസ്വാരസ്യത്തിലായിരുന്നു. ക്യാപ്റ്റൻ അസറുദ്ദീനുമായുള്ള അഭിപ്രായ ഭിന്നതകൾ മൂർച്ഛിച്ച് ഒടുവിൽ 1996 -ൽ ഇംഗ്ലണ്ട് ടൂറിനിടയിൽ ഏറെ അപ്രതീക്ഷിതമായി സിദ്ദു തന്റെ റിട്ടയർമെന്റ് പ്രഖ്യാപിക്കുന്നു. സമാനമായ സാഹചര്യത്തിൽ പഞ്ചാബ് രാഷ്ട്രീയത്തിലെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങുമായി യോജിച്ചു പോവാനാകാതെ 2019 -ൽ സിദ്ദു തന്റെ മന്ത്രിപദവും രാജിവെച്ചിറങ്ങിയിരുന്നു. എന്നാൽ, എല്ലാം അവസാനിച്ചു എന്ന് തോന്നിച്ച ഘട്ടങ്ങളിൽ ക്രിക്കറ്റിലും രാഷ്ട്രീയത്തിലും ഒരുപോലെ തിരിച്ചുവരവുകൾ നടത്തിയ ചരിത്രവും സിദ്ദുവിനുണ്ട്.

എത്ര വിപരീതമായ സാഹചര്യങ്ങളിലും വാക്കുകൾ കൊണ്ട് അമ്മാനമാടി പിടിച്ചു നിന്നിരുന്ന സിദ്ദുവിനു മുന്നിൽ എല്ലാ വാതിലുകളും അടയുന്ന ദിവസമാണ് ഇന്ന്. നീതി നിർവഹണത്തിൽ ഫലിതബിന്ദുക്കൾക്ക് സ്ഥാനമില്ല എന്ന് രാജ്യത്തെ പരമോന്നത നീതിപീഠം നിസ്സംശയം പറഞ്ഞ ദിവസം. സമ്മർദ്ദങ്ങൾക്ക് നടുവിലും നീതിക്കായി നിരന്തരം പോരാട്ടങ്ങൾ തുടർന്ന ഗുർനാം സിങിന്റെ കുടുംബത്തിന് ഏറെ വൈകിയെങ്കിലും ഒടുവിൽ നീതി നേടാനായ ദിവസവും.