തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്‌നോപാർക്കിന് സമീപം മയക്കുമരുന്ന് ലഹരിയിൽ ഹോട്ടൽ ജീവനക്കാരിയെ കടന്നുപിടിക്കുകയും രണ്ട് പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത യുവനടൻ സിദ്ധു സന്തോഷ് റാമിനെ പൊലീസിൽ ഏൽപ്പിക്കും മുമ്പ് നാട്ടുകാർ ശരിക്കും കൈകാര്യം ചെയ്തു. ജീവനക്കാരിയെ കടന്നുപിടിച്ച നടൻ, ഇക്കാര്യം ചോദ്യം ചെയ്ത ഹോട്ടൽ മാനേജരെയും മറ്റൊരാളെയും കുത്തിപരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. ഇങ്ങനെ രക്ഷപെടാൻ ശ്രമിക്കുമ്പോവാണ് യുവ നടനെ നാട്ടുകാർ പിടികൂടി കാര്യമായി പെരുമാറിയത്.

അതിക്രമത്തിന് ശേഷം ഹോട്ടലിൽ നിന്നിറങ്ങിയോടിയ സിദ്ധു സന്തോഷ് റാമിനെ ടെക്‌നോപാർക്കിന് സമീപത്ത് വച്ചാണ് നാട്ടുകാർ പിടികൂടിയത്. പിന്നീട് വന്നത് തലങ്ങും വിലങ്ങും നിന്നുമുള്ള അടിയായിരുന്നു. ഓടുന്നതിനിടെ നിലത്ത് വീണ സിദ്ധുവിനെ ഒരു കൂട്ടം യുവാക്കൾ വളഞ്ഞിട്ട് മർദിച്ചു. ഇതിനിടെ ഹെൽമറ്റുമായി പാഞ്ഞടുത്ത യുവാവ് നടന്റെ കാലുകളിൽ ആഞ്ഞടിച്ചു. കിട്ടിയവരൊക്കെ ഈ ഹെൽമെറ്റ് വച്ച് നടനെ അടിച്ചൊതുക്കി. അതുകൊണ്ടും അരിശം തീരാത്ത യുവാക്കൾ സിദ്ധിവുനെ തൊഴിച്ച് ഒരു പരുവത്തിൽ ആക്കുകയുംചെയ്തു.

അതേസമയം യുവാവിനെ എന്താണ് മർദ്ദിക്കുന്നത് എന്നറിയാതെ ഇതുവഴി പോയവർ അതുവരെ കാഴ്‌ച്ചക്കാരായി നിൽക്കുകയാണ് ഉണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കഴക്കൂട്ടം പൊലീസാണ് മർദ്ദനമേറ്റ് അവശനായ നടനെ രക്ഷപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ നടൻ റിമാൻഡിലാണ് ഇപ്പോൾ.

മയക്കുമരുന്ന് ലഹരിയിലായിരുന്നു സിദ്ധു സന്തോഷ് റാം ഇന്നലെ അതിക്രമം കാണിച്ചത്. റെസ്‌റ്റോറന്റ് മാനേജർ സാലിം, ജീവനക്കാരൻ ഹാജഹാൻ എന്നിവരെയാണ് കുത്തി പരുക്കേൽപ്പിച്ചത്. മുതുകിലും കൈയ്ക്കും കുത്തേറ്റ സാലിമിന്റെ നില ഗുരുതരമാണ്.

ബുധനാഴ്ച റെസ്‌റ്റോറന്റിൽ എത്തിയ ഇയാൾ ഇവിടുത്തെ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചത് പ്രശ്‌നമായിരുന്നു. തുടർന്ന് ജീവനക്കാർ ഇയാളെ പുറത്താക്കി. എന്നാൽ താൻ ഓർഡർ ചെയ്ത ഭക്ഷണം ഏറെ വൈകിയാണ് കിട്ടിയതെന്നും കഴിച്ചു തീരുന്നതിന് മുമ്പ് ബിൽ കൊണ്ടുവന്നപ്പോൾ ജീവനക്കാരിയെ പിടിച്ചു തള്ളുകയായിരുന്നെന്നുമാണ് ഇയാളുടെ വാദം. ഇതിന്റെ വൈരാഗ്യത്തിൽ റെസ്‌റ്റോറന്റിൽ എത്തി സിദ്ധു ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

അരയിൽ കരുതിയ കത്തികൊണ്ട് ജീവനക്കാരെ കുത്തിയ ശേഷം പുറത്തേയ്‌ക്കോടിയ സിദ്ധു റാമിനെ ടെക്‌നോപാർക്കിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മയക്കുമരുന്നു ലഹരിയിൽ റെസ്റ്ററന്റ് ജീവനക്കാരിയെ ശല്യപ്പെടുത്താനാണ് ഇയാൾ വീണ്ടുമെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. ജീവനക്കാരെ കുത്തി വീഴ്‌ത്തുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ദുൽഖർ സൽമാൻ നായകനായ സെക്കൻഡ് ഷോ, ഹാംഗ്ഓവർ, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളിൽ സിദ്ധു അഭിനയിച്ചിട്ടുണ്ട്. ന്യൂ ജനറേഷൻ സിനിമാക്കാരുമായി ഏറെ അടുപ്പമുള്ള നടനാണ് സിദ്ധുറാം ചന്ദ്രൻ.