തിരുവനന്തപുരം: കഴക്കൂട്ടത്തെ ടെക്‌നോപാർക്കിനു സമീപം സിഎഫ്‌സി റസ്റ്ററന്റിൽ മയക്കുമരുന്നു ലഹരിയിൽ സിനിമാ നടൻ അഴിഞ്ഞാടി. ടക്‌നോപാർക്കിന് സമീപം സി.എഫ്.സി റെസ്‌റ്റോറന്റിൽ അതിക്രമം കാട്ടിയ തൃശൂർ പീച്ചി സ്വദേശിയായ സിദ്ധുറാം ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ലഹരിയിൽ ഇയാൾ രണ്ട് റെസ്‌റ്റോറന്റ് ജീവനക്കാരെ കുത്തി പരുക്കേൽപ്പിച്ചു. റെസ്‌റ്റോറന്റ് മാനേജർ സാലിം, ജീവനക്കാരൻ ഹാജഹാൻ എന്നിവരെയാണ് കുത്തി പരുക്കേൽപ്പിച്ചത്. മുതുകിലും കൈയ്ക്കും കുത്തേറ്റ സാലിമിന്റെ നില ഗുരുതരമാണ്.

ബുധനാഴ്ച റെസ്‌റ്റോറന്റിൽ എത്തിയ ഇയാൾ ഇവിടുത്തെ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചത് പ്രശ്‌നമായിരുന്നു. തുടർന്ന് ജീവനക്കാർ ഇയാളെ പുറത്താക്കി. എന്നാൽ താൻ ഓർഡർ ചെയ്ത ഭക്ഷണം ഏറെ വൈകിയാണ് കിട്ടിയതെന്നും കഴിച്ചു തീരുന്നതിന് മുമ്പ് ബിൽ കൊണ്ടുവന്നപ്പോൾ ജീവനക്കാരിയെ പിടിച്ചു തള്ളുകയായിരുന്നെന്നുമാണ് ഇയാളുടെ വാദം. ഇതിന്റെ വൈരാഗ്യത്തിൽ റെസ്‌റ്റോറന്റിൽ എത്തി സിദ്ധു ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

അരയിൽ കരുതിയ കത്തികൊണ്ട് ജീവനക്കാരെ കുത്തിയ ശേഷം പുറത്തേയ്‌ക്കോടിയ സിദ്ധു റാമിനെ ടെക്‌നോപാർക്കിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മയക്കുമരുന്നു ലഹരിയിൽ റെസ്റ്ററന്റ് ജീവനക്കാരിയെ ശല്യപ്പെടുത്താനാണ് ഇയാൾ വീണ്ടുമെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. ജീവനക്കാരെ കുത്തി വീഴ്‌ത്തുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സുദ്ധാറാമിനെതിരായ കേസും കടക്കും.

ദുൽഖർ സൽമാൻ നായകനായ സെക്കൻഡ് ഷോ, ഹാംഗ്ഓവർ, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളിൽ സിദ്ധു അഭിനയിച്ചിട്ടുണ്ട്. ന്യൂ ജനറേഷൻ സിനിമാക്കാരുമായി ഏറെ അടുപ്പമുള്ള നടനാണ് സിദ്ധുറാം ചന്ദ്രൻ.

ഈ വാർത്ത ഫേസ്‌ബുക്കിൽ ഷെയർ ചെയ്തപ്പോൾ നിർഭാഗ്യവശാൽ ആദ്യം ഉപയോഗിച്ചത് സണ്ണി വെയ്‌നിന്റെ ചിത്രം ആയിരുന്നു. തെറ്റു മനസ്സിലായ ഉടൻ അത് ഡിലീറ്റ് ചെയ്തുകയുണ്ടായി. ഈ അബദ്ധത്തിലൂടെ സണ്ണി വെയ്‌നിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടായ വേദനയിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു-എഡിറ്റർ