ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.രണ്ടു വർഷം മുമ്പ് പൂട്ടിപ്പോയ പത്രത്തിന്റെ പേരിലാണ് സിദ്ദിഖ് കാപ്പൻ പ്രവർത്തിച്ചിരുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ഹാഥ്രസിലേക്കുള്ള യാത്രാമധ്യേയാണ് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലാകുന്നത്. ഈ നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിലാണ് യുപി സർക്കാരിന്റെ വാദം.


സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ തന്നെയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.കുറ്റകൃത്യം നടത്താനുള്ള യാത്രയ്ക്കിടെയാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ വാദിച്ചു.

കാപ്പന് എതിരായ എഫ്.ഐ.ആറിലെ ആരോപണങ്ങൾ വ്യാജമാണെന്ന് പത്രപ്രവർത്തക യൂണിയന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.സിദ്ദിഖ് കാപ്പന്റെ ബന്ധുക്കളുടെ മൊബൈൽ നമ്പർ എന്നുപറഞ്ഞ് എഫ് ഐ ആറിൽ നൽകിയിരിക്കുന്നതു പോലും തെറ്റായ കാര്യങ്ങളാണെന്ന് കെ.യു.ഡബ്യു.ജെ. പറഞ്ഞു.ഹർജിയുമായി ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും അതിനു തയാറുണ്ടോയെന്നും പത്രപ്രവർത്തകയൂണിയനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലിനോട് കോടതി ആരാഞ്ഞു.

ആത്മഹത്യാ പ്രേരണാക്കേസിൽ മാധ്യമ പ്രവർത്തകനായ അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയത് സിബൽ പരാമർശിച്ചു. ആ വിധിയുടെ പശ്ചാത്തലത്തിൽ കാപ്പന്റെ കേസ് പരിഗണിക്കണമെന്ന് സിബൽ വാദിച്ചു. ഓരോ കേസും വ്യത്യസ്തമാണെന്നായിരുന്നു ഇതിനോട് കോടതിയുടെ പ്രതികരണം. എന്നാൽ ഇതേ കേസിലെ മറ്റു പ്രതികളുടെ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഒരു മാസത്തെ നോട്ടീസാണ് ഹൈക്കോടതി നൽകിയിരിക്കുന്നതെന്നും ഈ കേസ് സുപ്രീം കോടതി തന്നെ കേൾക്കണമെന്നും കപിൽ സിബൽ പറഞ്ഞു. കേസിൽ കാപ്പന്റെ ഭാര്യയെ കക്ഷിചേർക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.ഹർജിയിൽ ഭാര്യയെയും മകളെയും കക്ഷിചേർക്കാൻ കെ.യു.ഡബ്‌ള്യു.ജെക്ക് സുപ്രീം കോടതി അനുമതി നൽകി.

പത്രപ്രവർത്തക യൂണിയൻ നൽകിയ എതിർ സത്യവാങ്മൂലത്തോടുള്ള പ്രതികരണം ഉടൻ ഫയൽ ചെയ്യുമെന്ന് യുപി സർക്കാർ അറിയിച്ചു. മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ വർഗീയ സംഘർഷമുണ്ടാക്കാനാണ് അറസ്റ്റിലായവർ ശ്രമിച്ചതെന്ന് നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ ആരോപിച്ചിരുന്നു. കാപ്പൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസ് സെക്രട്ടറി ആണെന്നും കൂടെ അറസ്റ്റിലായവർ കാംപസ് ഫ്രണ്ടിന്റെ സജീവ പ്രവർത്തകരാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കാപ്പൻ പോപ്പുലർ ഫ്രണ്ട് സെക്രട്ടറിയാണെന്നത് തെറ്റായ ആരോപണമാണെന്ന് എതിർ സത്യവാങ്മൂലത്തിൽ യൂണിയൻ അറിയിച്ചു.