കൊച്ചി: ചിറ്റൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഘത്തിലെ പ്രധാനി അസാമിൽ പൊലീസ് പിടിയിൽ. നാഗാലാന്റ് അതിർത്തിയിലെ ജൂരിയ ഗ്രാമവാസിയും സ്ഥിരം കുറ്റവാളിയുമായ സിദ്ദിഖ് ഉൾ ഇസ്‌ളാ(26)മിനെയാണ് ചേരാനല്ലൂർ എസ് ഐ കെ സുലുമോൻ സി പി ഒ മാരായ മനോജ് അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസാഥനത്തിൽ കൂട്ടാളികളെ കണ്ടെത്താൻ പൊലീസ് സംഘം ഊർജ്ജിത നീക്കം നടത്തിവരികയാണെന്നാണ് ലഭ്യമായ വിവരം.ഇയാൾ താമസിച്ചുവന്നിരുന്ന ഗ്രാമം കുറ്റവാളികളുടെ സ്ഥിരം താവളമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നാട്ടിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ സിദ്ദിഖ് ജോലിക്കായി കേരളത്തിലേക്ക് വണ്ടികയറുകയായിരുന്നെന്നാണ് പൊലീസിന് നൽകുന്ന വിവരം.പെരുംമ്പാവൂരിൽ നിർമ്മാണ മേഖലയിൽ ജോലിചെയ്തുവരുന്നതിനിടെയായിരുന്നു കൂട്ടാളികളുമായിച്ചേർന്ന് ചിറ്റൂർ സ്വദേശി സാജുവിന്റെ വീട്ടിൽ ഇയാൾ കവർച്ച നടത്തിയത്.

കഴിഞ്ഞ മാസം 14-ന് പുലർച്ചെയായിരുന്നു കവർച്ച. കതകിന്റെ കുറ്റി തകർത്താണ് കവർച്ച സംഘം അകത്തുകടന്നത്.17 പവൻ സ്വർണ്ണവും 4800 രൂപയും രണ്ട് മൊബൈലുകളുമാണ് ഇവിടെ നിന്നും കവർച്ച ചെയ്യപ്പെട്ടത്.കവർച്ചയ്ക്ക് ശേഷം നാട്ടിലെത്തി ആർഭാട ജീവിതം നയിച്ചുവരുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്.

രഹസ്യസൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ്‌സാമിൽ നിന്നും പൊലീസ് കണ്ടെത്തുന്നത്.തെളിവെടുപ്പുകൾക്കും കൂടുതൽ അന്വേഷണങ്ങൾക്കും ശേഷം 9-ന് ഇയാളെയും കൊണ്ട് പൊലീസ് സംഘം കേരളത്തിലേക്ക് തിരിക്കും.