തിരുവനന്തപുരം: കോൺഗ്രസിൽ എ ഗ്രൂപ്പിൽനിന്ന് അകന്നെന്ന പ്രചാരണങ്ങൾക്കിടെ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ്. ഉമ്മൻ ചാണ്ടിയുമായുള്ളത് വൈകാരിക ബന്ധമാണെന്നും, അതിൽ ഇടർച്ചയില്ലെന്നും ടി സിദ്ദീഖ് പ്രതികരിച്ചു.

പുനഃസംഘടന നടത്തുമ്പോൾ പല തരത്തിലുള്ള വൈഷമ്യതകളുണ്ടാകും. അതൊക്കെ കൂട്ടായ ചർച്ചകളിലൂടെ പരിഹരിക്കും. വർക്കിങ് മൂഡിലേക്കു പാർട്ടിയെ മാറ്റിയെടുക്കുക എന്നതാണു ലക്ഷ്യം. ഉമ്മൻ ചാണ്ടിയുമായുള്ളത് വൈകാരിക ബന്ധമാണ്. അതിന് ഇടർച്ചയും തകർച്ചയും സംഭവിച്ചിട്ടില്ല. മറ്റു പ്രചാരണങ്ങളിൽ വാസ്തവമില്ല.

ആരെയും മാറ്റിനിർത്തി മുന്നോട്ടുപോകാനാവില്ലെന്നും എല്ലാവരും യോജിച്ച് പോകണമെന്നും സിദ്ദീഖ് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ധിക്കരിച്ച് ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ പ്രവീൺ കുമാറിനെ സിദ്ദീഖ് തുണച്ചുവെന്ന് എ ഗ്രൂപ്പിൽനിന്നുതന്നെ അഭിപ്രായം ഉയർന്നിരുന്നു.