തിരുവനന്തപുരം: മെഡിക്കൽ കോളേജ് ക്യാമ്പസിലെത്തിയാൽ വഴിതെറ്റാതിരിക്കാൻ വഴികാട്ടിയായി പുതിയ ചൂണ്ടു പലകകൾ സ്ഥാപിച്ചു. അഞ്ച് ലക്ഷത്തോളം രൂപമുടക്കി എസ്.ബി.ടി.യുടെ സാമ്പത്തിക സഹായത്തോടെ മീഡിയ സെല്ലും പീഡ് സെല്ലും സംയുക്തമായാണ് മെഡിക്കൽ കോളേജിൽ ഈ ചൂണ്ടുപലകകൾ സ്ഥാപിച്ചത്.

35,000 ലധികം ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി എത്തുന്ന സ്ഥലമാണ് മെഡിക്കൽ കോളേജ് ക്യാമ്പസ്. മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ് ആശുപത്രി, എസ്.എസ്.ബി., എസ്.എ.റ്റി. ആശുപത്രി, മോർച്ചറി, ശ്രീ ചിത്ര തിരുനാൾ ആശുപത്രി, റീജിയണൽ ക്യാൻസർ സെന്റർ, ഡെന്റൽ കോളേജ്, നഴ്സിങ് കോളേജ്, ഫാർമസി കോളേജ്, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, അച്യുതമേനോൻ ഇൻസ്റ്റിറ്റ്യൂട്ട്, ഡി.എം.ഇ ഓഫീസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളും വിഭാഗങ്ങളും ഈ ക്യാമ്പസിലുണ്ട്. പതിനായിരത്തിലധികം വാഹനങ്ങളാണ് ദിവസവും ഇവിടെയെത്തുന്നത്. 5 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ സ്ഥലത്തെത്തിയാൽ വഴിയറിയാതെ അലയുന്നവരാണ് ബഹുഭൂരിപക്ഷവും. ഇവരുടെ പ്രശ്നങ്ങൾ മാദ്ധ്യമ പ്രവർത്തകർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അങ്ങനെയാണ് ജനങ്ങൾക്ക് വഴികാട്ടിയായി ചൂണ്ടുപലകകൾ സ്ഥാപിച്ചത്.

മെഡിക്കൽ കോളേജിലെ എല്ലാ സ്ഥാപനങ്ങളുടേയും സ്ഥാനങ്ങൾ നിർണയിക്കുന്ന 15 അടി പൊക്കവും 20 അടി വീതിയുമുള്ള രണ്ട് കൂറ്റൻ ലാൻഡ്മാർക്ക് മാപ്പുകൾ മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടത്തിന് സമീപത്തും ഒ.പി. ബ്ലോക്കിലേക്കുള്ള റോഡിന്റെ തുടക്കത്തിലും സ്ഥാപിച്ചിട്ടുണ്ട്. കാമ്പസിനുള്ളിൽ കടന്നാൽ ഓരോ ചെറിയ ജംഗ്ഷനിലും കോർണർ ഡയറക്ഷൻ ബോർഡുകളും ബ്ലഡ് ബാങ്ക്, മെഡിക്കൽ കോളേജ്, എസ്.എസ്.ബി. എന്നിവിടങ്ങളിൽ വലിയ 3 ഡിപ്പാർട്ട്മെന്റ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവിധ വിഭാഗങ്ങളിലായി 56 ഡിപ്പാർട്ട്മെന്റ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.