കൊച്ചി: ട്വന്റി ഫോർ ന്യൂസ് ചാനൽ മേധാവിക്കെതിരെ ആരോപണമുന്നയിച്ചതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരെ സ്റ്റൂഡിയോയിൽ കയറി അതിക്രമം കാട്ടി എന്ന് തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നതെന്ന് മാധ്യമ പ്രവർത്തകയും ഇതേ ചാനലിന്റെ ചീഫുമായ സി ഉണ്ണികൃഷ്ണന്റെ ഭാര്യ സിജി ഉണ്ണികൃഷ്ണൻ മറുനാടനോട് പറഞ്ഞു. താൻ അനുഭവിക്കുന്ന ദുരിതങ്ങൾ ചാനൽ മേധാവിയായ ശ്രീകണ്ഠൻ നായരെ നേരിൽ കണ്ട് അറിയിക്കാനും തനിക്ക് നീതി ലഭിക്കാനായി വാർത്ത ചെയ്യണമെന്നും ആവശ്യപ്പെടാനുമാണ് കഴിഞ്ഞ 9 ന് ചാനൽ സ്റ്റുഡിയോയിൽ പോയത്. എന്നാൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെന്നും അവിടെയുണ്ടായിരുന്നവരോട് സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളെപറ്റി നിങ്ങൾക്കെന്തെങ്കിലും അറിയാമോ എന്നും ചോദിച്ചു. പിന്നീട് അവിടെ നിന്നും തിരികെ വീട്ടിലേക്ക് പോരുകയായിരുന്നു ചെയ്തത് എന്നും സിജി പറയുന്നു.

ഏറെ നാളായി ഭർത്താവ് ഉണ്ണികൃഷ്ണനുമായി കുടുംബപ്രശ്നങ്ങളുടെ പേരിൽ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു കുട്ടികളെ ഉണ്ണികൃഷ്ണന്റെ തൃശൂരിലെ വീട്ടിൽ നിർത്തിയിരിക്കുകയാണ്. ഗാർഹിക പീഡനത്തിനായി സിജി ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ അരൂർ പൊലീസിൽ പരാതി നൽകിയെങ്കിലും ഉന്നത സ്വാധീനംമൂലം കേസ് എടുത്തിരുന്നില്ല. എന്നാൽ പിന്നീട് നിരന്തരമായി പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയതിന്റെ ഫലമായി ഒടുവിൽ പൊലീസിന് കേസെടുക്കേണ്ടി വന്നു.

ഇതിനിടയിൽ തനിക്ക് നേരിടുന്ന പ്രശ്നങ്ങൾ ട്വന്റിഫോറിലൂടെ വാർത്തയാക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കരയിലെ സ്റ്റുഡിയോയിലേക്ക് സിജി എത്തി. എന്നാൽ അവിട വച്ച് ശ്രീകണ്ഠൻ നായരെ കാണാൻ അനുവദിക്കാതെ ജീവനക്കാർ തടഞ്ഞു. ഈ സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് സിജിക്കെതിരെ 24 ന്യൂസ് ചാനൽ അവതാതരക സുജയ പാർവ്വതി തന്നോട് അതിക്രമം കാട്ടിയെന്നും ശ്രീകണ്ഠൻ നായരെ അസഭ്യം പറയുകയും മറ്റും ചെയ്തെന്ന് കാട്ടി പരാതി നൽകിയത്. പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇത്തരത്തിൽ ഒരു പരാതി കൊടുക്കാൻ ട്വന്റി ഫോർ ചാനൽ ഇറങ്ങിയതിന് പിന്നിൽ പ്രതികാരമാണെന്നാണ് സിജിയുടെ വാദം. ഏതാനം ദിവസങ്ങൾക്ക് മുൻപ് മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിന് പിന്നിൽ ചിലരുടെ ഗൂഢാലോചനയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. കൂടാതെ ശ്രീകണ്ഠൻ നായർ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സിജി പറഞ്ഞു. ഇക്കാര്യം പ്രദീപ് തന്നോട് പറഞ്ഞിരുന്നതായാണ് അവർ വ്യക്തമാക്കിയത്. ഇക്കാര്യങ്ങൾ കേസിൽ കക്ഷിചേർന്ന് കോടതിയെ അറിയിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 10 ദിവസം മുൻപ് ചാനൽ സ്റ്റുഡിയോയിലെത്തി സിജി അതിക്രമം കാട്ടിയെന്ന് പരാതി നൽകിയിരിക്കുന്നത്. ഇതിനെതിരെ കടുത്ത നടപടികളുമായി പോകാനാണ് സിജിയുടെ തീരുമാനം.

അതേ സമയം തന്നെ താൻ ഒരു വലിയ മാധ്യമ സ്ഥാപനത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ ഏതുവിധേനയും അവർ അപായ്പെടുത്താൻ ശ്രമിക്കുമെന്ന ഭയമുള്ളതായി സിജി പറയുന്നു. എന്തും ചെയ്യാൻ മടിയില്ലാത്തവരാണവർ. നിരന്തരം വ്യാജ വാർത്തകൾ ചെയ്ത് മറ്റുള്ളവരെ തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എസ്.വി പ്രദീപേട്ടനെ അവർ ഭീഷണിപ്പെടുത്തിയത് ഏ.ആർ റഹ്മാൻ ഷോയുമായി ബന്ധപ്പെട്ടുള്ള വാർത്ത നൽകിയതിനായിരുന്നു. ആയിരക്കണക്കിന് പേരെ ടിക്കറ്റ് വച്ച് വിളിച്ചുവരുത്തി വെള്ളക്കെട്ടിൽ ഷോ നടത്താൻ തുനിഞ്ഞ സംഭവം വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.

റഹ്മാനെ പോലൊരു വലിയ മനുഷ്യനെ വിളിച്ചുവരുത്തി ഒരു പേക്കൂത്തായിരുന്നു അവർ നടത്തിയതെന്നും സിജി പറയുന്നു. പെരുമഴയത്തും ഇടിമിന്നലിലും ഇത്രയും ജനങ്ങളെ അണിനിരത്തി നടത്തിയ പരിപാടിയിൽ ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വലിയ അപായമുണ്ടായേനെ. ആയിരക്കണക്കിന് പേരുടെ ജീവൻ പണയം വച്ചാണ് ശ്രീകണ്ഠൻ നായർ ആ ഷോ നടത്തിയത്. അതിനെതിരെ രംഗത്ത് വന്നതുകൊണ്ടാണ് ശ്രീകണ്ഠൻ നായർ എസ്.വി പ്രദീപിനെതിരെ തിരിഞ്ഞത്. ഈ പറയുന്നതിന്റെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏൽക്കുകയാണ്. ഏത് നിയമനടപടിയും സ്വീകരിക്കാൻ തയ്യാറാണ്.

എസ്.വി പ്രദീപിനെ കൊലചെയ്തത് ശ്രീകണ്ഠൻ നായരോ മകനോ ട്വന്റി ഫോർ ചാനൽ വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണനോ ആണെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും സിജി ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാൽ ഇവർ എസ്. വി പ്രദീപിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത് തനിക്ക് നേരിട്ട് അറിവുള്ളതാണ്. അതാണ് താൻ വെളിപ്പെടുത്തിയതെന്നും സിജി പറയുന്നു.

ഉണ്ണികൃഷ്ണൻ എസ്.വി പ്രദീപിനെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത്. അദ്ദേഹം ചെയ്തത് തെറ്റായിരുന്നെന്ന ബോധ്യം ഉള്ളതുകൊണ്ട് താൻ എസ്.വി പ്രദീപിനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. ശ്രീകണ്ഠൻ നായർ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം മകൻ നേരിട്ട് കേസ് കൊടുക്കുകയും മകനും ചാനൽ മേധാവിമാരും ഭീഷണിപ്പെടുത്തിയതായും എസ്.വി പ്രദീപ് തന്നെ തന്നോട് വെളിപ്പെടുത്തിയതായി സിജി മറുനാടനോട് പറഞ്ഞു.