ഭൂട്ടാനിലെ ദോഘ്‌ലാ മേഖലയിൽ റോഡ് നിർമ്മിക്കാനെത്തിയ ചൈനീസ് സേനയെ തടഞ്ഞ് ഇന്ത്യൻ സേന നിലയുറപ്പിച്ചിട്ട് ഒരുമാസം തികയുന്നു. ജൂൺ 16-നാണ് ദോലാം പീഠഭൂമിയിലേക്ക് ഇന്ത്യൻ സൈന്യമെത്തിയത്. സിക്കിമും ഭൂട്ടാനും ചൈനയും ഉൾപ്പെടുന്ന മുക്കവലയിലെ ചൈനീസ് ഇടപെടൽ അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം.

മുന്നൂറോളം വരുന്ന ഇന്ത്യൻ സൈനികർ ഇവിടെ ടെന്റ് കെട്ടി താമസിക്കുകയാണ്. നൂറുമീറ്റർ അകലെയായി ചൈനീസ് സേനയും സമാനമായ രീതിയിൽ തങ്ങുന്നു. ഇരുസേനകളും പ്രശ്‌നത്തിൽ പിന്നോട്ടില്ലെന്ന ശക്തമായ നിലപാടിലാണ്. എന്താകും മുക്കവലയിൽ സംഭവികകുകയെന്നത് ലോകത്തെത്തന്നെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.

മേഖലയിൽ സംഭവിച്ചേക്കാവുന്ന ഏതാനും സാധ്യതകളുണ്ട്. ഇന്ത്യ മേഖലയിൽനിന്ന് പിന്മാറുകയും ചൈന റോഡുനിർമ്മാണവുമായി മുന്നോട്ടുപോവുകയുമാണ് അതിലൊന്ന്. ചൈന ആവശ്യപ്പെടുന്നതും ഇതാണ്. ഇത് ഭൂട്ടാന്റെ മേഖലയാണെന്നും ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്നും ഇന്ത്യ ഏകപക്ഷീയമായി പിന്മാറണമെന്നുമാണ് ചൈനയുടെ ആവശ്യം. എന്നാൽ, ഏകപക്ഷീയമായി ഇന്ത്യ ഇവിടെനിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കേണ്ട. അത്രയ്ക്കും തന്ത്രപ്രധാനമായ മേഖലയാണിത്.

ഇന്ത്യ ആവശ്യപ്പെടുന്നതുപോലെ, ചൈന ഏകപക്ഷീയമായി പിന്മാറുന്നതാണ് മറ്റൊരു സാധ്യത. റോഡ് നിർമ്മാണം അവസാനിപ്പിച്ച് സേനയെ പിൻവലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ജാംഫേരി റിഡ്ജിലേക്ക് രണ്ടുകിലോമീറ്റർ റോഡാണ് ഇനി തീരാനുള്ളത്. ചൈന ഏകപക്ഷീയമായി പിന്മാറുകയാണെങ്കിൽ, ഇന്ത്യൻ സേനയ്ക്ക് അവിടെത്തുടരാനുള്ള ധാർമിക അവകാശമില്ലാതെവരും. ഏതായാലും ഈ സാധ്യതയും നടപ്പിലാകാൻ ഇടയില്ല.

ഇരുസേനകളും ഇപ്പോഴത്തേതുപോലെ തുടരുകയും പ്രതിസന്ധി അയവില്ലാതെ തുടരുകയുമാണ് മറ്റൊരു സാധ്യത. അരുണാചൽ പ്രദേശിലെ സുംദൊരോങ് ചു താഴ്‌വരയിൽ 1987-ൽ സമാനമായ സ്ഥിതിവിശേഷമുണ്ടായിരുന്നു. മാസങ്ങളോളമാണ് ഇരുസേനകളും നേർക്കുനേർ നിലയുറപ്പിച്ചത്. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ദോലാൻ മേഖലയിൽ സൈന്യത്തെ ഏത്രനാൾ വേണമെങ്കിലും തുടരാൻതക്ക ശേഷി ഇന്ത്യൻ സേനയ്ക്കുണ്ട്. അതേ ശേഷി ചൈനയ്ക്കുമുണ്ട്.

നയതന്ത്രതലത്തിൽ ഇടപെടുകയും ഇരുസേനകളും പിന്മാറുകയുമാണ് മറ്റൊരു സാധ്യത. ജി-20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപെങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഉച്ചകോടിക്ക് മുന്നെ, അതുണ്ടാവില്ലെന്ന് ചൈന പ്രഖ്യാപിച്ചു. ഇരുനേതാക്കളും ഹാംബുർഗിൽ കണ്ടെങ്കിലും ഈ പ്രശ്‌നം ചർച്ചാവിഷയമായില്ലെന്നാണ് സൂചന. മുൻകാലങ്ങളിൽ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ കൈയേറ്റങ്ങൾ നയതന്ത്ര ഇടപെടലിലൂടെയാണ് പരിഹരിക്കപ്പെട്ടിട്ടുള്ളത്.

ജാംഫേരി റിഡ്ജിലേക്ക് റോഡ് നിർമ്മാണം തടയുകയെന്നതുമാത്രമാണ് ഇന്ത്യയുടെ അജൻഡ. പ്രശ്‌നം വഷളാക്കാൻ ഇന്ത്യക്ക് ആഗ്രഹവുമില്ല. മേഖലയിൽ കടന്നുകയറി എന്തെങ്കിലും ചെയ്യാൻ ചൈന തയ്യാറായേക്കില്ല. കാരണം, ഇവിടെ മേൽക്കോയ്മ ഇന്ത്യൻ സേനയ്ക്കാണ്. ഇന്ത്യൻ സേന തടഞ്ഞതിനുശേഷം റോഡ് നിർമ്മാണം ചൈന നിർത്തിവെച്ചതിന് കാരണവും അതുതന്നെയാണ്. പ്രശ്‌നം പരിഹരിക്കുന്നതുപോലെ ഇപ്പോഴത്തേതുപോലെ നേർക്കുനേർ നിലയുറപ്പിക്കൽ തുടരുമെന്നാണ് സൂചന. ഇപ്പോഴത്തെ സംഘർഷം യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യതയും വിരളമാണ്.