തിരുവനന്തപുരം: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നെയ്ത്തു തൊഴിലാളികൾ സംഘടിപ്പിക്കുന്ന ദേശീയ സിൽക്ക് മേള ശ്രീമൂലം ക്ലബ്ബിൽ ആരംഭിച്ചു. നൂറിൽപരം ഡിസൈനർമാരും തൊഴിലാളികളും മേളയിൽ തങ്ങളുടെ പരമ്പരാഗത രീതിയിലുള്ള നെയ്ത്തു തുണികൾ പ്രദർശിപ്പിക്കുന്നുണ്ട്. 1,50,000 ൽ അധികം ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിനും വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്നും കോയമ്പത്തുർ സിൽക്ക്, കാഞ്ചീവരം സിൽക്ക്, കർണാടകയിൽ നിന്നും ബാംഗ്ലൂർ സിൽക്ക്, ക്രേപ് ജോർജറ്റ് സാരി, അസംസ്‌കൃത പട്ട് തുണിത്തരങ്ങൾ, ആന്ധ്രപ്രദേശിൽ നിന്നും കലംകാരി, പോച്ചംപള്ളി, മംഗൽഗിരി തുണിത്തരങ്ങൾ, ഉപ്പട, ഗഡ്‌വാൽ, ധർമ്മവാരം ശുദ്ധമായ പട്ട് ജരി സാരികൾ, ബിഹാറിൽ നിന്നും തസ്സാർ, കാന്താ, ഭാഗൽപുർ പട്ട് തുണിത്തരങ്ങൾ, ബ്ലോക്ക് ഹാൻഡ്പ്രിന്റ്, ഖാദി സിൽക്ക്, കോട്ടൺ തുണിത്തരങ്ങൾ, ചത്തീസ്ഗഢിൽ നിന്നും കോസ സിൽക്ക് സാരി, ഘിച്ചാ സിൽക്ക് സാരി, മൽബറി അസംസ്‌കൃത പട്ട്, ബ്ലോക്ക് പ്രിന്റഡ് പട്ട് സാരി, ഗുജറാത്തിൽ നിന്നും ബാന്ധനി, പട്ടോള, കച്ച് എംബ്രോയിഡറി, കാശ്മീരിൽ നിന്നും താബി സിൽക്ക് സാരി, പഷ്മീന ഷോളുകൾ, ചിനാൻ സിൽക്ക് സാരി, മദ്ധ്യപ്രദേശിൽ നിന്നും ചന്ദേരി, മഹേശ്വരി കോട്ടൺ പട്ട് സാരി സ്യൂട്ട്, ഒഡീഷയിൽ നിന്നും ബൊംകൈ, സംഭൽപുർ, രാജസ്ഥാനിൽ നിന്നും ബാന്ധേജ്, ബാന്ധനി സിൽക്ക സാരി, ജയ്പുർ കുർത്തി, ബ്ലോക്ക് പ്രിന്റ്, സംഗനേരി പ്രിന്റ്, കോട്ട ദോറിയ, ഉത്തർപ്രദേശിൽ നിന്നും താൻചോയി, ബനാറസി ജംദാനി, ജമാവർ, ബ്രോക്കറ്റ് തുണിത്തരങ്ങൾ, ലക്ക്‌നവി ചികൻ, പശ്ചിമ ബംഗാളിൽ നിന്നും ശാന്തിനികേതൻ, കാന്താ സാരി, ബാലുചാരി, നീംജരി സാരി, ഢക്കായി ജംദാനി, മഹാരാഷ്ട്രയിൽ നിന്നും ജരിപൈതാനി സാരി എന്നീ ശ്രേണിയിലുള്ള തുണിത്തരങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

കൈത്തറി തൊഴിലാളികളുടെ ഉന്നമനത്തിനും പ്രോത്സാഹനത്തിനും പിന്നെ കൈത്തറി വ്യവസായത്തിന് ഒരു വിപണി കണ്ടെത്തുക എന്ന ലക്ഷ്യ- ത്തോടെയാണ് ഈ മേള സംഘടിപ്പിച്ചതെന്നും ഇന്ത്യയൊട്ടാകെ 1997 ൽ തുടങ്ങി 25 നഗരങ്ങളിലായി 150 ൽപ്പരം പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും നാഷണൽ സിൽക്ക് മേളയുടെ സംഘാടകൻ ജയേഷ കുമാർ ഗുപ്ത പറഞ്ഞു. കൈത്തറി തൊഴിലാളികളിൽ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുകയുമാണ് മേളകൊണ്ട്  ഉദ്ദേശിക്കുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ഗ്രാമീൺ ഹസ്ഥകലാ വികാസ് സമിതിയുടെ കീഴിലുള്ള തൊഴിലാളികളാണ് മേളയിൽ പങ്കെടുക്കുന്നത്. മേള  13 രാത്രി 9 മണിവരെ നടക്കും. 50 രൂപ മുതൽ 20,000 വരെ വിലവരുന്ന തുണിത്തരങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.