2000 വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്ക് ചരക്കുകൾ ഒഴുകിയിരുന്ന പട്ട് പാതയിലൂടെ അഥവാ സിൽക്ക് റൂട്ടിലൂടെ ആദ്യമായി ഒരു ചരക്ക് തീവണ്ടി കുതിച്ചെത്തിയിരിക്കുകയാണിപ്പോൾ. ചൈനയിൽ നിന്നും 18 ദിവസങ്ങൾക്ക് മുമ്പ് പുറപ്പെട്ട ട്രെയിനാണ് ഇന്നലെ ഈസ്റ്റ് ലണ്ടനിലെത്തിയിരിക്കുന്നത്. ഇതോടെ 2000 വയസുള്ള പട്ട്പാതയിലൂടെയുള്ള വ്യാപാരത്തിന്റെ പുതിയൊരു യുഗത്തിനാണ് പച്ചക്കൊടി വീശപ്പെട്ടിരിക്കുന്നത്. ഒമ്പത് രാജ്യങ്ങളിലൂടെ 7500 മൈലുകൾ താണ്ടിയാണ് ട്രെയിൻ ലണ്ടനിലെത്തിയിരിക്കുന്നത്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന സിൽക്ക് റൂട്ട് തുറന്നിടുന്നത് അവസരങ്ങളുടെ പുതിയ വാതിലാണ്. ഇതാദ്യമായിട്ടാണ് ഈ റൂട്ടിലൂടെ ചൈനയിൽ നിന്നും യുകെയിലേക്ക് ഇത്തരത്തിൽ ഒരു ചരക്ക് തീവണ്ടി എത്തിയിരിക്കുന്നത്.

ചൈനയിലെ കിഴക്കൻ പ്രവിശ്യയായ സെജിയാംഗിലെ ഹോൾസെയിൽ മാർക്കറ്റ് ടൗണാണ യിവുവിൽ നിന്നാണ് ട്രെയിൻ യാത്ര പുറപ്പെട്ടിരുന്നത്. ഇത്രയും ദിവസത്തിനിടെ കസാക്കിസ്ഥാൻ, റഷ്യ, ബെലാറസ്, പോളണ്ട്, ജർമനി, ബെൽജിയം, ഫ്രാൻസ്, ഇറ്റലി, തുടങ്ങിയ രാജ്യങ്ങൾ താണ്ടുകയും അവസാനം ഇംഗ്ലീഷ് ചാനലിനടിയിലൂടെ മുറിച്ച് കടന്ന് ബ്രിട്ടനിലെത്തുകയുമായിരുന്നു. 20 അടിയുള്ള 68 കണ്ടയിനറുകളും വഹിച്ച് കൊണ്ടാണ് വണ്ടിയെത്തിയിരിക്കുന്നത്. വീട്ടുസാധനങ്ങൾ, തുണിത്തരങ്ങൾ, ബാഗുകൾ, സ്യൂട്ട്കേസുകൾ തുടങ്ങിയവ അടക്കമുള്ള നിരവധി സാധനങ്ങളാണ് ട്രെയിനിൽ കൊണ്ടു വന്നിരിക്കുന്നത്. ഇതിൽ പത്ത് കണ്ടയിനറുകൾ ജർമൻ ഹബായ ഡ്യൂയിസ്ബർഗിൽ ഇറക്കിയിട്ടുണ്ട്. ബാക്കിയുള്ളവ ലണ്ടനിലെ ബാർക്കിങ് യൂറോഹബ് ഫ്രെയിറ്റ് ടെർമിനലിൽ ആണ് ഇറക്കിയത്.

ചൈനയിൽ നിന്നും ഇത്തരത്തിൽ എത്തിയ ആദ്യ ട്രെയിനിന് ഊഷ്മളമായ സ്വീകരണമാണ് ലണ്ടനിൽ നൽകിയത്. ചമയവും നിറച്ചാർത്താർന്ന വസ്ത്രങ്ങളുമണിഞ്ഞ നിരവധി നർത്തകരും ഡ്രമ്മർമാരും കൊറിയോഗ്രാഫർമാരും ചൈനീസ് ഡ്രാഗനുകളെ പോലെ അണിഞ്ഞൊരുങ്ങി ആഘോഷത്തിന് കൊഴുപ്പേകാനെത്തിയിരുന്നു. ഇതിന് പുറമെ ചൈനീസ് എംബസിയിലെയും വ്യാപാരമേഖലയിലെയും പ്രതിനിധികളും സന്നിഹിതരായിരുന്നു. ഹംബർഗ്, മാഡ്രിഡ് അടക്കമുള്ള നിരവധി യൂറോപ്യൻ ഡെസ്റ്റിനേഷനുകളിലേക്ക് ചൈന റെയിൽവേയ്ക്ക് ചരക്ക് സർവീസുണ്ട്. പടിഞ്ഞാറൻ നാടുകളിലേക്ക് ചൈനയിൽ നിന്നുമുണ്ടായിരുന്ന പുരാതന സിൽക്ക് റോഡ് വ്യാപാര മാർഗങ്ങൾ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണിവ നടത്തുന്നത്. 

കടലിലൂടെ സാധനങ്ങൾ കയറ്റി അയക്കുന്നതിനേക്കാൾ വേഗത്തിൽ പുതിയ മാർഗത്തിലൂടെ അയക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. ആഴ്ച തോറും ഇത്തരത്തിൽ ട്രെയിൻ സർവീസ് ആവശ്യത്തിനനുസൃതമായി അയക്കാനാണ് ആലോചിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകാൻ തയ്യാറെടുക്കുന്ന യുകെയെ സംബന്ധിച്ചിടത്തോളം ചൈനയുമായി വ്യാപാര ബന്ധങ്ങൾ പുഷ്ടിപ്പെടുത്തുന്നത് നിർണായകമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ പ്രഖ്യാപിച്ചിരുന്നു. 202 ബിസിയിൽ ചൈനയിലെ ഹാൻ രാജവംശത്തിന്റെ കാലത്ത് ചൈനീസ് സിൽക്ക് യൂറോപ്പിലേക്ക് കയറ്റി അയക്കാൻ തുടങ്ങിയതോടെയാണ് ഈ പാതയ്ക്ക് പട്ട് പാതയെന്ന് പേര് ലഭിച്ചത്. എന്നാൽ അധികം വൈകാതെ മറ്റ് വിലയേറി വസ്തുക്കളായ സ്വർണം, വെള്ളി, ഓട്, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയും ഇതിലൂടെ കയറ്റി അയക്കാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ ചൈനയിൽ നിന്നു ഈജിപ്തിലേക്കായിരുന്നു വ്യാപാരം. പിന്നീട് ഇത് പുരാതന ഗ്രീസ്, റോം എന്നിവിടങ്ങളിലേക്കും ക്രമേണ മധ്യയൂറോപ്പിലേക്കും വ്യാപിക്കുകയായിരുന്നു.