ഡേർട്ടി പിക്ചറിനു ശേഷം വീണ്ടും സിൽക്ക് സ്മതിയുടെ ജീവിത കഥ അഭ്രപാളിയിൽ പുനർജനിക്കുന്നു. ഇത്തവണ ക്യാമറാമാനും സംവിധായകനുമായ വേലുപ്രഭാകരാണ് തനിക്ക് സിൽക്ക് സ്മിതയോടുണ്ടായരുന്ന പ്രണയം സിനിമയാക്കുന്നത്. തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റിയും സ്മിതയുമായുള്ള തന്റെ അടുപ്പവുമാണ് സിനിമയുടെ ഇതിവൃത്തമെന്ന് പ്രഭാകർ വെളിപ്പെടുത്തി.

കടവുൾ, കാതൽ കഥൈ എന്നീ വിവാദ ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് വേലുപ്രഭാകർ. സിൽക്കുമായുള്ള തന്റെ പ്രണയം തുറന്നുകാട്ടുന്ന ചിത്രത്തിന് ഒരു ഇയക്കുനരിൻ ഡയറി എന്നാണ് പേരിട്ടിരിക്കുന്നത്. സത്യരാജ് നായകനായ പിക്‌പോക്കറ്റ് (1989) എന്ന ചിത്രത്തിൽ ക്യാമറാമാനായി പ്രവർത്തിക്കുമ്പോഴാണ് സിൽക്ക് സ്മിതയെ കണ്ടതെന്ന് പ്രഭാകരൻ പറഞ്ഞു. സിനിമയുടെ പകുതിയായപ്പോഴേക്കും തങ്ങൾക്കിടയിൽ പ്രണയമുണ്ടായെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു.

ഇതു രണ്ടാം തവണയാണ് അകാലത്തിൽ വിടപറഞ്ഞ ഗ്ലാമർ നായിക സിൽക്ക് സ്മിതയുടെ ജീവിത കഥ സിനിമയാകുന്നത്. വിദ്യാ ബാലൻ നായിക വേഷത്തിലെത്തിയ ഹിന്ദി ചിത്രം ഡേർട്ടി പിക്ചർ ആയിരുന്നു സിൽക്ക് സ്മിതയുടെ ജീവിതത്തെ വെള്ളിത്തിരയിലെത്തിച്ചത്.