കോതമംഗലം: 'വണ്ടിക്കൂലി തരാമെന്ന് പറഞ്ഞപ്പോൾ വേണ്ടെന്നും പകരം ഉമ്മ വേണമെന്നും ലോറി ഡ്രൈവർ. ഇവരുടെ കയ്യിൽ നിന്ന് രക്ഷപെടണമല്ലോ എന്നുകരുതി അയാൾ പറഞ്ഞതെല്ലാം ചെയ്തു. ഒരുരാത്രി മുഴുവൻ ലോറിയിൽ കൊണ്ടുനടന്നു. പുലർച്ചെ വഴിയിൽ ഉപേക്ഷിച്ചു'. കഴിഞ്ഞ ദിവസം അടിമാലിയിൽ നിന്നും പൊലീസ് കണ്ടെത്തിയ ആദിവാസി സഹോദരിമാരുടെ മൊഴി ഇങ്ങിനെ.

കുട്ടംമ്പുഴയിലെ ഒരു ആദിവാസി ഊരിലെ നിവാസികളായ പതിനേഴും ഇരുപത്തി ഒന്നും വയസുള്ള സഹോദരിമാരെയാണ് കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ കാണാതായത്. വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ കുട്ടംമ്പുഴ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കുട്ടംമ്പുഴ എസ്.ഐ.ബിജുകുമാർ, അഡീഷണൽ എസ്.ഐ.ജോയി, സിവിൽ പൊലീസ് ഓഫീസർമാരായ എൽദോസ്, സിനി വിനോദ് എന്നിവരടങ്ങുന്ന സംഘം പെൺകുട്ടികളെ വ്യാഴാഴ്ച വൈകിട്ടോടെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കി മാതാപിതാക്കളോടൊപ്പം പറഞ്ഞുവിട്ടു.

അടിമാലിയിൽ നിന്നും കുട്ടമ്പുഴ പൊലീസ് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് മൊഴിയെടുത്തപ്പോഴാണ് ലോറിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഇവർ മനസ്സുതുറന്നത്. കൂട്ടുകാരിയുടെ വീട്ടിൽ പോയി താമസിയാതെ മടങ്ങി വരാമെന്നു കരുതിയാണ് വീട് വിട്ടിറങ്ങിയതെന്ന് വ്യക്തമാക്കിയ ഇവർ, നേര്യമംഗലത്തെത്തി അടിമാലിയിലേക്ക് ബസ്സ് കാത്തുനിന്ന തങ്ങളെ ഇതുവഴി വളവുമായി വന്ന ലോറിയിലെ ഡ്രൈവർ അടിമാലിയിലിറക്കാമെന്നും പറഞ്ഞ് ലോറിയിൽ വിളിച്ചുകയറ്റി കൊണ്ടുപോകുയായിരുന്നെന്നാണ് പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഡ്രൈവറെകൂടാതെ മറ്റൊരാൾകൂടി വണ്ടിയിലുണ്ടായിരുന്നെന്നും സ്ഥലത്തെത്തിയപ്പോൾ നിർത്താതെ ഓടിച്ചുപോയി എന്നും പരിഭ്രാന്തിയിലായ തങ്ങൾ ലോറയിലുണ്ടായിരുന്നവർ നിർദ്ദേശിച്ച പോലെ പ്രവർത്തിക്കേണ്ടി വന്നെന്നും പിന്നീട് വഴിയിൽ ഇറക്കിവിട്ടെന്നുമാണ് പെൺകുട്ടികൾ മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്. പരിചയപ്പെട്ടപ്പോൾ ലോറിയിലുണ്ടായിരുന്നവർ എൽദോസ് ,സിജു എന്നാണ് പേരുകൾ വെളിപ്പെടുത്തിയിരുന്നതെന്നും ഇവർ പൊലീസിൽ സമ്മതിച്ചിട്ടുണ്ട്.

എന്നാൽ പെൺകുട്ടികളുടെ മൊഴിയെ സാധൂകരിക്കുന്ന തരത്തിൽ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലന്ന് കേസന്വേഷണത്തിന്റെ ചുമതലയിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് വ്യക്തമാക്കി. ഇവർ നൽകിയ മൊഴിപ്രകാരം പൊലീസ് കേസെടുത്ത്് അനേഷണം നടത്തുന്നുണ്ടെന്നും ഇവരിൽ ഒരാളുമായി അടുപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തിനേ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.