തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ 415 കിലോമീറ്റർ ദൂരത്തിന്റെ അലൈന്മെന്റ് പുറത്തുവിടാത്തതും വിവാദത്തിൽ. തൃശൂരിൽ ശോഭാ സിറ്റിയെ ഒഴിവാക്കാൻ ലൈനിൽ വളവുണ്ടായി എന്നും ആരോപണമുണ്ട്. സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കൾ പുറത്തു വിടുന്ന മാപ്പുകൾ വ്യാജമാണെന്ന് കെ റെയിൽ പറയുമ്പോഴും യഥാർത്ഥ അലൈന്മെന്റ് പുറത്തു വരുമ്പോൾ വളവും മറ്റും വ്യക്തമാ പരിശോധനകൾക്ക് വിധേയമാകും. കേരളത്തിൽ നിലവിലെ റെയിൽ ട്രാക്കിന് വളവ് കൂടുതലാണ്. അതുകൊണ്ട് അതിവേഗ തീവണ്ടി പാത അതിന് സമാനമായി ഉണ്ടാക്കാൻ കഴിയാത്തത്. ഈ സാഹചര്യത്തിൽ കെ റെയിലിൽ വളവ് ഒഴിവാക്കുകയാണ് വേണ്ടത്. വളവ് കണ്ടാൽ അതിന് അർത്ഥം ആർക്കോ വേണ്ടി അട്ടിമറി നടന്നുവെന്ന് തന്നെയാണ്.

അതുകൊണ്ട് തന്നെ സിൽവർ ലൈനിന്റെ അലൈന്മെന്റ് നേരത്തെ പുറത്തുവിടാൻ സർക്കാർ മടിച്ചതിൽ ദുരൂഹത. അൻവർ സാദത്ത് എംഎൽഎയുടെ നിയമസഭാ ചോദ്യത്തിനു മറുപടിയായി നൽകിയ ഡിപിആർ രേഖയിൽ 115 കിലോമീറ്റർ ദൂരം കഴിഞ്ഞുള്ള അലൈന്മെന്റ് ഉണ്ടായിരുന്നില്ല. എംഎൽഎ പരാതി നൽകി ഒന്നര മാസത്തിനു ശേഷമാണു പൂർണമായ അലൈന്മെന്റ് നൽകിയത്. കോട്ടയം മുതൽ കാസർഗോഡ് വരെ അലൈന്മെന്റിൽ വ്യാപക 'വളവുകൾ' മനപ്പൂർവ്വം ഉണ്ടാക്കിയെന്നാണ് ആരോപണം. ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച ആരോപണം പുതിയ ചർച്ചയായി മാറുകയായിരുന്നു. ഇതോടെയാണ് അലൈന്മെന്റ് ഒളിപ്പിച്ചു വച്ചതും സംശയങ്ങൾക്ക് ഇടനൽകുന്നത്.

ഡിപിആറും സർക്കാർ പുറത്തു വിട്ടിരുന്നില്ല. ഇക്കാര്യത്തിൽ ഹൈക്കോടതി ചില പരമാമർശം നടത്തി. ഇതിന് പിന്നാലെയാണ് ഡിപിആർ പുറത്തു വിട്ടത്. നിയമസഭയിൽ അൻവർ സാദത്ത് അവകാശ ലംഘന നോട്ടീസ് കൊടുത്തിരുന്നു. ഈ പശ്ചാത്തലവും സർക്കാരിന് വിനയായി. ഗതാഗത വകുപ്പാണു നിയമസഭാ സെക്രട്ടേറിയറ്റിനു ഡിപിആറും അലൈന്മെന്റും കൈമാറിയത്. 415 കിലോ മീറ്റർ അലൈന്മെന്റ് രേഖ അവർ നൽകിയിരുന്നില്ല. ഗതാഗത വകുപ്പിനു പൂർണ അലൈന്മെന്റ് ഉൾപ്പെടെയുള്ള ഡിപിആറാണു നൽകിയിരുന്നതെന്നു കെറെയിൽ എംഡി നേരത്തേ വിശദീകരിച്ചിരുന്നു.

അലൈന്മെന്റിന്റെ കോട്ടയം മുതൽ കാസർകോട് വരെയുള്ള ഭാഗം ഗതാഗത വകുപ്പിൽ പിടിച്ചുവച്ചത് എന്തിനെന്നതു ദുരൂഹം. മധ്യകേരളത്തിൽ പല ഭാഗത്തും ആദ്യ അലൈന്മെന്റ് മാറിയതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. തൃശൂരിലെ ശോഭാ സിറ്റിക്ക് വേണ്ടിയും ഇടപെടൽ നടന്നു എന്നാണ് ആക്ഷേപം. തിരൂർ മുതൽ കാസർഗോഡു വരെ കടൽ തീരത്തിന് സമീപത്ത് കൂടിയാണ് പാതയുടെ പോക്ക്. ഇതിന് പിന്നിലും ചില ഇടപെടലുകളുണ്ടെന്നാണ് സൂചന. ഇതെല്ലാം അലൈന്മെന്റിനെ ദുരൂഹമാക്കുന്നു. പക്ഷേ ആരോപണങ്ങൾ കെ റെയിൽ നിഷേധിക്കുന്നു.

 ശോഭാ സിറ്റിയുമായി ബന്ധപ്പെട്ട വിവാദം അടിസ്ഥാന രഹിതമാണെന്നാണ് വിശദീകരണം. ഗൂഗിൾ മാപ്പിൽ കാണുന്ന അലൈന്മെന്റ് പ്രകാരം ശോഭ സിറ്റിയെ ഒഴിവാക്കിയുള്ള വളവാണോ സ്‌ക്രീൻഷോട്ടിൽ കാണാൻ സാധിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. തൃശൂർ ജില്ലയിലെ കെ-റെയിലിന്റെ സ്റ്റോപ്പ് അടയാളപ്പെടുത്തിയതിന് വടക്ക് ഭാഗത്തേക്ക് നീങ്ങുമ്പോൾ പടിഞ്ഞാറ് ഭാഗത്തേക്ക് ക്രമേണ വളവ് അലൈന്മെന്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കെ-റെയിൽ സ്റ്റോപ്പിൽ നിന്ന് സമാന്തരമായി വളവില്ലാതെ അലൈന്മെന്റ് എടുത്താൽ തന്നെ ഇത് ശോഭ സിറ്റി മാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിലൂടെ കടന്നു പോകില്ല.

സൂം ഔട്ട് അയ ദൂരക്കാഴ്‌ച്ചയിൽ മാത്രമാണ് മാപ്പിൽ അലൈന്മെന്റിനോട് ചേർന്നു ശോഭ മാളിനെ ബാധിക്കാത്ത വിധം കെ-റെയിൽ കടന്നു പോകുന്നതായി തോന്നുന്നത്. മാപ്പ് സൂം ഇൻ ചെയ്താൽ എത്രത്തോളം വളവില്ലാതെ തൃശൂരിലെ പ്രധാന സ്റ്റോപ്പിൽ നിന്നും അലൈന്മെന്റ് മുന്നോട്ട് പോയാലും ഇത് ശോഭ മാളിന്റെയും അടുത്തുള്ള മറ്റ് സ്ഥാപനത്തിന്റെയോ അടുത്ത് തന്നെ എത്തുകിയില്ല.

ഉദാഹരണത്തിന് കെ-റെയിൽ അലൈന്മെന്റ് നേരെ സമാന്തരമായി ശോഭ സിറ്റിക്ക് സമീപം കടന്നു പോകുന്ന തൃശൂരിലെ കുട്ടൂരിലെ തലംവാരി സെന്റർ എന്ന സ്ഥാപനവും പുഴയ്ക്കൽ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശോഭ മാളും തമ്മിൽ റോഡ് മാർഗം വേഗത്തിലുള്ള റൂട്ട് പരിശോധിച്ചാൽ തന്നെ ആറര (6.5) കിലോമീറ്റർ ദൂര വ്യത്യാസമുണ്ട്. ഗൂഗിൾ മാപ്പ് സൂം ചെയ്ത് കൃത്യമായി വളവും അലൈന്മെന്റ് കടന്നു പോകുന്ന വഴിയും ശോഭ മാൾ സ്ഥിതി ചെയ്യുന്ന സ്ഥലവും താരതമ്യം ചെയ്താൽ തന്നെ ദൂരവ്യത്യാസം കൃത്യമായി അനായാസം ഏതൊരാൾക്കും മനസിലാക്കാൻ കഴിയുന്നതാണ്.

ഡിപിആർ രഹസ്യരേഖയാണെന്നും പുറത്തു വിടാനാകില്ലെന്നുമായിരുന്നു തുടക്കം മുതൽ സർക്കാരിന്റെയും കെറെയിലിന്റെയും നിലപാട്. കഴിഞ്ഞ ഒക്ടോബറിൽ അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി ഡിപിആർ നൽകാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയെങ്കിലും കൊടുത്തില്ല. ജനുവരിയിൽ എംഎൽഎ അവകാശലംഘന നോട്ടിസ് കൊടുത്തപ്പോഴാണു ഡിപിആർ നിയമസഭാ സൈറ്റിൽ പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം മുതലുള്ള 115 കിലോ മീറ്ററിന്റെ അലൈന്മെന്റ് മാത്രമേയുള്ളൂവെന്നു മനസ്സിലായപ്പോൾ വീണ്ടും പരാതി നൽകിയെങ്കിലും ഒന്നരമാസം കഴിഞ്ഞാണു പൂർണമായ അലൈന്മെന്റ് ലഭിച്ചത്.

ഇതേസമയം, പൂർണമായ അലൈന്മെന്റ് ഉൾപ്പെടെയുള്ള രേഖകൾ ഗതാഗത വകുപ്പിനു നൽകിയെന്നു കെറെയിൽ എംഡി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഗതാഗത വകുപ്പിൽ നിന്നു ഡിപിആർ ലഭിച്ചപ്പോൾ അലൈന്മെന്റ് പൂർണമല്ലായിരുന്നെന്നും എംഎൽഎയുടെ പരാതി ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് അതു നൽകിയതെന്നും നിയമസഭാ സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു.

അതിനിടെ സിൽവർലൈൻ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിനായി നടത്തുന്ന സർവേയ്ക്ക് എതിരേ സുപ്രീം കോടതിയിൽ ഹർജി എത്തിയിട്ടുണ്ട്. സർവ്വേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപെട്ടിട്ടുണ്ട്. ഹർജി അടുത്ത ആഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. ആലുവ സ്വദേശി സുനിൽ ജെ. അറകാലനാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സുനിലിന്റെ വസ്തുവിൽ സർവേയുടെ ഭാഗമായി കുറ്റികൾ സ്ഥാപിച്ചിരുന്നു. സാമൂഹികാഘാത പഠനത്തിനു മുന്നോടിയായുള്ള സർവേ തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരേയാണ് ഹർജി. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണ് സർവ്വേ നടക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

സർവേ നടത്താനും ഉചിതമായ രീതിയിൽ ഭൂമി അടയാളപ്പെടുത്താനും സാമൂഹികാഘാത പഠനം നടത്താനും സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നത്. സർവേ നടത്താൻ കേരള സർവേ ആൻഡ് ബൗണ്ടറീസ് നിയമ പ്രകാരം സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.