കൊച്ചി: ദേശീയ ഗെയിംസിൽ കനോയിങ് വനിതാ വിഭാഗം ഡബിൾസിൽ കേരളം വെള്ളി നേടി. ബെറ്റി ജേസഫ്, ആതിര ഷൈനപ്പൻ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. വനിതകളുടെ 1000 മീറ്റർ കയാക്കിംഗിലും കേരളത്തിന് വെങ്കലം കിട്ടി. കേരളത്തിന്റെ മിനിമോൾ-ശിൽപ സഖ്യത്തിനാണ് വെങ്കലം നേടാനായത്. കഴിഞ്ഞ ഗെയിംസിൽ കനോയിങ്-കയാക്കിങ്ങിൽ കേരളം അഞ്ചു സ്വർണവും നാലു വെള്ളിയും രണ്ടു വെങ്കലവും നേടിയിരുന്നു.

കനോയിങ്ങിൽ വനിതകളുടെ 1000 മീറ്റർ സി 2 വിഭാഗത്തിൽ ബെറ്റി ജോസഫും ആതിര ശൈലപ്പനുമാണ് വെള്ളി നേടിയത്. മധ്യപ്രദേശിനായിുന്നു ഈയിനത്തിൽ സ്വർണം. മധ്യപ്രദേശ് 5:6 സെക്കൻഡിലും കേരളം5:20.00 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്. 6:22.00 സെക്കൻഡിൽ തുഴഞ്ഞെത്തിയ മണിപ്പൂരിനാണ് വെങ്കലം.

വനിതകളുടെ തന്നെ 1000 മീറ്റർ കയാക്കിങ് 2 വിഭാഗത്തിൽ മിനിമോൾ കുട്ടപ്പനും ശിൽപ ശിശുപാലനുമാണ് വെങ്കലം നേടിയത്. 4:35.00 സെക്കൻഡിലായിരുന്നു വെങ്കലഫിനിഷ്. 4:12.00 സെക്കൻഡിൽ ഫിനിഷ് ചെയ്ത അൻഡമാന്റെ രജിന കിരോസന്ധ്യ കിസ്‌പോൾ ജോഡി സ്വർണവും 4:20.00 സെക്കൻഡിൽ ഫിനിഷ് ചെയ്ത മധ്യപ്രദേശിന്റെ നനാവോ ദേവിസോണിയാദേവി ടീം വെള്ളിയും നേടി.

പുരുഷ വിഭാഗത്തിൽ കേരളത്തിന് നിരാശയായിരുന്നു ഫലം. 1000 മീറ്റർ സിംഗിൾസ് കയാക്കിങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച വിഷ്ണു രഘുനാഥിന് 4:17.00 സെക്കൻഡിൽ ആറാമതായേ ഫിനിഷ് ചെയ്യാനായുള്ളൂ. 4:3.00 സെക്കൻഡിൽ ഫിനിഷ് ചെയ്ത സർവീസസിന്റെ ചിങ ചിങ് സ്വർണവും 4:5.00 സെക്കൻഡിൽ ഫിനിഷ് ചെയ്ത മണിപ്പൂരിന്റെ ഗ്യാൻജിത്ത് സിങ് വെള്ളിയും 4:6.00 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഉത്തരാഖണ്ഡിന്റെ സണ്ണികുമാർ വെങ്കലവും നേടി.

ഗെയിംസിലെ ഗ്ലാമർ ഇനമായി അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന വനിത വിഭാഗം ട്രയാത്തലനിൽ ഗുജറാത്തിന്റെ പൂജ ചൗരസി സ്വർണം നേടി. ലോങ്ജംപ് ഫൈനലിലേക്കു യോഗ്യത നേടാതെ കേരളത്തിന്റെ രഞ്ജിത് മഹേശ്വരി പുറത്തായി. യോഗ്യതാ റൗണ്ടിലെ രഞ്ജിത്തിന്റെ ആദ്യചാട്ടം ഫൗളായിപ്പോയി. രണ്ടും മൂന്നും ശ്രമങ്ങളിൽനിന്നു താരം വിട്ടുനിന്നു. ട്രിപ്പിൾ ജംപിൽ മെഡൽ നേടുകയാണു തന്റെ ലക്ഷ്യമെന്നും എൻട്രി കൊടുത്തുപോയതിനാലാണു ലോങ്ജംപിൽ ഇറങ്ങിയതെന്നും താരം പറഞ്ഞു.

ദേശീയ ഗെയിംസ് അത്ലറ്റിക്‌സിൽ 400 മീറ്റർ ഓട്ടത്തിൽ താരം ടിന്റു ലൂക്ക കേരളത്തിനായി മത്സരിക്കില്ലെന്ന് ഉറപ്പായി. 400 മീറ്ററിൽ ടിന്റു മത്സരത്തിനിറങ്ങില്ലെന്ന് കോച്ച് പി.ടി ഉഷയാണ് അറിയിച്ചത്. 800 മീറ്ററിലും റിലേയിലും മാത്രമാണ് ടിന്റു ലൂക്ക മത്സരിക്കുക. 400 ഓട്ടത്തിൽ നിന്നും മികച്ച പ്രകടനം കാഴ്ച വെക്കണമെങ്കിൽ മതിയായ പരിശീലനം വേണം. 800 മീറ്റിനു വേണ്ടിയാണ് ടിന്റു പരിശീലിച്ചതെന്നും പി.ടി ഉഷ വ്യക്തമാക്കി. ഉഷ സ്‌കൂളിന്റെ താരം ജെസ്സി ജോസഫ് ഗെയിംസിൽ മത്സരിക്കുന്നില്ല. പരിക്ക് ഭേദമാകാത്തതുകൊണ്ടാണ് ജെസ്സി മത്സരിക്കാത്തതെന്നും ഉഷ പറഞ്ഞു.