ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാമത്തെ സ്വർണം. 65 കിലോ വിഭാഗം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ യോഗേശ്വർ ദത്താണ് സ്വർണം നേടിയത്. അനായാസമായിരുന്നു യോഗേശ്വറിന്റെ വിജയം. താജിക്കിസ്ഥാൻ താരം സലിംഖാൻ യാസുപോവിനെ 1-0ത്തിന് പരാജയപ്പെടുത്തിയാണ് യോഗേഷശ്വർ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയത്.

നേരത്തെ ചൈനീസ് എതിരാളി കട്ടായി ഈർലാംബേക്കിനെ പരാജയപ്പെടുത്തിയാണ് യോഗേശ്വർ ഫൈനലിൽ കടന്നത്. പതിവുപോലെ എതിരാളിയെ ആക്രമിക്കാനായി യോഗേശ്വർ തയ്യാറായിരുന്നു. എന്നാൽ ചൈനീസ് താരം യോഗേശ്വറിനെ വീഴ്‌ത്തി. മനസാന്നിധ്യം കൈവിടാതെ നിന്ന യോഗേശ്വർ പോയിന്റ് വ്യത്യാസം ഒന്നായി കുറച്ചു. എതിരാളിയെ മനസിലാക്കിയ യോഗേശ്വർ അവസാന റൗണ്ടിൽ കടന്നാക്രമിക്കുകയും ചൈനീസ് താരത്തെ മലർത്തിയടിച്ച് ഫൈനലിൽ കടക്കുകയായിരുന്നു.

അത്‌ലറ്റിക്‌സിലും ഇന്ത്യ ഒരു മെഡൽ നേടി. വനിതകളുടെ 400 മീറ്ററിൽ എം.ആർ.പൂവമ്മയാണ് വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസ് വനിതകളുടെ നടത്തത്തിൽ ഇന്ത്യക്ക് വെള്ളി. 20 മീറ്റർ നടത്തത്തിൽ ഇന്ത്യയുടെ കുശ് ബീർ കൗറാണ് വെള്ളി സ്വന്തമാക്കിയത്. ഈയിനത്തിൽ ചൈനയ്ക്കാണ് സ്വർണം. ദക്ഷിണ കൊറിയ വെങ്കലം നേടി.

അതേസമയം, പുരുഷന്മാരുടെ 20 മീറ്റർ നടത്തത്തിൽ മലയാളി താരം കെ.ടി. ഇർഫാൻ അടക്കമുള്ള ഇന്ത്യൻ അത്‌ലറ്റുകൾ നിരാശപ്പെടുത്തി. അഞ്ചാമതായാണ് ഇർഫാൻ ഫിനിഷ് ചെയ്തത്. 1:23:18 സെക്കൻഡിൽ അഞ്ചാമതായാണ് ഇർഫൻ നടന്നെത്തിയത്. തന്റെ ഏറ്റവും മികച്ച സമയമായ 1:20.21 സെക്കൻഡിനേക്കാൾ മൂന്ന് മിനിറ്റ് വൈകിയാണ് ഇർഫൻ ഫിനിഷ് ചെയ്തത്. ഈ സീസണിൽ തന്നെ ഇർഫൻ 1:21.09 സെക്കൻഡിൽ നടന്നെത്തിയിരുന്നു.

പതിനാറ് കിലോമീറ്റർ വരെ ആറാം സ്ഥാനത്തായിരുന്നു ഇർഫൻ. 40:55 സെക്കൻഡിലാണ് ആദ്യ പത്ത് കിലോമീറ്റർ പൂർത്തിയാക്കിയത്. ഇന്ത്യയുടെ കെ.ഗണപതിയും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പതിനാല് കിലോമീറ്ററിനുശേഷം അയോഗ്യനൊക്കപ്പെട്ടു. 1:19:45 സെക്കൻഡിൽ ഫിനിഷ് ചെയ്ത ചൈനയുടെ ഷെൻ വാങ്ങിനാണ് സ്വർണം. ജപ്പാന്റെ യുസുകെ സുസുക്കി വെള്ളിയും ദക്ഷിണ കൊറിയയുടെ ഹ്യുസുബ കിം വെങ്കലവും നേടി.