ഇഞ്ചിയോൺ: ഷൂട്ടിങ്ങ് റെഞ്ചിൽ ഇന്ത്യ ഇന്ന് വെടിവച്ചിട്ടത് വെള്ളിമെഡൽ. പുരുഷന്മാരുടെ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഷൂട്ടിങ് ടീമിനത്തിൽ പെമ്പ തമാങ്, ഗുർപ്രീത്‌സിങ്, വിജയകുമാർ എന്നിവരിലൂടെയാണ് ഇന്ത്യയുടെ നേട്ടം.

ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയാണിത്. സ്‌ക്വാഷിൽ സൗരവ് ഘോഷാലിന്റെ വകയായിരുന്നു ആദ്യവെള്ളി. ഇതോടെ ഒരു സ്വർണവും രണ്ട് വെള്ളിയും 13 വെങ്കലവും അടക്കം 16 മെഡലായി ഇന്ത്യയ്ക്ക്.

ഷൂട്ടിങ്ങിൽ രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് സ്വർണം നഷ്ടമായത്. ഇന്ത്യൻ ടീം 1740പോയിന്റ് നേടിയപ്പോൾ 1742 പോയിന്റോടെയാണ് ചൈന സ്വർണമണിഞ്ഞത്. 1739 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് വെങ്കലം.

25 മീറ്റർ സെന്റർ ഫയറിൽ ടീമിനത്തിൽ കൈവരിച്ച നേട്ടം വ്യക്തിഗത വിഭാഗത്തിൽ ആവർത്തിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞില്ല. പെമ്പ തമാങ് (581 പോയിന്റ് ) എട്ടാമതും ഗുർപ്രീത്‌സിങ് (580 പോയിന്റ്) ഒൻപതാമതും വിജയകുമാർ (579 പോയിന്റ്) പന്ത്രണ്ടാമതുമായി.

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലും ഇന്ത്യൻ ഷൂട്ടർമാർ നിരാശപ്പെടുത്തി. ലജ്ജകുമാരി, അഞ്ജലി ഭഗവത്, തേജസ്വിനി മുളെ എന്നിവർക്ക് ആറാം സ്ഥാനമാണ് നേടാനായത്. ഈയിനത്തിൽ ചൈന സ്വർണവും ദക്ഷിണ കൊറിയ വെള്ളിയും കസാഖ്‌സ്താൻ വെങ്കലവും നേടി.