ലണ്ടൻ: കല്യാണ പെണ്ണും ചെക്കനും അതിഥികളെ സന്തോഷിപ്പിക്കാൻ നാണമൊക്കെ കളഞ്ഞു പാട്ടുപാടുക. നാട്ടുകാർ ചേർന്ന് ദമ്പതികളുടെ ജീവിതകഥ നാടകമാക്കുക. മക്കളുടെ കൂട്ടുകാർ ചേർന്ന് സംഘ നൃത്തത്തിന്റെ വേദിയൊരുക്കുക. സിപിഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി നാട്ടിൽ നിന്നും ആശംസ അറിയിക്കുകയും ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതിൽ ഉള്ള നിരാശയും പങ്കിടുക. വേദിയുടെ ഒത്തനടുക്കായി ചെങ്കൊടി പ്രത്യക്ഷപ്പെടുകയും പിന്നീട് നാടക സംഘത്തിന്റെ കൈകളിലും എത്തുക. നാട്ടുകാർ ചേർന്ന് സദ്യ ഒരുക്കുക. ഇത്തരത്തിൽ സ്നേഹത്തിന്റെ തൂവൽ സ്പർശം ഓരോ കാഴ്ചയിലും നിറഞ്ഞൊരു കല്യാണ ചടങ്ങ് എങ്ങനെയായിരുന്നോ അങ്ങിനെയായിരുന്നു ഇന്നലെ ലണ്ടനിലെ മാഞ്ചസ്റ്ററിൽ ഒരു വിവാഹ വാർഷികാഘോഷം അരങ്ങേറിയത്.

കാൽ നൂറ്റാണ്ട് മുൻപ് എങ്ങനെയാണോ കേരളത്തിൽ ഒരു കല്യാണം നടക്കുക, ഏതാണ്ട് അതെ തരത്തിൽ ഉള്ള ഒരു കല്യാണത്തിന്റെ തനിയാവർത്തനമായിരുന്നു ഇത്. ലണ്ടനിൽ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായ സാമൂഹ്യ പ്രവർത്തകൻ കെ ഡി ഷാജിമോന്റെയും മേഖല ഷാജിയുടെയും വിവാഹ്തതിന്റെ സിൽവർ ജൂബിലി ആഘോഷച്ചടങ്ങുകളാണ് ഇന്നലെ ലണ്ടൻ മലയാളികൾക്കിടയിലെ സംസാരം. ഈ ചടങ്ങിലെ പല കാര്യങ്ങളും വീട്ടുകാർ അറിയുന്നത് ഹാളിൽ ചടങ്ങുകൾ അരങ്ങേറുമ്പോൾ മാത്രമാണ് എന്നതാണ് ഏറ്റവും രസകരം.

ചുക്കാൻ പിടിച്ചത് മകൾ, നേതൃത്വം ഏറ്റെടുത്തു നാട്ടുകാർ
സ്വന്തം മക്കളുടെ നേതൃത്വത്തിൽ ഒരു വിവാഹ ജൂബിലി. പലർക്കും ഇത് സ്വപ്നത്തിൽ മാത്രമാണെങ്കിൽ ഇന്നലെ മാഞ്ചസ്റ്ററിൽ ഇത് യാഥാർഥ്യമായി. ഇതിലും വലിയ ഭാഗ്യം എന്തെന്ന് കാഴ്ചക്കാർ ചോദിച്ചു കൊണ്ടിരുന്നപ്പോഴും അച്ഛന്റെയും അമ്മയുടെയും സന്തോഷം കാണാൻ മകൾ ശിൽപ ഓടി നടന്നു ഓരോ നിർദ്ദേശങ്ങൾ നൽകുക ആയിരുന്നു. കഴിഞ്ഞ ഇരുപത്താണ്ടയി തങ്ങൾക്കു വേണ്ടി ജീവിക്കുന്ന ഷാജിച്ചേട്ടനും മേഖല ചേച്ചിക്കും ഇതിൽ കൂടുതൽ എന്ത് നൽകാൻ എന്ന ഭാവത്തിൽ തലങ്ങും വിലങ്ങും ഓടി നടക്കുന്ന മാഞ്ചസ്റ്റർ മലയാളികൾ. ഇക്കാലത്തു ആലോചിക്കാൻ പോലും കഴിയാത്ത ഒരു കൂട്ടുകുടുംബ കാഴ്ച. സാമൂഹ്യ പ്രവർത്തനം കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർ ഇന്നലെ മാഞ്ചസ്റ്ററിൽ വന്നെങ്കിൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവവുമായേ മടങ്ങുമായിരുന്നുള്ളൂ. കാരണം, അത്രയ്ക്ക് ഹൃദയ സ്പർശിയായയണ് ഓരോ മുഹൂർത്തവും കടന്നു പോയികൊണ്ടിരുന്നത്.

ലിബിയ ഷാജിയെ നാട്ടുകാർ ക്യൂബ ഷാജിയാക്കിയപ്പോൾ
പാമ്പാടിക്കാരൻ കെ ഡി ഷാജിമോനെ അടുത്തറിയുന്നവർക്കു ലിബിയ ഷാജിയാണ്. നല്ല ഉശിരൻ സഖാവായ അദ്ദേഹം നാട്ടിൽ നിന്നും ജീവിതം തേടി ലിബിയയിൽ എത്തിയശേഷമാണ് യുകെ മലയാളിയാവുന്നത്. എന്നാൽ ഇക്കാര്യം അധികമാർക്കും അറിയുമായിരുന്നില്ല. പക്ഷെ ഷാജിച്ചേട്ടനും മേഖല ചേച്ചിക്കും അപൂർവ്വമായൊരു വിവാഹ സമ്മാനം നൽകണം എന്നാഗ്രഹിച്ചു എം എം എ പ്രവർത്തകർ മകൾ ശിൽപയുടെ കൂട്ടുപിടിച്ചു നടത്തിയ അന്വേഷണം ചെന്നെത്തിയത് അതി മനോഹരമായ ഒരു ദൃശ്യാവിഷ്‌കാരത്തിലാണ്. പാർട്ടി ഭ്രാന്ത് തലയ്ക്കു പിടിച്ചു ണ്ടാകുന്ന സഖാവ് ദിനേശനെ അയൽവാസിയായ ഗൾഫ്കാരൻ സുകു ക്യൂബയിലേക്കു എന്ന പേരിൽ പ്രവാസിയാക്കുന്നതാണ് എം എം എയുടെ പത്തു അംഗങ്ങൾ വേദിയിൽ എത്തിച്ച നാടകത്തിന്റെ ആദ്യ ഭാഗത്തു നിറഞ്ഞത്. ഈ കാഴ്ചയിൽ ഷാജി മോന്റെ ജീവിത കാഴ്ചകളും നിറയുകയാണ്.

പിന്നീട് നാട്ടിൽ അവധിക്കെത്തുന്ന സഖാവ് ദിനേശൻ പെണ്ണ് അന്വേഷിച്ചു നടക്കുകയാണ്. എന്നാൽ മൂലധനം വായിച്ച പെണ്ണിനേയും ഫിദൽ കാസ്ട്രോയെ അറിയുകയും ചെയ്യുന്ന പെണ്ണാണ് സഖാവ് ദിനേശന് വേണ്ടത്. ഒടുവിൽ ബ്രോക്കർ സുകു തന്നെ പണി ഒപ്പിക്കുകയാണ്. മൂലധനം എന്നാൽ ആഴ്ചപ്പതിപ്പിൽ എത്തുന്ന നോവൽ ആണെന്ന് പെൺകുട്ടിയോട് പറയുന്നതോടെ മൂലധനം എല്ലാ ആഴ്ചയും താൻ വായിക്കുമെന്നു പെൺകുട്ടി സഖാവ് ദിനേശനെ അറിയിക്കുന്നു. എങ്കിൽ ഇവൾ തന്നെയാണ് താൻ കാത്തിരിക്കുന്ന പെണ്ണെന് ദിനേശനും തിരിച്ചറിയുന്നു.

പക്ഷെ ആദ്യ രാത്രിയിൽ മുറിയിൽ പൂവിട്ടു അലങ്കരിച്ചു വച്ചിരിക്കുന്ന ഫിദൽ കാസ്ട്രോയെ കണ്ടു ഇങ്ങേരു ഹിന്ദി സിനിമയിലെ പുതിയ നായകനാണോ എന്ന പുതുപ്പെണ്ണിന്റെ ചോദ്യം കണ്ടു സഖാവ് ദിനേശന്റെ ചങ്കു കലങ്ങുകയാണ്. പക്ഷെ ഇത് തിരിച്ചറിഞ്ഞ ബുദ്ധിമതിയായ വധു, സഖാവ് നാടിനു വേണ്ടി കഷ്ടപ്പെടുമ്പോൾ താൻ വീടിനു വേണ്ടി കഷ്ടപ്പെടും എന്ന് പ്രഖ്യാപിച്ചു സഖാവ് ദിനേശന് താങ്ങായി മാറുകയാണ്. നമ്മൾ ചേർന്നു ഒരു സുന്ദര ലോകം നിർമ്മിക്കും എന്ന് വധു പറയുന്നതോടെ മനോഹരമായ നാടക ശിൽപം സമാപിക്കുകയാണ്. അരമണിക്കൂറിലേറെ കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ഷാജിമോന്റെ ജീവിത മുഹൂർത്തങ്ങളിലൂടെ ഈ നാടകം ജീവൻ വച്ചത്. ഇന്നലത്തെ ആഘോഷത്തിൽ ഹൈ ലൈറ്റ് ആയതും ഈ നാടകം തന്നെയാണ്. തന്നെ ഒരിക്കൽ കൂടി ഓർമകളിലേക്ക് കൂട്ടിയതിനു പ്രിയ കൂട്ടുകാരോട് നന്ദി പറയുമ്പോൾ വാക്കുകൾക്കായി പ്രയാസപ്പെടുക ആയിരുന്നു ഷാജിമോൻ.

നാട്ടുകാർക്ക് സമ്മാനമായി ദമ്പതികളുടെ മനോഹര ഗാനം, മക്കളുടെ വക തകർപ്പൻ ഡാൻസ്
ആഴ്ചകളോളമായി ഒരു പറ്റമാളുകൾ ത്നങ്ങളുടെ പ്രിയ ഷാജിച്ചേട്ടനും ചേച്ചിക്കും വേണ്ടി അഹോരാത്രം പണിപ്പെട്ടു നാലര മണിക്കൂറോളം ദൈർഘ്യമുള്ള കലാവിരുന്ന് സമ്മാനിച്ചപ്പോൾ തിരിച്ചു എന്തെങ്കിലും നാട്ടുകാർക്കായി നൽകേണ്ടേ എന്ന അവതാരിക സീമ ജിജുവിന്റെ ചോദ്യം അതിമനോഹരമായ ഒരു ഗാനത്തിലേക്കാണ് വഴി തുറന്നത്. നാലര പതിറ്റാണ്ട് മുൻപ് വയലാറും സലിൽ ചൗദരിയും ചേർന്ന് മലയാളിക്ക് സമ്മാനിച്ച നെല്ലിലെ നീലപൊന്മാനേ എന്ന ഗാനമാണ് ദമ്പതികൾ അതിഥികൾക്കായി സമ്മാനിച്ചത്. അതിമനോഹരമായി ഇരുവരും ആലപിച്ചപ്പോൾ കാണികൾ ഹൃദയം നിറഞ്ഞു സ്വീകരിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ മകൻ സൂര്യയും സംഘവും മകൾ ശിൽപയും സംഘവും തകർപ്പൻ ഫ്യുഷൻ ഡാൻസുകളുമായി എത്തിയപ്പോൾ ഒരു കുടുംബം ഒന്നാകെ തങ്ങളുടെ അതിഥികൾക്ക് വേണ്ടി കലാവിരുന്നൊരുക്കുന്ന അപൂർവ കാഴ്ച കൂടിയാണ് പിറന്നത്.

സ്റ്റേജ് ഷോയെ വെല്ലുന്ന പ്രകടനം, നാട്ടുകാർ കൈമെയ് മറന്നപ്പോൾ പിറന്നത് പണച്ചെലവില്ലാത്ത കലാവിരുന്ന് 
നാട്ടിൽ നിന്നും എത്തുന്ന തട്ടിക്കൂട്ട് സ്റ്റേജ് ഷോ പ്രകടനത്തെ തകർത്തു വെട്ടുന്ന മാസ്മരിക പ്രാകടനമാണ് ഇന്നലെ എം എം എ, ഹിന്ദു സമാജം അംഗങ്ങൾ പുറത്തെടുത്തത്. ആഴ്ചകളായി സ്‌കിറ്റും ഡാൻസും പരിശീലിച്ചു, മുഴുവൻ പ്രോഗ്രാമുകളും പേന ഡ്രൈവിലാക്കി എഡിറ്റ് പൂർത്തിയാക്കിയപ്പോൾ വെള്ളിയാഴ്ച രാത്രി ശനിയാഴ്ച പുലർച്ചയിലേക്കു വഴി മാറിയിരുന്നു എന്നാണ് പ്രധാന സംഘാടകൻ കലേഷ് പറയുന്നത്. ഏതാനും മണിക്കൂർ ഉറങ്ങിയാ ശേഷം മാത്രമാണ് സകലരും രാവിലെ ഒൻപതു മുതൽ വീണ്ടും പരിപാടി നടന്ന ത്രീ ഡി സെന്ററിൽ എത്തിയത്.

പണം മുടക്കി സ്റ്റേജ് ഷോക്ക് എത്തി വിരസമായ കാഴ്ചകൾ കണ്ടു മനം മടുത്തു വീട്ടിൽ പോകുന്ന അനുഭവം ഇന്നലെ ഒരാൾക്കും ഉണ്ടായില്ല എന്നതാണ് സത്യം. പണം മുടക്കി ചെയ്യുക ആയിരുന്നെകിൽ ആയിരക്കണക്കിന് പൗണ്ട് ചെലവാക്കിയാലും ഇത്രയധികം കലാമൂല്യമുള്ള പ്രോഗ്രാമുകൾ വേദിയിൽ എത്തിക്കാനാകുമായിരുന്നില്ല എന്നതാണ് സത്യം. ഇതിന്റെ മുഴുവൻ ക്രെഡിറ്റും കൊണ്ട് പോകുന്നതും എം എം എ, മാഞ്ചസ്റ്റർ ഹിന്ദു സമാജം, ഗ്രൂപ്പുകൾക്കാണ്. എന്തിനേറെ, ഭക്ഷണം ഒരുക്കാൻ പോലും ഡസൻ കണക്കിന് ആളുകളുടെ സൗജന്യ സാന്നിധ്യം തെളിയിക്കുന്നത് ഷാജി മേഖല ദമ്പതികളെ ഈ നാട്ടുകാർ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നത് കൂടിയാണ്. ഒരുപക്ഷെ യുകെയുടെ മറ്റൊരു പട്ടണത്തിലും കാണാൻ കഴിയാത്ത സ്നേഹ വാൽസ്യാലങ്ങളുടെ വികാര പ്രകടനമായിരുന്നു ഇന്നലത്തെ ഷാജി മേഖല ജൂബിലി ആഘോഷം.

ചുരുക്കത്തിൽ ജൂബിലി ദമ്പതികൾക്കും, ക്ഷണിതാക്കൾ ആയി എത്തിയവർക്കും നാട്ടുകാർക്കുമൊക്കെ ഇതൊരു ഭാഗ്യം കൂടിയായി. ഇത്രയും മനോഹരമായ ഒരു ചടങ്ങിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിയാകാൻ കഴിഞ്ഞ സന്തോഷം പങ്കിട്ടാണ് സകലരും മടങ്ങിയത്.