- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ മുതൽ ചിറയ്ക്കൽ വരെയുള്ള 11 വില്ലേജുകളിൽ സർവേയിൽ പ്രതിഫലിക്കുന്നത് എതിർപ്പു മാത്രം; പയ്യന്നൂരിൽ മാത്രം 30 വീടുകൾ പൊളിക്കേണ്ടി വരും; കാനയിൽ നിസ്സഹകരണത്തിന് ബഹിഷ്കരണം; സിൽവർ ലൈനിൽ കണ്ണൂരിൽ പ്രതിസന്ധി രൂക്ഷം; നാട്ടുകാർ പ്രതിരോധത്തിൽ
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ കണ്ണൂരിൽ പ്രതിഷേധം തുടരുന്നു. പൊലീസ് സംരക്ഷണത്തിൽ നടക്കുന്ന സാമൂഹിക ആഘാത സർവെയിൽ എതിർപ്പു ശക്തമാണ്. പല കുടുംബങ്ങളും ഉദ്യോഗസ്ഥരെ ആശങ്കകൾ അറിയിച്ചു. പ്രതിഷേധങ്ങൾ ഉണ്ടാകുന്നതു സർവെയേയും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഡി വൈ എഫ് ഐക്കാരുടെ സംരക്ഷണയിലാണ് സർവെ. എ്ന്നാൽ നാട്ടുകാരുടെ എതിർപ്പ് പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ 23 വില്ലേജുകളിലാണു സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനം നടക്കുന്നത്. ആദ്യ ഘട്ടത്തിൽ പയ്യന്നൂർ മുതൽ ചിറയ്ക്കൽ വരെയുള്ള 11 വില്ലേജുകളിൽ സർവേ നടത്തും. പയ്യന്നൂരിൽ മാത്രം 30 വീടുകളാണു പൊളിക്കേണ്ടി വരിക. ഇവരെല്ലാം പദ്ധതിയെ എതിർക്കുകയാണ്. ഇത് സിപിഎമ്മിന് തലവേദനയായി മാറിയിട്ടുണ്ട്. കണ്ണൂരിലെ പ്രതിഷേധം സർക്കാരും പ്രതീക്ഷിച്ചില്ല.
സാമൂഹിക ആഘാത പഠനം ബഹിഷ്‌കരിച്ച് നാട്ടുകാർ നിസ്സഹകരണത്തിലാണ്. കണ്ണൂർ കാനയിൽ ആണ് നാട്ടുകാർ സർവെ ബഹിഷ്‌കരിക്കുന്നത്.സർവേ നടത്താൻ എത്തിയവർക്ക് വിവരങ്ങൾ നൽകാൻ നാട്ടുകാർ തയാറായില്ല. സർവേയിൽ ഒപ്പിടാനും വിസമ്മതിച്ചു. സ്ഥലത്ത് എത്തിയ പരിസ്ഥിതി പ്രവർത്തകരെ പൊലീസ് തടഞ്ഞു. സർവേ പൊലീസ് സംരക്ഷണയിൽ ആണ് നടക്കുന്നത്. സിൽവർ ലൈൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഈമാസം 21ന് ആണ് തുടങ്ങിയത്. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവ്വീസസ് നടത്തുന്ന പഠനം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഞ്ചായത്തിലാണ് തുടങ്ങിയത്.
പദ്ധതി വരുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരിൽ കണ്ട് അവരുന്നയിക്കുന്ന പ്രശ്‌നങ്ങൾ കേൾക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവർത്തനം. ഇതിനായി ചോദ്യാവലി തയ്യാറാക്കിയാണ് വളണ്ടിയർമാർ വീടുകളിലെത്തുന്നത്. കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ കടന്നുപോകുന്ന 61. 7 കിലോ മീറ്റർ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
വീടുകളിൽ സർവ്വേ നടത്തിയും ജനപ്രതിനിധികളെ കേട്ടും റിപ്പോർട്ട് 100 ദിവസത്തിനകം സമർപ്പിക്കാനാണ് ഏജൻസിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് നടക്കുമോ എന്നതാണ് ഉയരുന്ന സംശയം. അതിനിടെ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു ക്രിയാത്മക വിമർശനങ്ങൾ കേൾക്കാൻ തയാറാണെന്നും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുകയും ചെയ്തു.
ഭൂമിയേറ്റെടുക്കുന്നതിനു മുൻപ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ചർച്ചകളും സംവാദങ്ങളും നടത്തുമെന്നു സർക്കാർ പ്രസിദ്ധീകരണമായ 'കേരള കോളിങ്ങി'ൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കടമെടുക്കാതെ അടിസ്ഥാന സൗകര്യമേഖല വികസിപ്പിച്ച ഒരു സർക്കാരും ലോകത്തില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. 'സമയത്ത് എത്താനാകുന്നില്ലേ?' എന്ന കവർ സ്റ്റോറിയുമായി പുറത്തിറങ്ങിയ ജനുവരി ലക്കം 'കേരള കോളിങ്' ഏതാണ്ടു പൂർണമായും സിൽവർ ലൈൻ അനുകൂല വാദങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ