കോഴിക്കോട്: സിൽവർ ലൈൻ പദ്ധതി അതിർത്തിക്കല്ലിടലിന് ഫെബ്രുവരി വരെ കെറെയിൽ ചെലവാക്കിയത് 81.60 ലക്ഷം രൂപ. ആ കല്ലുകളാണ് പ്രതിഷേധക്കാർ ഊരി ദൂരെ എറിയുന്നത്. അതുകൊണ്ട് തന്നെ ഈ കല്ലിടൽ ഇനിയും നടത്തേണ്ടി വരും. ഉദ്യോഗസ്ഥരുടെ ചെലവും ഓരോ സ്ഥലത്തും കല്ല് എത്തിക്കാനും സ്ഥാപിക്കാനും വന്ന ചെലവും ഉൾപ്പെടയാണ് 81 ലക്ഷം രൂപ ചെലവാക്കിയത്. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്കു കെറെയിൽ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്.

ഫെബ്രുവരിക്കു ശേഷമുള്ളത് ഇതിലില്ല. അതിന് ശേഷമാണ് കല്ലിടൽ സജീവമായത്. അതുകൊണ്ട് തന്നെ കോടികൾ ഇതിന് വേണ്ടി ചെലവിട്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. കമ്മീഷൻ ആരോപണങ്ങൾ സജീവമാകുന്നതിനിടെ വിവിധ സർവേകൾക്കായി ഇതുവരെ 3.23 കോടി രൂപ ചെലവാക്കി. അലൈന്മെന്റ് തയാറാക്കാനുള്ള ലിഡാർ ആകാശ സർവേ 2.08 കോടി രൂപ, അതിർത്തിക്കല്ലിടൽ 81.60 ലക്ഷം രൂപ, ട്രാഫിക് ട്രാൻസ്‌പോർട്ടേഷൻ 23.75 ലക്ഷം രൂപ, ഭൂപ്രകൃതിയെ കുറിച്ചു കൃത്യമായി മനസ്സിലാക്കാനുള്ള ടോപോഗ്രഫിക്കൽ സർവേ 8.27 ലക്ഷം രൂപ എന്നിങ്ങനെയാണു ചെലവ്.

ഡിപിആർ തയാറാക്കാൻ 22 കോടി രൂപയാണു ചെലവാക്കിയെങ്കിലും ഈ ഡിപിആർ അപൂർണമാണെന്നു കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു. കെറെയിലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും സിൽവർ ലൈൻ പദ്ധതിയുടെ പ്രചാരണങ്ങൾക്കുമായി 59.47 ലക്ഷം രൂപ ചെലവാക്കി. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും ഇതിലുൾപ്പെടും. സിൽവർ ലൈനിനെതിരെ ഹൈക്കോടതിയിൽ എത്തിയ 12 കേസുകൾ വാദിക്കാനായി അഭിഭാഷകർക്ക് 6.11 ലക്ഷം രൂപ നൽകി.

കെ റെയിലിൽ അതിശക്തമായ എതിർപ്പിലാണ് കേന്ദ്ര സർക്കാർ. പദ്ധതിക്ക് അനുമതി നൽകില്ലെന്ന പരോക്ഷ സൂചനകൾ കേന്ദ്ര സർക്കാർ നൽകി കഴിഞ്ഞു. എന്നിട്ടും അതിശക്തമായ നടപടികളുമായി സർക്കാർ മുമ്പോട്ട് പോകുന്നു. ഇതിന്റെ നഷ്ടം ഖജനാവിന് മാത്രമാണ്. കേന്ദ്രവുമായി സമവായമുണ്ടാക്കിയ ശേഷം പദ്ധതിക്ക് പണം മുടക്കിയില്ലെങ്കിൽ അതെല്ലാം പ്രതിസന്ധിയിലൂടെ പോകുന്ന കേരളത്തിന് വൻ സാമ്പത്തിക നഷ്ടമായി മാറും. കമ്മീഷന് വേണ്ടിയാണ് എല്ലാമെന്ന ആരോപണം നേരത്തെ തന്നെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ അഴിമതിക്കുള്ള സാധ്യതയും ഈ വിവരാവകാശം ചർച്ചയാക്കുന്നുണ്ട്.

അതിനിടെ കല്ലിടൽ തടയുന്ന നടപടി തുടരുകയാണ്. പല സ്ഥലത്തും പ്രതിഷേധം ശക്തമാണ്. അതു കൊണ്ടാണ് വിദഗ്ധരുടെ പാനലിനെ ചർച്ചയ്ക്ക് വിളിച്ചത്. എന്നാൽ ചർച്ചയ്ക്ക് ക്ഷണം ലഭിച്ച ആർ വി ജി മേനോൻ തന്നെ കെ റെയിലിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇ ശ്രീധരനെ ചർച്ചയ്ക്ക് വിളിക്കണമെന്നാണ് ആർ വി ജിയുടെ ആവശ്യം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനായ ആർ വി ജി അതിശക്തമായി കെ റെയിലിനെ എതിർക്കുന്ന വ്യക്തിയാണ്.

ഇന്നലെ സിൽവർലൈൻ പദ്ധതിക്കായി നടാൽ ഭാഗത്ത് സർവേക്കല്ല് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. നിലവിലെ ദേശീയപാതയ്ക്കു കിഴക്കു ഭാഗത്ത് ആറുവരിപ്പാതയ്ക്കായി മണ്ണിട്ട് ഉയർത്തിയ ഭാഗവും കടന്നാണ് സർവേ സംഘം കല്ലിടാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം സർവേ നിർത്തിയ ചാല ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട ഭാഗത്തു നിന്നു കല്ലിടൽ പുനരാരംഭിക്കുമെന്നു കരുതി പ്രദേശവാസികളും സമരസമിതി പ്രവർത്തകരും രാവിലെ മുതൽ പ്രദേശത്തു തമ്പടിച്ചിരുന്നു.

എന്നാൽ, കനത്ത പ്രതിഷേധത്തിനുള്ള സാഹചര്യം മുന്നിൽക്കണ്ട് സംഘം സർവേ നടപടികൾ നടാൽ ഭാഗത്തേക്കു മാറ്റുകയായിരുന്നു. രാവിലെ റവന്യു ഉദ്യോഗസ്ഥരും കെ റെയിൽ ഉദ്യോഗസ്ഥരും നടാൽ ഭാഗത്ത് എത്തുമ്പോൾ നാട്ടുകാർ ആരും വിവരം അറിഞ്ഞിരുന്നില്ല.