തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കുവേണ്ടി സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി കല്ലിടുന്നത് അവസാനിപ്പിച്ച് റവന്യു വകുപ്പ് ഉത്തരവ് പുറത്തിറങ്ങിയെങ്കിലും സർക്കാർ തലത്തിൽ ഭിന്നാഭിപ്രായം. കല്ലിടുന്നതിനു പകരം ജിയോ ടാഗിങോ ജിപിഎസ് സംവിധാനമോ ഉപയോഗിക്കണമെന്നാണ് റവന്യു വകുപ്പ് ഉത്തരവിലൂടെ നിർദേശിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയാണ് സർക്കാരിന്റെ തിരുത്തൽ.

സംസ്ഥാനത്തുടനീളം കല്ലിടൽ നടന്നപ്പോഴുണ്ടായ സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് ജിപിഎസ് സംവിധാനം ഉപയോഗിച്ച് സർവേ നടത്താനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. കല്ലിടലിനെതിരേയുള്ള കടുത്ത പ്രതിഷേധം മറികടക്കാനുള്ള നിർണായക നീക്കം കൂടിയാണിത്.

എന്നാൽ, ഇന്നത്തെ ഉത്തരവിൽ കല്ലിടൽ നിർത്തണമെന്ന് നിർദേശമില്ലെന്നും പദ്ധതിക്കായുള്ള സർവേ വേഗത്തിലാക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നിർദേശിക്കുന്നതെന്നും കെ-റെയിൽ കോർപറേഷൻ അധികൃതർ വ്യക്തമാക്കുന്നു. ഇതോടെ, കല്ലിടൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ അനിശ്ചിതത്വമായി.

ഭൂമിയുടെ ഉടമകൾ അനുവാദം തരുന്ന സ്ഥലങ്ങളിൽ കല്ലിടാമെന്നും മറ്റുള്ള സ്ഥലങ്ങളിൽ ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ സർവേ നടത്താമെന്നുമാണ് കെ റെയിൽ കോർപറേഷൻ ഈ മാസം അഞ്ചിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്. വിവിധ സ്ഥലങ്ങളിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് ഈ തീരുമാനമെന്നും കെ റെയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിൽ കത്തിലെ ഈ വാചകങ്ങളെക്കുറിച്ച് പരാമർശമുണ്ടെങ്കിലും നിർദേശത്തെ തള്ളിക്കളഞ്ഞു. കല്ലുകൾ സ്ഥാപിക്കുന്നതിനു പകരം ജിയോ ടാഗിങോ ജിപിഎസ് സംവിധാനമോ ഉപയോഗിച്ച് സർവേ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. പ്രശ്‌നമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാമെന്ന പരാമർശം ഉത്തരവിലില്ല.

കല്ലിടൽ സമയത്തുള്ള സംഘർഷങ്ങൾ മറികടക്കാൻ പൊലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദൽ മാർഗങ്ങൾ വേണമെന്നുമുള്ള ആവശ്യം കെ-റെയിൽ നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഈ ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്താണ് കല്ലിടൽ പൂർണമായും നിർത്തി പകരം ജിപിഎസ് സംവിധാനത്തിലുള്ള സർവേയിലേക്ക് വന്യൂ വകുപ്പ് തിരിയുന്നത്.

റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരമുള്ള സർവെ വൈകാതെ ആരംഭിക്കുമെന്ന് കെ റെയിൽ വ്യക്തമാക്കി. കല്ലിടൽ നിർത്തുമെന്ന് ഉത്തരവിൽ പറയുന്നില്ലെന്ന് കെ റെയിൽ എംഡി വി അജിത് കുമാർ പറഞ്ഞു. എതിർപ്പില്ലാത്ത ഭൂമിയിൽ കല്ലിടും. അല്ലാത്ത സ്ഥലങ്ങളിലാണ് അടയാളമിടുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും നടപ്പിലാക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി. കല്ലിടൽ മാത്രമാണ് മാറ്റിയത്. സർക്കാർ സംഘർഷത്തിന് ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷം ഇപ്പേൽ പദ്ധതിയെ അനുകൂലിച്ച് തുടങ്ങിയോ എന്നും ജയരാജൻ ചോദിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സർവെ നടത്താൻ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതുമാറ്റുന്നത് പതിവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് ഉൾപ്പെടെ പ്രതിഷേധങ്ങൾ അരങ്ങേറി. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കെ റെയിൽ കല്ലിടൽ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.