തിരുവനന്തപുരം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനം സിൽവർലൈനിനെതിരായി അതിശക്തമായ തിരിച്ചടി നൽകിയെങ്കിലും ജനവിധി മാനിച്ച് സർക്കാർ പിന്നോട്ടില്ല. സിൽവർലൈൻ സാമൂഹ്യാഘാത പഠനത്തിനായുള്ള സർവേ പതിനൊന്ന് ജില്ലകളിലും അടുത്തയാഴ്ച പുനരാരംഭിക്കും. തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രമാണിച്ച് സർവേ ഒരു മാസമായി നിർത്തിവച്ചിരിക്കുകയായിരുന്നു. തൃക്കാക്കരയിൽ ജനവിധി എതിരായതോടെ, സിൽവർലൈൻ സർവേയ്ക്ക് പോയാൽ വൻ പ്രതിഷേധമുണ്ടാവുമെന്ന് സർക്കാർ ഭയക്കുന്നുണ്ട്. അതിനാൽ വൻ പൊലീസ് സന്നാഹവുമായാവും കെ-റെയിൽ, റവന്യൂ, സർവേ ഉദ്യോഗസ്ഥരടങ്ങിയ സംഘം സർവേയ്ക്കായി വീടുകളിലെത്തുക. ജിയോടാഗിങ് സംവിധാനം ഉപയോഗിച്ചുള്ള സർവേയ്ക്കാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഒരു വിധത്തിലുള്ള സർവേയും അനുവദിക്കില്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ജില്ലകളിൽ വൻ പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുണ്ട്.

ജനങ്ങളുടെ പ്രതിഷേധത്തെ മറികടന്നും സിൽവർലൈൻ അലൈന്മെന്റിൽ മാർക്കിങ് നടത്താൻ അഞ്ച് ഉപഗ്രഹങ്ങളുടെ സഹായം കെ-റെയിൽ തേടിയിട്ടുണ്ട്. ലൊക്കേഷൻ കിറുകൃത്യമായി അറിയാനാവുന്ന ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റമാണ് (ഡി.ജി.പി.എസ്) മാർക്കിംഗിനായി ഉപയോഗിക്കുക. അഞ്ച് ഉപഗ്രഹങ്ങളിലെ വിവരങ്ങളുപയോഗിച്ച് അലൈന്മെന്റിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ അതീവ കൃത്യതയോടെ അടയാളപ്പെടുത്തുന്നതാണ് ഈ സംവിധാനം. ഇതിനായി അലൈന്മെന്റ് കടന്നുപോകുന്ന പ്രദേശങ്ങളിൽ നിശ്ചിത അകലത്തിൽ ഒരു ബേസ് സ്റ്റേഷൻ സ്ഥാപിക്കും. ബേസ് സ്റ്റേഷന്റെ രണ്ടു വശങ്ങളിലേക്കും അഞ്ച് കിലോമീറ്റർ വീതം മൊബൈൽ യൂണിറ്റുപയോഗിച്ച് മാർക്കിങ് നടത്താനാണ് കെ-റെയിലിന്റെ തീരുമാനം.

സിൽവർലൈനിന്റെ 529.45കിലോമീറ്റർ നിർദ്ദിഷ്ട പാതയിലെ അലൈന്മെന്റ് പൂർണമായി നേരത്തേ ജിയോടാഗിങ് നടത്തിയിട്ടുള്ളതിനാൽ, സാമൂഹ്യാഘാത പഠനത്തിനായുള്ള ജി.പി.എസ് മാർക്കിങ് വേഗത്തിൽ നടത്താനാവുമെന്ന് കെ-റെയിൽ പറയുന്നു. കല്ലിടുന്നതിന് ജനങ്ങളുടെ എതിർപ്പുകാരണം മിക്ക ജില്ലകളിലും സാമൂഹ്യാഘാത പഠനം തടസപ്പെട്ടിരുന്നു. ജി.പി.എസ് മാർക്കിങ് നടത്തുന്നതോടെ, പഠനം സുഗമമാവുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നൂറു ദിവസത്തിനകം പഠനം പൂർത്തിയാക്കി, ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം. സിൽവർലൈനിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിനിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പ്രഖ്യാപനമുണ്ടായിരുന്നു.

തൃക്കാക്കര തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് കണ്ട് സിൽവർലൈനിന്റെ സാമൂഹ്യാഘാത പഠനത്തിനായി അലൈന്മെന്റിന്റെ രണ്ട് അതിരുകളിലും ബലപ്രയോഗത്തിലൂടെ കല്ലിടുന്നത് വിലക്കി ഉത്തരവിറക്കിയിരുന്നു. ഭൂവുമടകൾ അനുവദിക്കുന്നെങ്കിൽ ഏറ്റെടുക്കേണ്ട ഭൂമിയിൽ കല്ലിട്ട് അതിർത്തി തിരിക്കാം. അല്ലാത്തിടത്ത് ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് അലൈന്മെന്റ് വേർതിരിക്കുകയോ പ്രദേശത്തെ കെട്ടിടങ്ങളിലോ മരങ്ങളിലോ മാർക്കിങ് നടത്തുകയോ ചെയ്യാമെന്നാണ് ഉത്തരവ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 1221ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 955.13ഹെക്ടർ സ്വകാര്യഭൂമിയാണ്.

സിൽവർലൈനിന് റെയിൽവേയുടെ അന്തിമാനുമതി ലഭിച്ച ശേഷമേ ഭൂമിയേറ്റെടുക്കാവൂ എന്ന വ്യവസ്ഥയിലാണ് സർവേ അടക്കമുള്ള നടപടികൾക്ക് മന്ത്രിസഭ അനുവാദം നൽകിയത്. ഭൂമിയേറ്റെടുക്കലിന് നിരവധി കടമ്പകളുണ്ട്. കേന്ദ്ര ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം സാമൂഹ്യാഘാത പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. 4(1)ചട്ടപ്രകാരം വിജ്ഞാപനമിറക്കുകയും റിപ്പോർട്ട് വിലയിരുത്താൻ വിദഗ്ദ്ധസമിതി രൂപീകരിക്കുകയും വേണം. സാമൂഹ്യാഘാത പഠനം നടത്താൻ അലൈന്മെന്റ് വേർതിരിക്കാനായി സർവേയ്‌സ് ആൻഡ് ബൗണ്ടറീസ് ആക്ടിലെ ചട്ടം 6(1)പ്രകാരമാണ് കല്ലിടുന്നത്. 90സെ.മി ഉയരവും 15സെ.മി വ്യാസവുമുള്ള കല്ലുകൾ അലൈന്മെന്റിന്റെ രണ്ട് അതിർത്തികളിലും മദ്ധ്യത്തിലും ഭൂവുടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ കുഴിച്ചിടുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.

തൃക്കാക്കരയിലെ ജനവിധി എതിരായതോടെ സിൽവർലൈനിൽ പുനരാലോചന വേണമെന്ന് പാർട്ടിയിലും മുന്നണിയിലും അഭിപ്രായമുയർന്നെങ്കിലും സർക്കാർ കേട്ടമട്ടില്ല. സിൽവർലൈൻ വരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് മുഖ്യമന്ത്രിയും തൃക്കാക്കരയെ കേരളത്തിന്റെ ഹൃദയമാക്കി മാറ്റാൻ കഴിയുന്ന പദ്ധതിയാണ് സിൽവർലൈനെന്ന് മന്ത്രി പി.രാജീവും പ്രഖ്യാപിച്ചതോടെ സിൽവർലൈൻ മുഖ്യ പ്രചാരണവിഷയമായി മാറിയിരുന്നു. വികസനവും അതിനെ എതിർക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലായിപ്പോലും മാറിയ പ്രചാരണത്തിനൊടുവിലാണ് ജനവിധി ഇങ്ങനെയായത്.

എറണാകുളം ജില്ലയിലാകെ ഏറ്റെടുക്കേണ്ടത് 64.28ഹെക്ടർ ഭൂമി മാത്രമാണ്. ഇതിൽ ഏറ്റവും കുറച്ച് ഭൂമിയേറ്റെടുക്കേണ്ട സ്ഥലമാണ് തൃക്കാക്കര. കാക്കനാട് വില്ലേജിലെ ഒമ്പതാം ബ്ലോക്കിലെ ആറ് സർവേ നമ്പറുകളിലെ ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടത്. തൃക്കാക്കരയിൽ കടമ്പ്രയാറിന്റെ വശത്തുകൂടി എലിവേറ്റഡ് പാതയിലൂടെയാണ് (തൂണുകളിൽ) സിൽവർലൈൻ കടന്നുപോവുക. കാക്കനാട് സ്റ്റേഷൻ പോലും കുന്നത്തുനാട് മണ്ഡലത്തിലാണ്. എന്നിട്ടും തൃക്കാക്കരയിൽ സിൽവർലൈനിനെതിരേ ശക്തമായ ജനവിധിയുണ്ടായി. ഇതൊന്നും വകവയ്ക്കാതെയാണ് സിൽവർലൈനിന് സർവേയുമായി സർക്കാർ മുന്നോട്ടുപോവുന്നത്.

അടുത്തയാഴ്ച മുതൽ തുടങ്ങുന്ന സാമൂഹ്യാഘാത സർവേ തടഞ്ഞാലും നാട്ടുകാർക്കെതിരേ കേസെടുക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനാവും പ്രധാന കേസ്. കല്ലുകൾ പിഴുതതിന് പൊതുമുതൽ നശീകരണത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം മുരുക്കുംപുഴയിൽ അതിർത്തികല്ല് പിഴുതുമാറ്റിയ യു.ഡി.എഫ് കൺവീനർ എം.എം.ഹസനെതിരെയും കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്താകെ മൂന്നൂറോളം കേസുകളെടുത്തിട്ടുണ്ട്. പരസ്യപ്രതിഷേധം നടത്തി കല്ലുകൾ പിഴുതുമാറ്റുന്നവരുടെ ദൃശ്യങ്ങൾ സഹിതം കെ-റെയിൽ നൽകിയ പരാതികളിലാണ് കേസ്.

ഒരു കല്ലിടാൻ കരാറുകാർക്ക് കെ-റെയിൽ ആയിരം രൂപ നൽകുന്നുണ്ട്. സുരക്ഷയൊരുക്കാൻ 7000രൂപ പ്രതിദിനം ചെലവുണ്ട്. മേൽനോട്ട, ഗതാഗത ചെലവുകളെല്ലാം ചേർന്ന് വൻതുകയാവും. മൂന്നു കരാറുകാരാണ് കല്ലിടുന്നത്. 24,000 കല്ലുകൾ സ്ഥാപിക്കേണ്ടി വരും.