തിരുവനന്തപുരം: കെ റെയിലിൽ സർക്കാർ പിടിവാശി കളയും. കേന്ദ്ര റെയിൽവേ മന്ത്രി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്. കേരളത്തിൽ നിന്നുള്ള മന്ത്രിതല സംഘത്തെ കാണാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശക്തമായ സന്ദേശമാണ് നൽകിയത്. സിൽവർലൈനിൽ കേന്ദ്രം അനുകൂല നിലപാട് എടുക്കില്ല. ഇത് കേരളത്തേയും ചിന്തിപ്പിക്കുന്നുണ്ട്. അതിനാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതൊന്നും ഇനി കെ റെയിൽ ചെയ്യില്ല. ഇത് പ്രതിഷേധമുണ്ടാക്കുമെന്നതു കൊണ്ടാണ് ഇത്.

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇതു പൂർത്തിയാക്കുന്നതിനു പുതിയ വിജ്ഞാപനമിറക്കാൻ വൈകും. മുഴുവൻ ജില്ലകളിലെയും തൽസ്ഥിതി ലഭിച്ചശേഷം നിയമോപദേശം തേടേണ്ടിവരുമെന്നു റവന്യു വകുപ്പ് വ്യക്തമാക്കി. റവന്യു സെക്രട്ടറി ലാൻഡ് റവന്യു കമ്മിഷണർക്കും ജില്ലാ കലക്ടർമാർക്കും കത്തയച്ചിട്ട് മൂന്നാഴ്ചയായെങ്കിലും എല്ലായിടത്തുനിന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇതിന് കാരണം പദ്ധതിയിൽ നിറയുന്ന ആശയക്കുഴപ്പവും അനിശ്ചിതത്വവുമാണ്.

ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള 6 മാസത്തെ കാലാവധി പൂർത്തിയായ സ്ഥിതിക്ക് ഏജൻസികൾക്കു സമയം നീട്ടി നൽകണമെന്നാണു കെ റെയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇതിനുള്ള വകുപ്പ് 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിൽ ഇല്ല. ഒരു ഏജൻസി 6 മാസത്തിനകം പഠനം പൂർത്തിയാക്കിയില്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കി പുതിയത് ഇറക്കണമെന്നാണ് വ്യവസ്ഥ. പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഇതേ ഏജൻസികളെത്തന്നെ ചുമതലപ്പെടുത്താനാകും. ഇതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അതിൽ പോലും കാലതാമസം വരുന്നു.

പുതിയ വിജ്ഞാപനമിറക്കാനും പഠനം പൂർത്തിയാക്കാനും തന്നെയാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പദ്ധതി കടന്നുപോകുന്ന 9 ജില്ലകളിലെ ഏജൻസികളുടെ കാലാവധി തീർന്നു. മലപ്പുറം, തൃശൂർ ജില്ലകളിലെ സമയം നാളെ തീരും. ഇതോടെ എല്ലാ ജില്ലകളിലും പഠനം മുടങ്ങും. സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും എവിടെയും ഇത് പൂർത്തിയായില്ല.

പഠനം പാതിവഴിയിൽ നിൽക്കുന്നതിനാൽ നിലവിലെ ഏജൻസികളെത്തന്നെ ഏൽപിക്കാതെവയ്യ താനും. ഇങ്ങനെയൊരു ആശയക്കുഴപ്പമുള്ളതിനാൽ നിയമോപദേശം തേടാനാണു റവന്യു വകുപ്പിന്റെ തീരുമാനം. കേന്ദ്രാനുമതി ലഭിക്കാതെ ഇനി മുന്നോട്ടുനീങ്ങുന്നതിൽ അർഥമില്ലെന്നു സർക്കാർ പരോക്ഷമായി സമ്മതിക്കുന്നതിന്റെ സൂചന കൂടിയാണ് ഈ മെല്ലെപ്പോക്ക്. ഏജൻസികൾ ഇതുവരെ നടത്തിയ പഠനത്തിന്റെ തൽസ്ഥിതി അറിയിക്കണമെന്നാവശ്യപ്പെട്ട് റവന്യു സെക്രട്ടറി ലാൻഡ് റവന്യു കമ്മിഷണർക്കു കത്തു നൽകിയിട്ടുണ്ട്. എത്ര വില്ലേജുകളിൽ വിവരശേഖരണം നടത്തി, എത്ര ശതമാനം ജോലി പൂർത്തിയായി എന്നീ വിവരങ്ങളാണു ചോദിച്ചിരിക്കുന്നത്.

ഒരു ഏജൻസിയും വിവരങ്ങൾ കൈമാറിയിട്ടില്ലെങ്കിലും പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചതായാണു കെ-റെയിലിന്റെ അവകാശവാദം. സിൽവർലൈൻ പദ്ധതി കേന്ദ്രാനുമതിയോടെ മാത്രമേ നടപ്പാക്കാൻ സാധിക്കൂ എന്നും സംസ്ഥാനത്തിന് ഒറ്റയ്ക്കു പറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിനു വേണ്ടി സംസാരിക്കുന്നവരെല്ലാം ഈ പദ്ധതി വരാൻ പാടില്ലെന്നു പറയുകയാണ്. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവർ കേന്ദ്ര തീരുമാനം തിരുത്താൻ ആവശ്യപ്പെടണം. നാടിന്റെ വികസനത്തിനുള്ള പദ്ധതിയെ എൽഡിഎഫിന്റെ പദ്ധതിയെന്ന രീതിയിലാണ് ഇവിടെ അവതരിപ്പിക്കുന്നത്. സാമൂഹിക ആഘാത പഠനം നിലച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ കേരളസർക്കാർ മുന്നോട്ടുവെച്ച സിൽവർലൈൻ പദ്ധതി നടപ്പാക്കില്ലെന്നും സംസ്ഥാനത്ത് അതിവേഗ റെയിലിന് ബദൽമാർഗം പരിഗണനയിലാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ബദൽ നിർദ്ദേശം ചർച്ചചെയ്യാൻ മഴക്കാലസമ്മേളനം അവസാനിക്കുംമുമ്പ് കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ യോഗം വിളിക്കാമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതായി കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു.

പദ്ധതി അശാസ്ത്രീയമാണെന്ന് റെയിൽവേമന്ത്രാലയം നേരത്തേത്തന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്രം അനുമതി നൽകില്ല. കേരളം മുന്നോട്ടുവെച്ച പദ്ധതി പ്രായോഗികമല്ലെങ്കിലും അതിന്റെപേരിൽ കേരളത്തിലെ റെയിൽവേ വികസനം തടസ്സപ്പെടില്ലെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി മന്ത്രി മുരളീധരൻ പറഞ്ഞു. വേഗംകൂടിയ റെയിൽപ്പാതയ്ക്കായി ഒട്ടേറെ പഠനങ്ങൾ റെയിൽവേ നടത്തിയിട്ടുണ്ട്. കേരളത്തിന്റെ രണ്ടറ്റത്തെയും ബന്ധിപ്പിച്ച് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലുള്ള ബദൽ റെയിൽപ്പാത സാധ്യമാണെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. മൂന്നാംപാത അടക്കമുള്ള ബദൽ മാർഗങ്ങൾ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകും. കേന്ദ്രം അനുമതി നൽകിയില്ലെങ്കിലും മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോൾ കേന്ദ്രം നിലപാടുമാറ്റണമെന്ന് പറയുന്നതിൽ കാര്യമില്ലെന്നും മുരളീധരൻ അറിയിച്ചിരുന്നു.