തിരുവനന്തപുരം: കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ സംവാദ പരിപാടി പാനലിൽ മാറ്റത്തിനു സാധ്യത. പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റാനാണ് നീക്കം. അലോക് വർമയെയും ആർവിജി മേനോനെയും നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്. സിൽവർ ലൈൻ എതിർക്കുന്നവരിൽ പ്രമുഖനാണ് ജോസഫ് സി മാത്യു. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ കെൽപ്പുള്ള ജോസഫ് സി മാത്യുവിനെ ഒഴിവാക്കാനാണ് ശ്രമം നടക്കുന്നത്.

അന്തിമ പട്ടിക ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. പട്ടികയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ സൗകര്യവും സമയവും നേരത്തെ തേടിയിരുന്നു എന്നത് വസ്തുതയാണ്. ഇതിനിടെ ജോസഫ് സി മാത്യുവിനെയും ബന്ധപ്പെട്ടിരുന്നു. പക്ഷേ, ഇതുവരെ ആരെയും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും കെ റെയിൽ അധികൃതർ പറയുന്നു. ഏപ്രിൽ 28 ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ധരും ചർച്ചയിൽ പങ്കെടുക്കും.

വ്യാഴാഴ്ച നടക്കുന്ന സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലിൽ നിന്നും ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റും. സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതാണ് അദ്ദേഹത്തെ മാറ്റാൻ കാരണം. ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നതും സംവാദത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നതാണ്. ഒഴിവാക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ലെന്ന് ജോസഫ് സി മാത്യു പറഞ്ഞു.

എന്നാൽ പാനലിലെ മാറ്റത്തിൽ രാഷ്ട്രീയ ഇടപെടലുകളില്ലെന്നും രണ്ട് പക്ഷത്തെയും പേരുകൾ ഇന്ന് അന്തിമമായി അറിയിക്കുമെന്നും കെ റെയിൽ വ്യക്തമാക്കി. സിൽവർ ലൈനിൽ പ്രതിഷേധം കനത്തതോടെയാണ് വിദഗ്ധരെ സംസ്ഥാന സർക്കാർ സംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വർമ്മ പദ്ധതിക്കായി പ്രാംരഭ പഠനം നടത്തിയ മുൻ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് അനുമതി നിഷേധിക്കപ്പെട്ട വർമ്മ ഡിപിആറിനെ അതിരൂക്ഷമായി വിമർശിച്ച് ദേശീയതലത്തിൽ തന്നെ പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. അലോക് വർമ്മക്കൊപ്പം ക്ഷണം ലഭിച്ച ആർവിജി മേനോന്റെയും ജോസഫ് സി മാത്യൂവിന്റയും വാദങ്ങൾ ഏറ്റെടുത്താണ് പരിഷത്ത് അടക്കം ഇടതാഭിമുഖ്യമുള്ളവരും പദ്ധതിയിൽ സംശയം ഉന്നയിച്ചിരുന്നത്.

അനുകൂലിക്കുന്ന പാനലിൽ മുൻ റെയിൽവെ എഞ്ചിനീയർ സുബോധ് ജെയിൻ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് രഘുചന്ദ്രൻനായർ എന്നിവരാണ് പദ്ധതിക്കായി വാദിക്കാനെത്തുന്നത്. ശാസ്ത്ര സാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി കെപി സുധീർ മോഡറേറ്ററായുള്ള സംവാദം മാധ്യമങ്ങൾക്ക് തത്സമയം കാണിക്കാം. ചർച്ചയിൽ പങ്കെടുക്കുമെന്ന് അലോക് വർമ്മയും ആർവിജി മേനോനും സമ്മതമറിയിച്ചിട്ടുണ്ട്.

28 നു തിരുവനന്തപുരത്താകും സംവാദം. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും' എന്ന പേരിലാണു സംവാദം. ക്ഷണിക്കപ്പെട്ട 50 പേർക്കും മാധ്യമങ്ങൾക്കും പങ്കെടുക്കാം. ക്ഷണിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും പദ്ധതിയെ അനുകൂലിക്കുന്നവരാകും. കൈയടിക്കാൻ വരെ സിപിഎം അനുഭാവികളെ രംഗത്തിറക്കാനാണ് നീക്കം നടക്കുന്നത്.

മുഖ്യമന്ത്രിയുടെയും മറ്റും സാന്നിധ്യത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം മാത്രമാണ് ഇതുവരെ നടന്നത്. പദ്ധതിയെ എതിർക്കുന്നവരെ ഇത്തരം സദസ്സിലേക്കു ക്ഷണിച്ചില്ലെന്നു വിമർശനമുയർന്നു. സംവാദത്തിനു കെ റെയിൽ അവസരമൊരുക്കുന്നത് ആദ്യമാണ്. കെറെയിലിന്റെ ഭാഗത്തുനിന്ന് ആരും സംവാദത്തിൽ പങ്കെടുക്കില്ല. സംവാദം നിഷ്പക്ഷമാകുന്നതിനുവേണ്ടിയാണു വിട്ടുനിൽക്കുന്നതെന്നാണു വിശദീകരണം. തങ്ങളുടെ നേതാക്കളുമായി ചർച്ചയ്ക്ക് അവസരമൊരുക്കണമെന്ന ആവശ്യം സമരസമിതി ഉന്നയിച്ചിട്ടുണ്ട്.