കണ്ണുർ: കണ്ണൂരിൽ സിൽവർലൈൻ പദ്ധതിക്ക് തുണ ഡിവൈഎഫ്‌ഐക്കാര്ഡ തന്നെ. മന്ത്രി എം.വി ഗോവിന്ദൻ പങ്കെടുത്ത കെ.റെയിൽ കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംഘം ചേർന്ന് നിന്ന ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിച്ചതച്ചു. സിൽവർ ലൈൻ പദ്ധതിയെ എതിർക്കാൻ വരുന്നവരെ നേരിടുമെന്ന് ഡി വൈ എഫ് ഐ പരോക്ഷമായി പറഞ്ഞിരുന്നു. അതാണ് ഇന്ന് സംഭവിച്ചത്.

പരിപാടി നടന്നു കൊണ്ടിരിക്കെ കണ്ണുർ ദിനേശ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ പത്തരയോടെ തുടങ്ങിയ സിൽവർ ലൈൻ വിശദീകരണ യോഗത്തിലേക്കാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ അധ്യക്ഷൻ സുദീപ് ജയിംസ് സംസ്ഥാന ജനറൽ സെക്രട്ടറി വിനീഷ് ചുള്ളിയാൻ, പ്രനിൽ മതുക്കോത്ത്, യഹ് യ, ടി.വി സുജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്.

പരിപാടി റിപ്പോർട്ടു ചെയ്യുന്നതിനിടെ ജയ് ഹിന്ദ് റിപ്പോർട്ടർ ധനിത്ത് ലാൽ, മനേഷ് കൊറ്റാളി എന്നിവർക്കും മർദ്ദനമേറ്റു. ഇവരെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്തു കണ്ണുർ ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്.ഐ പ്രവർത്തകർ മർദ്ദിക്കുന്നതിനിടെയിൽ പൊലിസ് കാഴ്‌ച്ചക്കാരായി നിൽക്കുകയായിരുന്നവെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

കെ- റെയിൽ കോർപറേഷന്റെ പദ്ധതിയായ സിൽവർ ലൈൻനടപ്പാക്കുന്ന കാസർകോട് - തിരുവനന്തപുരം സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുന്നതിനായാണ് കണ്ണൂരിൽ പ്രത്യേക വിശദീകരണ യോഗം നടത്തിയത്. സംസ്ഥാന സർക്കാർ 'ജനസമക്ഷം സിൽവർ ലൈൻ' എന്ന പേരിൽ വ്യാഴാഴ്‌ച്ച രാവിലെ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിശദീകരണ യോഗം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഏത് പദ്ധതിയായാലും അത് നടപ്പാക്കുന്നത് സംബന്ധിച്ച് വിമർശനവും ആക്ഷേപങ്ങളും അനുകൂല വാദവും ഉണ്ടാവും. തലമുറതലമുറയായി ഉപയോഗിച്ച തറവാടും പറമ്പും വിട്ടുകൊടുക്കേണ്ടി വരും എന്ന ആശങ്ക പ്രയാസമുണ്ടാക്കുന്നതാണ് എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. പദ്ധതിയെ കുറിച്ച് എല്ലാം തുറന്നു പറയണം എന്നതാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് സി.പി.ആർ പുറത്തു വിട്ടത്. സർക്കാരിന് ഇതിൽ ഒന്നും ഒളിച്ചുവയ്ക്കാനില്ല. 50 വർഷം കണ്ടുള്ള കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനാവുന്നതാണ് സിൽവർ ലൈൻ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ സംശയങ്ങൾക്ക് കെ-റെയിൽ പ്രതിനിധികൾ മറുപടി നൽകി. പങ്കെടുത്ത മുഴുവൻ പേർക്കും പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്ന ബ്രോഷറും നഷ്ടപരിഹാരം എത്രത്തോളം ലഭിക്കും എന്ന് വ്യക്തമാക്കുന്ന കുറിപ്പും നൽകിയിരുന്നു.

കെ- റയിൽ പ്രൊജക്ട് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ പി ജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പങ്കെടുത്തു. ജില്ലയിൽ നിന്നുള്ള എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.