കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ വിശദീകരണവുമായി സംസ്ഥാന സർക്കാർ. സിൽവർ ലൈൻ പദ്ധതിക്കു ലഭിച്ച തത്വത്തിലുള്ള അനുമതി പ്രകാരം സർക്കാരിനും കെആർഡിസിഎല്ലിനും നിക്ഷേപപൂർവ നടപടികൾ സ്വീകരിക്കാമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാന സർക്കാർ നടപടികളെ ന്യായീകരിച്ചു കൊണ്ടാണ് സർക്കാർ രംഗത്തുവന്നത്.

കേന്ദ്രധനമന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം ഡിപിആർ തയാറാക്കൽ, സർവേ, ഭൂമി ഏറ്റെടുക്കലിനു നഷ്ടപരിഹാരം എന്നിവ നിക്ഷേപപൂർവ നടപടികളിൽ ഉൾപ്പെടുന്നതായും സർക്കാരിനായി റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയ്തിലക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.. നിയമം ലംഘിച്ചു തങ്ങളുടെ ഭൂമിയിൽ കല്ലിടുന്നത് തടയണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി മുരളികൃഷ്ണൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണു സത്യവാങ്മൂലം നൽകിയത്.

ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള തയ്യാറെടുപ്പു നടപടികൾക്കായി സർക്കാർ കഴിഞ്ഞ വർഷം മെയ്‌ 11ന് അനുമതി നൽകിയിരുന്നു. സ്ഥലം സർക്കാർ കൈവശപ്പെടുത്തുകയാണെന്ന ആരോപണം ശരിയല്ല. കല്ലിടുന്നതു നിയമവിരുദ്ധമാണെന്ന പ്രചാരണവും അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന ആരോപണവും തെറ്റാണെന്നും സർക്കാർ വിശദീകരിച്ചു.

റെയിൽ ശൃംഖല വികസനത്തിനു പങ്കാളികളാകാൻ കേന്ദ്രസർക്കാർ 2014 സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നെന്നു സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാർ തിരഞ്ഞെടുക്കുന്ന റെയിൽ പദ്ധതിക്കായി കേന്ദ്രസർക്കാർ പങ്കാളിത്തത്തിൽ സ്‌പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാൻ 2015 ഡിസംബറിലാണു സംസ്ഥാന സർക്കാർ അനുമതി നൽകിയത് സംയുക്ത സംരംഭം രൂപീകരിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ആഗ്രഹം അറിയിച്ചത് ദക്ഷിണ റെയിൽവേയാണെന്നും സർക്കാർ വിശദീകരിക്കുന്നു.

അതേസമയം സിൽവർ ലൈൻ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളും കേന്ദ്രസർക്കാർതേടിയിട്ടുണ്ട്. സാങ്കേതിക വിശദാംശങ്ങൾ നൽകാനാണ് കെആർഡിസിഎല്ലിനു നിർദ്ദേശം നൽകിയരിക്കുന്നത്. അലൈന്മെന്റ് പ്ലാൻ, റെയിൽവേ ഭൂമി, സ്വകാര്യ ഭൂമി, നിലവിലെ റെയിൽവേ ട്രാക്ക് ക്രോസിങ് തുടങ്ങിയ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിപിആർ വിശദമായി പരിശോധിക്കും. ഇതിന് ശേഷം സാമ്പത്തികമായി സാധ്യമായ പദ്ധതിയാണോ എന്നതടക്കം കേന്ദ്ര ധനമന്ത്രാലയവും നീതി ആയോഗും പരിശോധിക്കുമെന്നും കേന്ദ്രം വിശദീകരിച്ചു.