- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശങ്കയായി രണ്ട് പ്രളയങ്ങൾ; വെള്ളപ്പൊക്ക സാധ്യതകൾ അടക്കം വിലയിരുത്തി; സിൽവർലൈൻ പദ്ധതിക്കായി ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി; അടുത്ത മാസം റിപ്പോർട്ട് നൽകും
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിൽ ഉന്നയിച്ച പ്രളയവും ജലമൊഴുക്കുമടക്കമുള്ള ആശങ്കകൾ പഠിക്കുന്നതിനുള്ള ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി. അതേ സമയം മൂന്നുദിവസമായി അനൗദ്യോഗികമായി നിർത്തിവച്ച സിൽവർലൈൻ സർവേ ഇന്നു പുനരാരംഭിക്കും. പ്രാദേശിക സാഹചര്യം നോക്കി കല്ലിടലുമായി മുന്നോട്ടുപോകാൻ ഏജൻസികൾക്കു കെറെയിലിന്റെ നിർദ്ദേശം ലഭിച്ചു. പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ശനിയാഴ്ച പലയിടങ്ങളിലും സർവേ തടസ്സപ്പെട്ടിരുന്നു. ഞായറാഴ്ചയും പണിമുടക്കായതിനാൽ കഴിഞ്ഞ 2 ദിവസങ്ങളിലും സർവേ നടന്നില്ല. എന്നാൽ സർവേ എവിടെയും ഒരു ദിവസം പോലും നിർത്തിവച്ചിട്ടില്ലെന്നാണു കെറെയിലിന്റെ നിലപാട്.
കേരളത്തിന്റെ ഭൂപ്രകൃതി, നീരൊഴുക്ക്, രണ്ടു പ്രളയങ്ങൾ, മഴയുടെ തോത് എന്നിവയെല്ലാം പരിഗണിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതകൾ വിലയിരുത്തണമെന്നും ഡിപിആറിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഹൈഡ്രോളജിക്കൽ പഠനം. മഴ ലഭിക്കുന്ന പ്രദേശം, മഴവെള്ളത്തിന്റെയും പുഴകളുടെയും ഒഴുക്കിന്റെ ദിശ, ഭൂമിയുടെ ചെരിവ് എന്നിവയാണു ഫീൽഡ് സർവേയിൽ പഠനവിധേയമാക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് കൺസൽറ്റൻസിയായ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്‌സ്) നടത്തിയ ഫീൽഡ് സർവേയാണു പൂർത്തീകരിച്ചത്. പഠന വിവരങ്ങൾ ക്രോഡീകരിച്ച് അടുത്ത മാസം അവസാനം കെറെയിലിനു റിപ്പോർട്ട് നൽകും.
സമീപപ്രദേശങ്ങളിലെ ജലാശയങ്ങളുടെ സംഭരണ ശേഷി, ഏറ്റവും ഉയർന്ന തോതിൽ മഴ പെയ്താൽ ജലനിരപ്പ് എത്ര ഉയരാം എന്നിവയാണു കണ്ടെത്തുന്നത്. നിർമ്മാണം ഇതിനനുസൃതമായി ക്രമീകരിക്കാനുള്ള ശുപാർശകൾ റൈറ്റ്‌സ് കെറെയിലിനു നൽകും. ഒക്ടോബറിൽ തുടങ്ങിയ ഫീൽഡ് സർവേ ഡിസംബറിൽ പൂർത്തിയാകേണ്ടതായിരുന്നു. പ്രാദേശിക എതിർപ്പുകൾ മൂലം വൈകുകയായിരുന്നു.
അലൈന്മെന്റ് കടന്നുപോകുന്ന ജലാശയങ്ങളിലെ ആഴം പഠിക്കാനുള്ള ഹൈഡ്രോഗ്രഫിക് സർവേ അന്തിമ ഘട്ടത്തിലാണ്. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും പാലങ്ങളുടെയും വയഡക്ടുകളുടെയും ഉയരം, ഘടന, തൂണുകളുടെ ഫൗണ്ടേഷൻ എന്നിവയുടെ രൂപകൽപന.
സിൽവർലൈൻ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നിയമപരമല്ലെന്ന ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സർവേ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ ഒരുങ്ങുന്നത്. അതേ സമയം ജനകീയ പ്രതിഷേധം തുടരാനാണ് സാധ്യത.
സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് ഇടുന്ന കല്ലുകൾ പിന്നീട് മാറ്റുമോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കല്ലിടുന്ന ഭൂമിയുടെ ഈടിന്മേൽ വായ്പ കിട്ടുമോ?, കല്ലിട്ട ഭൂമിയുടെ ഈടിന്മേൽ വായ്പ നൽകാമെന്നുകാണിച്ച് സഹകരണ രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിക്കുമോ? എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഭൂമി വിൽക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ എന്നും കോടതി ആരാഞ്ഞു. വലിയ കല്ലുകൾ ഇട്ട് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതെന്തിനെന്നും ഇക്കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
സർവേ തുടരാൻ സുപ്രീംകോടതി ഉത്തരവിട്ടതായി അറിയിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി ഇത്തരം കാര്യങ്ങളിൽ വ്യക്തത തേടിയത്. സാമൂഹികാഘാതപഠനത്തിനായി കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് ചോദ്യംചെയ്ത് ഫയൽ ചെയ്ത ഒരുകൂട്ടം ഹർജികളാണ് കോടതിയുടെ പരിഗണനിയിലുള്ളത്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ ഹർജികളിലെ തുടർനടപടികൾ അവസാനിപ്പിക്കുമെന്നു വ്യക്തമാക്കിയ സിംഗിൾെബഞ്ച് ഹർജികൾ ഏപ്രിൽ ആറിന് പരിഗണിക്കാൻ മാറ്റി. കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് അന്ന് സർക്കാരിന് വ്യക്തതവരുത്താം. എന്നാൽ, ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾക്കപ്പുറം കോടതി പ്രസ്താവനകൾ നടത്തുകയാണെന്ന് സ്പെഷ്യൽ ഗവ. പ്ലീഡർ ടി.ബി. ഹൂദ് വാദിച്ചു.
സാമൂഹികാഘാതപഠനത്തിനാണ് സർവേ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികൾക്ക് അതിന്റേതായ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. എന്തിനാണ് ഇത്രവലിയ കല്ലിടുന്നത് എന്നതിൽ എല്ലാവർക്കും സംശയമുണ്ട്. പദ്ധതിക്ക് കേന്ദ്രസർക്കാർ ഇതുവരെ അന്തിമാനുമതി നൽകിയിട്ടില്ല.
ജനങ്ങളെ പേടിപ്പിച്ച് എന്തിനാണ് സർവേ നടത്തുന്നതെന്നു ചോദിക്കുമ്പോൾ കോടതി പദ്ധതിക്കെതിരാണെന്നു ധരിക്കുന്നത് എന്തിനാണ്. ഏതെങ്കിലും പദ്ധതി കോടതി തടഞ്ഞിട്ടുണ്ടോ? ഹർജിക്കാരുടെ ഭൂമിയിലെ സർവേ മാത്രമാണു തടഞ്ഞത്. അത് തെറ്റാണെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അത് അംഗീകരിക്കുന്നെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
സിൽവർലൈൻ പദ്ധതിക്കായി കെറെയിൽ എന്നെഴുതിയ കല്ല് ഇടുന്നതിന് അനുമതി ഉണ്ടോ എന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മുൻകൂട്ടി അനുമതി ഇല്ലാതെ ജനങ്ങളുടെ വീടുകളിൽ കയറുന്നതു നിയമപരമല്ലെന്നും ഇന്നലെ കേസ് പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാചന്ദ്രൻ വ്യക്തമാക്കി. കെറെയിലിനെതിരായ ഹർജികൾ പരിഗണിക്കുന്നതു ഹൈക്കോടതി ഏപ്രിൽ 6 ലേക്കു മാറ്റിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ