- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടംവാങ്ങി കൂട്ടുന്ന കേരളം ശ്രീലങ്ക ആകാതിരിക്കാൻ കേന്ദ്രത്തിന്റെ കരുതൽ! സിൽവർലൈൻ പദ്ധതിക്ക് അന്തിമ അനുമതി നൽകാത്തത് വൻ സാമ്പത്തിക ബാധ്യതകൾ പരിഗണിച്ച്; സാമൂഹിക, പാരിസ്ഥിതിക, എൻജിനീയറിങ് വശങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി; കേന്ദ്രം എതിർക്കുമ്പോഴും സാമൂഹ്യ ആഘാത പഠന വിജ്ഞാപനം പുതുക്കി ഇറക്കും
ന്യൂഡൽഹി: ലൈസൻസില്ലാതെ കടംവാങ്ങി മുന്നോട്ടു പോകുകയാണ് എൽഡിഎഫ് സർക്കാർ. നിത്യചെലവ് മുന്നോട്ടു കൊണ്ടുപോകാൻ വഴിയില്ലാത്ത അവസ്ഥയിലാണ് സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകാൻ ഈ സർക്കാർ തീരുമാനിച്ചത്. കേന്ദ്രസർക്കാറിൽ നിന്നും വേണ്ടത്ര അനുമതി ഇല്ലാതിരുന്നിട്ടുമായിരുന്നു ഈ നീക്കം. എന്നിട്ടും ഇന്ദ്രനെയും ചന്ദ്രനെയും വഴങ്ങാതെ പിണറായി മുന്നോട്ടു പോയി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയോടയാണ് ഇക്കാര്യത്തിൽ വീണ്ടു വിചാരം ഉണ്ടായത്. എന്തായാലും കടംവാങ്ങികൂട്ടി ശ്രീലങ്കയുടെ അവസ്ഥയിലേക്ക് കേരളം പോകില്ലെന്ന് ഉറപ്പിക്കുകയാണ് കേന്ദ്രസർക്കാർ.
സിൽവർ ലൈൻ പദ്ധതി കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അതുകൊണ്ടു തന്നെയാണ് പദ്ധതിക്ക് അന്തിമ അനുമതി നൽകാത്തത് എന്ന സൂചനകയാണ് കേന്ദ്രമന്ത്രി നൽകുന്നതും. വിവിധ വശങ്ങൾ വിശദമായി പഠിച്ച ശേഷം മാത്രമേ സിൽവർ ലൈൻ സംബന്ധിച്ച് തീരുമാനം എടുക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈൻ സങ്കീർണമായ പദ്ധതിയാണ്. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക, എൻജിനീയറിങ് വശങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികൾ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. അതുകൊണ്ട് വിവിധ വശങ്ങൾ വിശദമായി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. അങ്ങനെ ഗൃഹപാഠം ചെയ്ത ശേഷം ജനങ്ങൾക്കു മുന്നിൽ വിഷയം അവതരിപ്പിക്കുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.
സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് നേരത്തെ കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് ഇതുവരെ അനുമതി നൽകാത്ത സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു. സർവേ ചോദ്യം ചെയ്ത് ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിശദീകരണം നൽകിയത്.
അതിനിടെ സിൽവർ ലൈൻ സാമൂഹ്യ ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കി ഇറക്കാനാണ് സംസ്ഥാന സർക്കാറിന്റെ നീക്കം. കാലാവധി തീർന്ന 9 ജില്ലകളിൽ പുതിയ വിജ്ഞാപനം ഈ ആഴ്‌ച്ച ഇറക്കും. നിലവിൽ പഠനം നടത്തിയ ഏജൻസികൾക്ക് ഒപ്പം പുതിയ ഏജൻസികളെയും പരിഗണിക്കും. വീണ്ടും ആറു മാസം കാലാവധി നൽകിയാകും വിജ്ഞാപനം. കേന്ദ്രസർക്കാരിന്റെ എതിർപ്പിനിടെയാണ് സംസ്ഥാനം ചെയ്യാനുള്ള സാങ്കേതിക നടപടികൾ തുടരാൻ കേരളം തീരുമാനിച്ചിരിക്കുന്നത്.
വിഞാപനം പുതുക്കുന്നത് കരുതലോടെ മതി എന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു. നിയമ വകുപ്പുമായി ആലോചിച്ചു തീരുമാനം എടുക്കാനാണ് റവന്യു വകുപ്പ് നീക്കം. 9 ജില്ലകളിലെ സർവേക്കുള്ള കാലാവധി തീർന്നു. തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ കാലാവധി ജൂലൈ 30 നാണ് തീരുന്നത്. ഒരു ജില്ലയിലും നൂറു ശതമാനം സർവേ തീർന്നിട്ടില്ല. നിലവിലെ വിജ്ഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ട്. കേന്ദ്രം ഉടക്കി നിൽക്കുമ്പോൾ ഇനി വിഞാപനം പുതുക്കിയിട്ട് കാര്യം ഉണ്ടോ എന്നും സംശയം ഉണ്ട്. അനുമതിയിൽ അനിശ്ചിതത്വം നിലനിൽക്കേ കേന്ദ്രത്തെ പഴിച്ചു വിവാദത്തെ നേരിടാനാണ് സർക്കാർ ശ്രമം.
അതിനിടെ, ബിജെപി കെ റെയിലിന് ബദൽ സാധ്യതകൾ തേടിയിട്ടുണ്ട്. ബദൽ ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽവെ മന്ത്രിയുമായി കേരളത്തിലെ ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബദൽ ചർച്ച ചെയ്യാൻ കേരളത്തിലെ എംപിമാരെ വിളിക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. നേമം ടെർമിനൽ ഉപേക്ഷിക്കില്ലെന്ന് റെയിൽവെ മന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായും നേതാക്കൾ പറഞ്ഞു.
അതിവേഗം സഞ്ചരിക്കാനാകുന്ന റെയിൽ പാതയോട് യോജിപ്പുണ്ടെങ്കിലും നിരവധിപ്പേരെ കുടിയിറക്കുന്നതും ആശാസ്ത്രീയമായതുമാണ് സിൽവർലൈനിനോടുള്ള എതിർപ്പിന് കാരണമെന്നാണ് ബിജെപി നിലപാട്. ഈ സാഹചര്യത്തിലാണ് ബദൽ പദ്ധതിയുണ്ടാകണമെന്ന് ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് മുൻപിൽ കേരള നേതൃത്വം അവതരിപ്പിച്ചത്. ഈ പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതിന് മുൻപ് ബദൽ പദ്ദതിയെ കുറിച്ച് ബിജെപി അംഗങ്ങൾ ഉൾപ്പെടെയുള്ള പാർലമെന്റ് അംഗങ്ങളെ കുടി ഉൾപ്പെടുത്തി ചർച്ച നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ മോദി സർക്കാർ തയ്യാറല്ലെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബിജെപി നേതാക്കൾ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ , പി കെ കൃഷ്ണദാസ് ഉൾപ്പടെയുള്ള സംഘമാണ് മന്ത്രിയെ കണ്ടത്.
മറുനാടന് ഡെസ്ക്