തിരുവനന്തപുരം: കെ-റെയിൽ കല്ലിടലിനെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ചയും വ്യാപകമായ പ്രതിഷേധം. കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയത്. വിവിധയിടങ്ങളിൽ കോൺഗ്രസിന്റെയും ബിജെപി.യുടെയും നേതൃത്വത്തിൽ സർവേ കല്ലുകൾ പിഴുതെറിയുകയും ചെയ്തു.

കോഴിക്കോട് ജില്ലയിലെ അരീക്കാട് പ്രതിഷേധക്കാർ സർവേ കല്ലുകൾ പിഴുതെറിഞ്ഞു. ബിജെപി. പ്രവർത്തകരുടെ നേതൃത്വത്തിലാണ് കല്ലുകൾ പിഴുതെറിഞ്ഞത്. വീട്ടിൽ അതിക്രമിച്ച് കയറി സ്ഥാപിച്ചിട്ടുള്ള പിണറായി വിജയന്റെ മഞ്ഞക്കുറ്റികളെല്ലാം പിഴുതെറിയുമെന്ന് സമരത്തിന് നേതൃത്വം നൽകിയ ബിജെപി. നേതാവ് അഡ്വ. പ്രകാശ് ബാബു പ്രതികരിച്ചു. കല്ലുകൾ പിഴുതെറിഞ്ഞുള്ള സമരത്തിന് കോഴിക്കോട്ട് തുടക്കം കുറിച്ചിരിക്കുകയാണെന്നും കേരളത്തിലെ എല്ലായിടത്തും സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഇടിയങ്ങരയിലും നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നുണ്ട്.

എറണാകുളത്ത് ചോറ്റാനിക്കരയിൽ കെ റെയിൽ കല്ലിടലിനെതിരേ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. സർവേ കല്ലുകൾ സ്ഥാപിച്ചാൽ പിഴുതെറിയുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെയും നാട്ടുകാരുടെയും മുന്നറിയിപ്പ്. കഴിഞ്ഞദിവസവും ഇവിടെ സർവേ കല്ല് സ്ഥാപിക്കാൻ അധികൃതർ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് മടങ്ങിപ്പോവുകയായിരുന്നു.

കോട്ടയം ജില്ലയിൽ കല്ലിടാനുള്ള ശ്രമം ഇന്നും തടഞ്ഞ് സമരസമിതി. സംക്രാന്തി കുഴിയാലിപ്പടിയിൽ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തടസ്സവുമായി സമര സമിതിയും യുഡിഎഫ് നേതാക്കളുമെത്തി.സ്ഥലത്ത് അറുപതോളം പേരടങ്ങുന്ന പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. കല്ലിടാൻ അനുവദിക്കില്ലെന്ന് സമര സമിതി പറഞ്ഞു. പ്രതിഷേധ സമരത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നേതൃത്വം നൽകുന്നു.

വ്യാഴാഴ്ച, കോട്ടയം ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയിലും സിൽവർ ലൈനെതിരെ പ്രതിഷേധം നടന്നിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കേസെടുത്തു. പ്രതിഷേധത്തിനിടയിൽ പൊലീസിനു നേർക്ക് മണ്ണെണ്ണ ഒഴിച്ച സംഭവത്തിലാണ് റോസ്‌ലിൻ ഫിലിപ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

മലപ്പുറം തിരുന്നാവായയിലും കല്ലിടലിനെതിരേ ജനങ്ങൾ തെരുവിലിറങ്ങി. നൂറുകണക്കിന് പേരാണ് തിരുന്നാവായയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശക്തമായ പ്രതിഷേധമുണ്ടായതോടെ തിരുന്നാവായയിലെ കല്ലിടൽ തത്കാലത്തേക്ക് മാറ്റിവെച്ചു.കൊല്ലം കളക്ടറേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരം അക്രമാസക്തമായി. സമരത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ പ്രതീകാത്മകമായി കല്ലിടാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. സമരത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കളക്ടറേറ്റിന് കനത്ത ബന്തവസ്സ് ഏർപ്പെടുത്തിയിരുന്നു. ഏതാനും പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റിൽ കയറിയപ്പോൾ, പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.

അതേസമയം, കെ റെയിൽ പ്രതിഷേധങ്ങളിൽ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി. നിർദ്ദേശം നൽകി. പ്രതിഷേധക്കാരെ സംയമനത്തോടെ നേരിടണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് പ്രതിഷേധക്കാരെ ബോധവത്കരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.അതിനിടയിൽ മടപ്പള്ളിയിലെ കെ റെയിൽ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്. പൊലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ, കെ റെയിൽ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സർവേ കല്ലുകൾ പിഴുതെറിഞ്ഞ് ജയിലിൽ പോകുമെന്നും സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നും യുഡിഎഫ് നേതാക്കൾ ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി ഇല്ലാതാകില്ലെന്നായിരുന്നു സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇത് ഇടതുപക്ഷത്തിനെതിരേയുള്ള രാഷ്ട്രീയ സമരമാണെന്നും ഭൂമി നഷ്ടപ്പെടുന്നവരല്ല സമരത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.