- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ- റെയിലിന് ഒരുകാരണവശാലും കേന്ദ്രം അനുമതി നൽകില്ലെന്നറിഞ്ഞിട്ടും കമ്മീഷൻ തട്ടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും പാർട്ടിയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി മുരളീധരൻ; മന്ത്രി ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നുവെന്ന് സിപിഎം; റിയാസിനും ശിവൻകുട്ടിക്കും മറുപടിയുമായി സുരേന്ദ്രനും; സിൽവർലൈനിൽ ബിജെപിയും സിപിഎമ്മും നേർക്കു നേർ
തിരുവനന്തപുരം: സിൽവർ ലൈനിൽ സിപിഎം-ബിജെപി പോര് വീണ്ടും രൂക്ഷം. കേന്ദ്രമന്ത്രി വി മുരളീധരനെ ലക്ഷ്യമിട്ടാണ് സിപിഎം നീക്കം. മുരളീധരന്റെ ഇടപെടൽ ഫെഡറൽ തത്വത്തിന്റെ ലംഘനമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. അതിനിടെ സിൽവർലൈന് കേന്ദ്രം അനുമതി നൽകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വീണ്ടും തുറന്നടിച്ചു. ഇതോടെ പോര് പുതിയ തലത്തിലെത്തുകയാണ്.
കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അനുമതി നേടിയ ശേഷമാണ് സിൽവർലൈനിൽ സർവ്വേ തുടങ്ങിയത്. കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയെ കേന്ദ്രമന്ത്രി എതിർക്കുന്നു. കേന്ദ്രമന്ത്രിയുടെ പ്രചരണം വിരോധാഭാസമാണ്. സാമൂഹിക ആഘാത പഠനത്തിന് സുപ്രീംകോടതിയുടെ അനുമതിയുമുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രിയുടെ നിലപാട് വിരോധാഭാസമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. നാടിന്റെ വികസനത്തിന് സഹായകകരമായ നിലപാട് കേന്ദ്രമന്ത്രി സ്വീകരിക്കണം. അതിനോട് പുറം തിരിഞ്ഞു നിൽക്കുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. നേരത്തെ മന്ത്രിമാരായ മുഹമ്മദ് റിയാസും ശിവൻകുട്ടിയും മുരളീധരനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനെതിരെ അതിശക്തമായ ഭാഷയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മറുപടിയും നൽകി.
അതിനിടെ കെ- റെയിലിന് ഒരുകാരണവശാലും കേന്ദ്രം അനുമതി നൽകില്ലെന്നറിഞ്ഞിട്ടും കമ്മീഷൻ തട്ടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ വീണ്ടും ആവർത്തിച്ചു. ജനങ്ങളുടെ പ്രതിഷേധം ഉയരുന്നത് കണക്കിലെടുത്ത് സാമൂഹ്യ ആഘാത പഠനം നടത്താൻ സാധിക്കില്ലെന്നാണ് ഏജൻസി പറയുന്നത്. എന്നാൽ എന്തുവന്നാലും പദ്ധതി നടപ്പിലാക്കുമെന്നാണ് സർക്കാർ പറയുന്നത്. ഈ സാഹചര്യത്തിൽ ജനതാത്പര്യം മുൻനിർത്തിയല്ല സർക്കാർ പദ്ധതി കൊണ്ടുവരുന്നതെന്ന് വിലയിരുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ ആഘാത പഠനം നടത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടെങ്കിൽ പദ്ധതി നിർത്തിവെക്കുകയാണ് ചെയ്യേണ്ടത്. പദ്ധതിക്ക് കേന്ദ്രം ഒരിക്കലും അനുമതി നൽകില്ല. അക്കാര്യത്തിൽ ഒരുസംശയവുമില്ല. നടപ്പാകില്ലെന്ന് അറിയാമെങ്കിലും കമ്മീഷൻ വാങ്ങിപ്പോയതുകൊണ്ട് മാത്രമാണ് എന്തെങ്കിലും ചെയ്യുന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പെട്രോൾ ഡീസൽ വിലവർധന അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കിയാണെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വലിയതോതിൽ വിലവർധന ഉണ്ടായിട്ടുണ്ട്. അതിനെ തുടർന്ന് എല്ലാ രാജ്യങ്ങളിലും വിലവർധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അത്ര വലിയ വിലവർധനവുണ്ടായിട്ടില്ല. വിലവർധനവിൽ ജനങ്ങൾക്ക് ആശ്വാസം വരുത്താനായാണ് കേന്ദ്രം തീരുവ കുറച്ചത്. അതിന് ആനുപാതികമായ കുറവ് മാത്രമേ സംസ്ഥാനത്തും ഉണ്ടായുള്ളു. എന്തുകൊണ്ടാണ് കേരളവും നികുതി കുറയ്ക്കാൻ തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സർക്കാരിന്റെ വാഹനം ഉപയോഗിച്ച് സമരത്തിന് പോകുന്നുവെന്ന മന്ത്രി ശിവൻകുട്ടിയുടെ വിമർശനത്തിനും മുരളീധരൻ മറുപടി നൽകി. പാർട്ടി പരിപാടിക്ക് ഹെലികോപ്റ്ററിൽ പോയവരാണ് തനിക്കെതിരെ വിമർശനവുമായി വരുന്നത്. മലർന്നുകിടന്ന് തുപ്പരുത്. ഞാൻ പോയത് സമരം ചെയ്യാനല്ല. സിൽവർലൈനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക കേൾക്കാനും അറിയാനുമാണ് പോയത്. അല്ലാതെ സമരം ചെയ്യുകയോ മുദ്രാവാക്യം വിളിക്കുകയോ ഒന്നും ഞാൻ ചെയ്തിട്ടില്ല- മന്ത്രി പറഞ്ഞു. കുതിരാൻ തുരങ്കത്തിന്റെ കാര്യത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനത്തിനും മുരളീധരൻ മറുപടി നൽകി. കുതിരാൻ തുരങ്കം മരുമകന്റെ സംഭാവനയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിനെതിരെയാണ് ഞാൻ പ്രവർത്തിച്ചത്. മരുമകന് വേണ്ടി ഉദ്ഘാടനം വൈകിപ്പിക്കാനുള്ള ശ്രമമുണ്ടായപ്പോളാണ് ഇടപെട്ടത്. മരുമോന്മാരുടെ പ്രവർത്തനം സംസ്ഥാനത്താണെങ്കിലു കേന്ദ്രത്തിലാണെങ്കിലും ജനങ്ങൾക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ നിയമസഭ തല്ലിതകർത്ത മന്ത്രി വി.ശിവൻകുട്ടി കേന്ദ്രമന്ത്രി മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി അധ്യക്ഷൻ സുരേന്ദ്രനും പ്രതികരിച്ചു. പൊതുമുതൽ നശിപ്പിച്ച കേസിൽ നിന്നും തടിയൂരാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവൻകുട്ടിക്ക് മുരളീധരനെ അപമാനിക്കാൻ എന്ത് യോഗ്യതയാണുള്ളത്. വികസനം എന്നാൽ പിണറായി വിജയനും ശിവൻകുട്ടിക്കും കീശ വീർപ്പിക്കാനുള്ള ഉപാധിയല്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടതുസർക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കുന്നതാണ് വി.മുരളീധരനെതിരെയുള്ള അസഹിഷ്ണുതയ്ക്ക് കാരണം. വി.ശിവൻകുട്ടിയുടെ എനീഷ്യലിലെ വി വാചകമടിയെന്നാണ്. വാചക കസർത്തും ഗുണ്ടായിസവുമാണ് അദ്ദേഹത്തിന്റെ കൈമുതൽ-സുരേന്ദ്രൻ പറഞ്ഞു.
ഉ്രൈകയിനിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് വി.മുരളീധരനായിരുന്നു. കോവിഡ് കാലത്ത് വന്ദേഭാരത് മിഷനിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ സുരക്ഷിതരായി തിരിച്ചെത്തിച്ചതും വിദേശകാര്യ സഹമന്ത്രിയായിരുന്നു. ഇത്തരം അവസരങ്ങളിലെല്ലാം അനങ്ങാതിരുന്ന കേരള സർക്കാരിലെ മന്ത്രിമാർ വി.മുരളീധരനെതിരെ പറഞ്ഞാൽ ജനം അംഗീകരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മുരളീധരനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന ചുവടെ
സിൽവർലൈനിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ നടത്തുന്ന ഇടപെടലുകൾ ഫെഡറൽ തത്വത്തിന്റെ ലംഘനം കൂടിയാണ്. കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അനുമതി നേടിയതിനുശേഷമാണ് സിൽവർലൈനിന്റെ സർവ്വേ നടപടി ആരംഭിച്ചത്. കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ ഒരു പ്രോജക്ടിനെതിരെ കേന്ദ്രമന്ത്രി തന്നെ പ്രചരണം നടത്തുന്ന വിരോധാഭാസത്തിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷ്യംവഹിച്ചത്. സിൽവർലൈനിന്റെ സാമൂഹ്യആഘാത പഠനത്തിന് സുപ്രീംകോടതിയും അനുമതി നൽകിയിട്ടുണ്ട്. സുപ്രീംകോടതി അനുമതി നൽകിയ ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി രംഗത്തിറങ്ങുന്ന വിരോധാഭാസമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
നാടിന്റെ വികസനത്തിന് സഹായകരമായ നിലപാട് സ്വീകരിക്കേണ്ട കേന്ദ മന്ത്രിമാർ അതിനെതിരെ പുറംതിരിഞ്ഞ് നിൽക്കുന്ന അസാധാരണ അനുഭവത്തിനാണ് നാട് സാക്ഷ്യംവഹിച്ചിരിക്കുന്നത്. വികസനത്തിന് താൽപ്പര്യമുള്ള കേരളത്തിലെ ജനത ഇത്തരം സങ്കുചിത രാഷ്ട്രീയ നാടകങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെ ടുത്തുമെന്നതിന്റെ തെളിവുകൂടിയാണ് മുരളീധരനെതിരായി ഉയർന്നുവന്ന പ്രതിഷേധം.
കേരളത്തിന്റെ വികസനത്തിന് ഏറെ പ്രധാനമായിട്ടുള്ളതാണ് പശ്ചാത്തലസൗകര്യവികസനം. ഇതിന്റെ ഭാഗമായി തുടങ്ങുന്ന സിൽവർലൈനെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന എതിർപ്രചരണങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തിനോട് പുറം തിരിഞ്ഞുനിൽക്കുന്നതിന്റെ ലക്ഷണം കൂടിയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരാഭാസം നടത്തി ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കാനാവുമോയെന്ന പരിശ്രമവും ഇതിന്റെ ഭാഗമായി നടന്നുവരികയാണ്.
കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി ഇന്ധനവില വൻതോതിൽ കുതിക്കുകയാണ്. ഇപ്പോൾ മണ്ണണ്ണയ്ക്ക് 22 രൂപ വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം ജനകീയ പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ കേരളത്തിന്റെ വികസനത്ത അട്ടിമറിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് കേന്ദ്രമന്ത്രി മുരളീധരന്റെ ഇടപെടലെന്നും തിരിച്ചറിയണം.
മറുനാടന് മലയാളി ബ്യൂറോ